Friday, November 23, 2018

മലയാളിയുടെ നവോത്ഥാന വര്‍ത്തമാനങ്ങള്‍


ശബ്ദതാരാവലിയിലും വിക്കിപീഡിയായിലും കടന്നുകൂടാത്ത നവോത്ഥാനമാണ് ഇന്ന്‍ മലയാളിയുടെ സര്‍വ്വാംഗ രോമഹര്‍ഷമായി നിലകൊള്ളുന്നതെന്നറിയുമ്പോള്‍ നാം തെല്ലൊന്ന് ഞെട്ടണ്ടേ? സത്യം അതാണ്‌. നവോത്ഥാനം എന്ന വാക്ക് ശ്രീകണ്ഠേശ്വരം ശബ്ദതാരാവലിയില്‍ ഇല്ല. വിക്കിപീഡിയയിലും ഇല്ല. വാ തോരാതെ നവോത്ഥാന ഗീര്‍വാണം വിക്ഷേപിക്കുന്ന ഇടതുബുദ്ധിജീവികള്‍ ആരെങ്കിലും ഈ വാക്കിനെ ശബ്ദതാരാവലിയിലും വിക്കിപീഡിയയിലും ഉള്‍പ്പെടുത്തിയെങ്കില്‍ എന്നത് മലയാളിയുടെ ന്യായമായ സംശയം.

മലയാളികളെ മുഴുവന്‍ ഹാങ്ങ് ഓവറില്‍ എത്തിച്ച നവോത്ഥാനം ശ്രീകണ്ഠേശ്വരം ശബ്ദതാരാവലിയിലും വിക്കിപീഡിയയിലും നാളിതുവരെ കടന്നുകൂടിയിട്ടില്ല.

നവോത്ഥാനം എന്തെന്നന്വേഷിച്ചുകൊണ്ട്‌ ആരെങ്കിലും  ശബ്ദതാരാവലിയില്‍ പോയാല്‍ അവിടെ അങ്ങനെയൊരു വാക്ക് കാണാനാവില്ല. അറിവിന്റെ അങ്ങേയറ്റമെന്ന് നാം വിശേഷിപ്പിക്കുന്ന ഇന്റര്‍നെറ്റിലും വിക്കിപീഡിയയിലും നവോത്ഥാനം ഒരൊറ്റ പേജില്‍ തിട്ടമില്ലാതെ ഒതുങ്ങിക്കൂടുകയാണ്. നവോത്ഥാന നായകനായ ശ്രീനാരായണഗുരുവും അവിടെ ഒരൊറ്റ വരിയില്‍ തന്നെ വിശ്രമിക്കുന്നു.
ശബ്ദതാരാവലിയിലും വിക്കിപീഡിയായിലും കടന്നുകൂടാത്ത നവോത്ഥാനമാണ് ഇന്ന്‍ മലയാളിയുടെ സര്‍വ്വാംഗ രോമഹര്‍ഷമായി നിലകൊള്ളുന്നതെന്നറിയുമ്പോള്‍ നാം തെല്ലൊന്ന് അത്ഭുതപ്പെട്ടെ മതിയാവൂ. വാ തോരാതെ നവോത്ഥാന ഗീര്‍വാണം വിക്ഷേപിക്കുന്ന ഇടതുബുദ്ധിജീവികള്‍ ആരെങ്കിലും ഈ വാക്കിനെ ശബ്ദതാരാവലിയിലും വിക്കിപീഡിയയിലും ഉള്‍പ്പെടുത്തിയെങ്കില്‍ എന്നത് മലയാളിയുടെ ന്യായമായ സംശയം മാത്രമാണ്.

ഉത്ഥാനം എന്നാല്‍ അര്‍ത്ഥം ഉണര്‍ച്ചയെങ്കില്‍ നവോത്ഥാനം പുത്തന്‍ ഉണര്‍ച്ചയെന്ന്‍ നമുക്ക് വ്യാഖ്യാനിക്കാം. ലോകം ഉണ്ടായ അന്നുമുതല്‍ തന്നെ ഉണര്‍ന്നുകൊണ്ടിരിക്കുകയാണ് നമ്മള്‍. നമ്മള്‍ എന്നും ഉണര്‍ന്നുകൊണ്ടിരിക്കുന്നുവെന്നത് ഒരു സാമൂഹ്യ പരിണാമം മാത്രമാണ്. പുത്തന്‍ ഉണര്‍ച്ചയെന്നതില്‍ അര്‍ത്ഥ യുക്തി ഇല്ലെന്നതുകൊണ്ടാവാം നിഘണ്ടുവില്‍ നവോത്ഥാനം കടന്നുകൂടാതിരുന്നത്. നവീനം നവം  എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഈയടുത്തകാലത്തെ നവ സമൂഹത്തിന്‍റെ കണ്ടുപിടുത്തമാണെന്നുവേണം കരുതാന്‍. ഒരു അലങ്കാര ഭാഷ്യത്തിന്നപ്പുപ്പുറം നവോത്ഥാനം നിലനില്‍ക്കുന്നില്ലെന്നുതന്നെയാണ് ഈ വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നത്.

നമ്മുടെ ഓരോ ഉണര്‍ത്തെഴുന്നേല്‍പ്പിലും നാം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നിന്‍റെ ആചാരം നാളത്തെ അനാചാരമാവുന്നു. നാളത്തെ അനാചാരം വീണ്ടും ഇന്നിന്റെ ആചാരമാവുന്നുണ്ട്. ചുരുക്കത്തില്‍ നമ്മുടെ ആചാരങ്ങളും അനാചാരങ്ങളും മാറിയും മറിഞ്ഞും നമ്മുടെ സമൂഹത്തില്‍ വന്നും പോയും കൊണ്ടിരിക്കുന്നു. ഇത്തരം മാറ്റിമറിക്കലുകള്‍ക്ക് പ്രത്യേകിച്ചൊരു നവോത്ഥാന നായകരുടെ സഹായം വേണമെന്നില്ല. എന്നുപറയുമ്പോഴും അത്തരം സഹായങ്ങളെ നിരാകരിക്കണമെന്നില്ല. ഇഷ്ടമുള്ളവര്‍ സഹായങ്ങളെ സ്വീകരിക്കുകയും അവ പകര്‍ക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യട്ടെ. അങ്ങനെയാണ് മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉറങ്ങിക്കിടക്കുന്ന പുതുമയില്‍ നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളെയാണ് ചിലര്‍ നവോത്ഥാനം എന്ന് വിളിക്കുന്നത്‌.

ആചാരങ്ങളായാലും വിശ്വാസങ്ങളായാലും അവക്ക് രൂപാന്തരീകരണം സംഭവിച്ചുകൊണ്ടിരിക്കും. പരസഹായം കൊണ്ടും അല്ലാതെയും ഇത്തരം രൂപാന്തരീകരണം സംഭവിക്കാം. ഇതിനെ നവോത്ഥാനം എന്നുവിളിക്കുന്നതില്‍ യുക്തിയില്ല. കാരണം ഈ രൂപാന്തരീകരണം എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വികാസ പ്രക്രിയയാണ്. അതെന്നും പുതുതാണ്. അതേസമയം പഴയതുമാണ്. അതുകൊണ്ടുതന്നെ നവോത്ഥാനം എന്ന ഭാഷ്യം ഒരു അലങ്കാരത്തിന്‌ ശരിവക്കാമെങ്കിലും യുക്തിഭദ്രമായി ശരിയല്ല.

കേരളം ഉണ്ടായ അന്നുമുതല്‍ ശബരിമലയില്‍ നിലനിന്നുപോന്ന ഒരു ആചാരമാണ് ഇപ്പോള്‍ കോടതി അനാചാരമായി നിയമ വ്യവസ്ഥ ചെയ്തത്. ഇത് നിയമപരമായും യുക്തിപരമായും ശരിതന്നെ. അതുകൊണ്ടുതന്നെ ജനാധിപത്യപരമായി സ്വീകരിക്കപ്പെടുകയും വേണം. എന്നാല്‍ എത്രയോ ഭരണകൂടങ്ങള്‍ മാറിമറിഞ്ഞിട്ടും ആരുംതന്നെ ഇപ്പോള്‍ മാത്രം കോടതി തിരുത്തിയ ആചാരത്തെ തിരുത്താന്‍ ഒരു ഭരണകൂടവും ശ്രമിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. മണ്‍ മറഞ്ഞുപോയ ഒരു എഴുത്തുകാരനൊ ചിന്തകനൊ ഈ ആചാരത്തെ തിരുത്താന്‍ ശ്രമിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ആധുനിക കേരളം കേട്ട സാഗര ഗര്‍ജ്ജനങ്ങളായ സുകുമാര്‍ അഴീക്കോടും എം.എന്‍. വിജയനും ഇപ്പോള്‍ കോടതി തിരുത്തിയ ആചാരത്തെ തിരുത്താന്‍ തയ്യാറല്ലായിരുന്നു എന്നതും എടുത്തുപറയതക്കതാണ്.

ഈ പരിസരത്തുനിന്ന് ചിന്തിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. കോടതി വിധിയുടെ വഴിയല്ല ഇപ്പോള്‍ കടന്നുവരുന്ന നവോത്ഥാനത്തിന്‍റെ വഴി. ഇവിടെ നവോത്ഥാനം വരുന്നത് കോടതി വഴിയിലൂടെയുമല്ല. മറിച്ച്, കക്ഷിരാഷ്ട്രീയത്തിന്റെ കുറുക്കുവഴിയിലൂടെയാണ് ഇവിടെ നവോത്ഥാനം കടന്നുവരുന്നത്‌.

സമൂഹ മാധ്യമങ്ങളിലൂടെയാണ് നവോത്ഥാനത്തെ ഇക്കൂട്ടര്‍ കടത്തിവിടുന്നത്. സമൂഹമാധ്യമം അവസാന വാക്കെന്ന മിഥ്യാധാരണയില്‍ മലയാളികള്‍ നവോത്ഥാനത്തെ വര്‍ത്തമാനമാക്കുകയാണ്. മുതലെടുപ്പിന്റെ രാഷ്ട്രീയം സമൂഹമാധ്യമത്തിന്റെ വേഷത്തില്‍ മലയാളികളുടെ പ്രതികരണങ്ങളുടെ അരങ്ങ് തകര്‍ക്കുകയാണ്. മലയാളി പ്രതികരിക്കുന്നത് ചിന്തകൊണ്ടല്ല, മറിച്ച് സമൂഹമാധ്യമം അവനുകൊടുത്ത യാന്ത്രിക കണ്ണുകള്‍ കൊണ്ടും കാതുകള്‍ കൊണ്ടുമാണ്. അതുകൊണ്ട് മലയാളി ജാഗ്രത പാലിച്ചില്ലെങ്കില്‍ അവന്റെ വഴി ഇനിയും പിഴച്ചുപോകും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. 

Friday, October 5, 2018

യൂബര്‍ ഈറ്റ്സ് (Uber Eats), മലയാളികളുടെ അടുക്കളയില്‍ മറ്റൊരു വിപ്ലവം.

യൂബര്‍ ഈറ്റ്സ് (Uber Eats), മലയാളികളുടെ അടുക്കളയില്‍ മറ്റൊരു വിപ്ലവം. തൃശൂരില്‍ കേവലം 79 രൂപയ്ക്കാണ് ചിക്കന്‍ ബിരിയാണി ഇപ്പോള്‍ വീടുകളില്‍ യൂബര്‍ ഈറ്റ്സ് (Uber Eats) വഴി എത്തുന്നത്. യൂബര്‍ ഈറ്റ്സ് (Uber Eats) പങ്കാളികളായ, ഭക്ഷണം എത്തിക്കുന്ന ചെറുപ്പക്കാര്‍ക്കും പരമസുഖം. ഒരു മോട്ടോര്‍ സൈക്കിളും മൊബൈല്‍ഫോണ്‍ മാത്രമേ ഈ ജോലിക്ക് ആവശ്യമുള്ളൂ. എവിടേയും ഒപ്പിടണ്ട. ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്യണ്ട. ഇഷ്ടമുള്ളപ്പോള്‍ മാത്രം ജോലി ചെയ്‌താല്‍ മതി. ആപ്പും യുണിഫോമും ബാഗ്ഗും കമ്പനി തരും. ഏകദേശം ഉച്ചവരെ ജോലി ചെയ്തുകഴിയുമ്പോഴേക്കും ആയിരം രൂപ മുതല്‍ ആയിരത്തി മുന്നൂറുരൂപ സമ്പാദിക്കുന്നവരാണ് പലരും. അതായത് പ്രതിമാസ വരുമാനം ഏകദേശം 36000 രൂപ.

ടാക്സി കാറുകളുടെ ലോകത്ത് പുതുവിപ്ലവുമായി കേരളത്തിലേക്ക് വന്ന യൂബര്‍ ടാക്സി ഇന്ന്‍ കേരളത്തിലെ റോഡുകള്‍ ഭരിച്ചുകൊണ്ടിരിക്കുകയാണ്. ചിലപ്പോഴെങ്കിലും ഓട്ടോറിക്ഷയെക്കാള്‍ ലാഭത്തിലാണ് ഇപ്പോള്‍ യൂബര്‍ ടാക്സികള്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു വിപ്ലവത്തിനുകൂടി യൂബര്‍ വഴിമരുന്നിട്ടിരിക്കുകയാണ്; യൂബര്‍ ഈറ്റ്സ് (Uber Eats), മലയാളികളുടെ അടുക്കളയില്‍ മറ്റൊരു വിപ്ലവം.

കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഇപ്പോള്‍ തൃശൂരിലും യൂബര്‍ ഈറ്റ്സ് (Uber Eats) വന്നുകഴിഞ്ഞു. കോഴിക്കോട് യൂബര്‍ ഈറ്റ്സ് (Uber Eats) വരാനിരിക്കുന്നു. 2017-ല്‍ മുംബൈയില്‍ നിന്ന് തുടക്കം കുറിച്ച യൂബര്‍ ഈറ്റ്സ് (Uber Eats) ഇതിനകം രാജ്യത്തെ 23 നഗരങ്ങളില്‍ ഏകദേശം 20000 ഹോട്ടലുകളുമായി കൈകോര്‍ത്തുകൊണ്ട് പ്രവര്‍ത്തനം ആരഭിച്ചുകഴിഞ്ഞു.
ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ പകുതി വില മാത്രം കൊടുത്തുകൊണ്ട് യൂബര്‍ ഈറ്റ്സ് (Uber Eats) നിങ്ങളുടെ വീട്ടുപടിക്കല്‍ ഭക്ഷണം എത്തിച്ചുകൊണ്ടിരിക്കുന്നു. തൃശൂരില്‍ കേവലം 79 രൂപയ്ക്കാണ് ചിക്കന്‍ ബിരിയാണി ഇപ്പോള്‍ വീടുകളില്‍ യൂബര്‍ ഈറ്റ്സ് (Uber Eats) വഴി എത്തുന്നത്. ഇതോടെ തൃശൂരിലെ ഹോട്ടലുകളില്‍ ജനങ്ങള്‍ പോകാതായി. മഴ പെയ്തതോടെ നഗരങ്ങളില്‍ ആരും തന്നെ പുറത്തിറങ്ങുന്നുമില്ല. യൂബര്‍ ഈറ്റ്സ് (Uber Eats) ആപ്പ് തട്ടിക്കൊണ്ട് വിവിധങ്ങളായ ഭക്ഷണം കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തട്ടിവിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ നഗരങ്ങള്‍.

ഏകദേശം 20 ലക്ഷത്തോളം പേര്‍ ഇതിനകം യൂബര്‍ ഈറ്റ്സ് (Uber Eats) ആപ്പ് ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞതായി തൃശൂര്‍ യൂബര്‍ ഈറ്റ്സ് (Uber Eats) ന്റെ ചാര്‍ജുള്ള ജെറി പറയുന്നു. അമ്പത്തഞ്ചോളം ഹോട്ടലുകള്‍ ഇതിനകം യൂബര്‍ ഈറ്റ്സ് (Uber Eats) പങ്കാളികളായി. ഏകദേശം നാനൂറോളം ചെറുപ്പക്കാര്‍ രാവിലെ 8 മണി മുതല്‍ രാത്രി 11 മണി വരെ വീടുകളില്‍ ഭക്ഷണം എത്തിക്കുന്നു. ഇതില്‍ രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. 5500 പേരെങ്കിലും പ്രതിദിനം യൂബര്‍ ഈറ്റ്സ് (Uber Eats) വഴി ഭക്ഷണം തേടുന്നു. ഓരോ ഭക്ഷണ പൊതിക്കും പത്തു മുതല്‍ മുപ്പതുരൂപയോളം മാത്രമേ സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ കൊടുക്കേണ്ടിവരുന്നുള്ളൂ. ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിച്ചാല്‍ ഇതില്‍ കൂടുതല്‍ ചെലവുവരും.

യൂബര്‍ ഈറ്റ്സ് (Uber Eats) പങ്കാളികളായ ഹോട്ടലുകള്‍ക്കും ലാഭത്തിന്റെ കണക്കുകള്‍ മാത്രമേ പറയാനുള്ളൂ. പല ഹോട്ടലുകളും യൂബര്‍ ഈറ്റ്സ് (Uber Eats) നുമാത്രമായി പുതിയ അടുക്കളയും പാക്കിംഗ് യൂണിറ്റും കണ്ടെത്തിക്കഴിഞ്ഞു.  ഭക്ഷണത്തിന്റെ യഥാര്‍ത്ഥ വിലക്കുതന്നെയാണ് ഹോട്ടലുകള്‍ യൂബര്‍ ഈറ്റ്സ് (Uber Eats)-ന് ഭക്ഷണം കൊടുക്കുന്നത്. എന്നാല്‍ കമ്പനി വന്‍ ഓഫറുകള്‍ നല്‍കിക്കൊണ്ട് വില്‍പ്പനകൂട്ടുന്നു. വില്‍പ്പനയുടെ തോതനുസരിച്ച് കിട്ടുന്ന കമ്മീഷനാണ് യൂബര്‍ ഈറ്റ്സ് (Uber Eats)ന്റെ ലാഭം.
ഭക്ഷണത്തിന്റെ രുചിയേക്കാള്‍ പ്രധാനം ജനത്തിന് വളരെ എളുപ്പത്തില്‍ ഭക്ഷണം കിട്ടുകയെന്നതാണെന്ന് തൃശൂരിലെ ഹോട്ടല്‍ ഉടമ ബൈജു പറയുന്നു. ഇത്തരസംസ്ഥാനക്കാര്‍ കേരളത്തിന്റെ ഹോട്ടലുകളുടെ അടുക്കളകള്‍ കയ്യേറിക്കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള പാചകക്കാര്‍ക്ക് കടുത്ത ക്ഷാമമാണ്. അതുകൊണ്ടുതന്നെ കേരളീയ രുചിക്കൂട്ടുകള്‍ നന്നേ കുറഞ്ഞു. പുതിയ തലമുറയും ആ രുചിക്കൂട്ടിന്റെ പിറകെ പോകുന്നുമില്ല. ആപ്പ് വഴി കിട്ടുന്ന ഭക്ഷണത്തോട് അവര്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇനി രുചിയല്ല; ഭക്ഷണമാണ് പ്രധാനം. അതും എളുപ്പത്തില്‍ വീട്ടുപടിക്കല്‍ തന്നെ കിട്ടണം. യൂബര്‍ ഈറ്റ്സ് (Uber Eats) വിജയിക്കുന്നതും ഇവിടെയാണ്‌ ബൈജു തുടരുന്നു. 

യൂബര്‍ ഈറ്റ്സ് (Uber Eats) പങ്കാളികളായ, ഭക്ഷണം എത്തിക്കുന്ന ചെറുപ്പക്കാര്‍ക്കും പരമസുഖം. ഒരു മോട്ടോര്‍ സൈക്കിളും മൊബൈല്‍ഫോണ്‍ മാത്രമേ ഈ ജോലിക്ക് ആവശ്യമുള്ളൂ. എവിടേയും ഒപ്പിടണ്ട. ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്യണ്ട. ഇഷ്ടമുള്ളപ്പോള്‍ മാത്രം ജോലി ചെയ്‌താല്‍ മതി. ആപ്പും യുണിഫോമും ബാഗ്ഗും കമ്പനി തരും. രാവിലെ 8 മണി മുതല്‍ 11 മണി വരെ വേണമെങ്കില്‍ ജോലി ചെയ്യാം. ഏകദേശം ഉച്ചവരെ ജോലി ചെയ്തുകഴിയുമ്പോഴേക്കും ആയിരം രൂപ മുതല്‍ ആയിരത്തി മുന്നൂറുരൂപ സമ്പാദിക്കുന്നവരാണ് പലരും. അതായത് പ്രതിമാസ വരുമാനം ഏകദേശം 36000 രൂപ.

തൃശൂരിലെ യൂബര്‍ ഈറ്റ്സ് (Uber Eats) ആപ്പീസില്‍ ജോലി അന്വേഷിച്ചെത്തുന്ന ചെറുപ്പക്കാര്‍ക്ക് കയ്യും കണക്കുമില്ല. പങ്കാളികളാവാന്‍ വരുന്ന ഹോട്ടലുകള്‍ക്കും കയ്യും കണക്കുമില്ല. ഹോട്ടലുകള്‍ക്ക് യൂബര്‍ ഈറ്റ്സ് (Uber Eats) സംവിധാനം ലാഭകരമാണ്. കാരണം, അവര്‍ക്ക് ഭക്ഷണം പൊതിയുന്ന ചെലവു മാത്രമേ വഹിക്കേണ്ടിവരുന്നുള്ളൂ. ലേബര്‍ ചെലവും കറണ്ട് ചെലവും മറ്റു ചെലവുകളും ഓണ്‍ ലൈന്‍ സംവിധാനത്തില്‍ കുറയും. തൃശൂര്‍ യൂബര്‍ ഈറ്റ്സ് (Uber Eats) ഇപ്പോഴും കൊച്ചി ആപ്പീസിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ വേണ്ടത്ര കാര്യങ്ങള്‍ ക്രോഡീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. തൃശൂരിന് സ്വതന്ത്ര ചുമതല ആവുന്നതെയുള്ളൂ. അതുകൊണ്ട് വ്യാവസായിക ശൃംഗല വിപുലീകരിച്ചു വരുന്നതേയുള്ളൂ.

ഇതൊക്കെയാണെങ്കിലും യൂബര്‍ ഈറ്റ്സ് (Uber Eats) വഴി ഇപ്പോള്‍ ഊണ് കിട്ടില്ല. ബിരിയാണി സമൃദ്ധമായി കിട്ടും. പിന്നെ അറേബിയന്‍ ചൈനീസ് വിഭവങ്ങളും സുലഭം. ഇപ്പോള്‍ യൂബറിനു കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള ഭക്ഷണം മാത്രമേ കൊടുക്കുന്നുള്ളൂ. ഭാവിയില്‍ എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിലാണ് യൂബര്‍ ഈറ്റ്സ് (Uber Eats) വാക്താക്കളും പങ്കാളികളും.
എന്നിരുന്നാലും യൂബര്‍ ഈറ്റ്സ് (Uber Eats) ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രതിസന്ധി ചെറുതല്ല. ഓരോ ദിവസവും വീടുകളില്‍ കുന്നുകൂടുന്ന പ്ലാസ്റ്റിക് കൂടുകള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഇന്നില്ല. പ്ലാസ്റ്റിക് കൂടുകളില്‍ കൊടുക്കുന്ന ഭക്ഷണം ഉണ്ടാക്കുന്ന അനാരോഗ്യകരമായ സാഹചര്യങ്ങളും ചെറുതല്ല. പ്ലാസ്റ്റിക് കൂടുകള്‍ ഉണ്ടാക്കുന്ന ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ ഭീഷണിയും വലുതാണ്‌. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത് നിയന്ത്രിക്കുവാന്‍ യൂബര്‍ ഈറ്റ്സ് (Uber Eats) നോ പങ്കാളികളായ ഹോട്ടലുകള്‍ക്കോ ഉത്തരവാദിത്തമില്ല. സര്‍ക്കാരിന്റെ ആരോഗ്യവകുപ്പാണ് ഇതൊക്കെ നിയന്ത്രിക്കേണ്ടത്. അത്തരം നിയന്ത്രണങ്ങള്‍ നാളിതുവരെയായിട്ടും ഉണ്ടായിട്ടില്ല.

എന്നാല്‍ യൂബറിന്റെ ഭാഗത്തുനിന്ന് ഇത്തരം ചിന്തകള്‍ ഉണര്‍ന്നു വരുന്നുണ്ടെന്ന് തൃശൂരിലെ യൂബര്‍ പ്രതിനിധി ജെറി പറയുന്നു. പാരിസ്ഥിതിക സൌഹൃദമാകും വിധം ഭക്ഷണം പൊതിഞ്ഞു കൊടുക്കുന്നതിനും മാലിന്യം നിയന്ത്രിക്കുന്നതിനുമുള്ള നീക്കങ്ങള്‍ യൂബര്‍ ഈറ്റ്സ് (Uber Eats) ന്റെ ഭാഗത്തുനിന്നു ഭാവിയില്‍ ഉണ്ടാകുമെന്നാണ് ജെറി പറയുന്നത്. 

Sunday, August 5, 2018

വെള്ളം വെള്ളം സര്‍വ്വത്ര തുള്ളി കുടിപ്പാനില്ലത്രെ എന്നത് സാര്‍ത്ഥകമാകുന്നത് മലമ്പുഴ അണക്കെട്ട് പ്രദേശത്താണ്.

വെള്ളം വെള്ളം സര്‍വ്വത്ര; തുള്ളി കുടിപ്പാനില്ലത്രേ. ഇതാണ് മലമ്പുഴയിലെ ഇന്നത്തെ അവസ്ഥ. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് കുടിക്കാന്‍ വെള്ളം കിട്ടില്ല. കൃത്രിമ നിറങ്ങളും മധുരവും ചേര്‍ത്ത പ്ലാസ്റ്റിക്ക് കുപ്പികളിലെ വിഷപാനീയങ്ങളും ഭക്ഷ്യ വസ്തുക്കളും മാത്രമേ ഇവിടെ കിട്ടൂ. അതുമാത്രം വില്‍ക്കാനെ അധികൃതര്‍ ഇവിടെ അനുവദിക്കുള്ളൂ.

തൃശൂര്‍: കേരളത്തിലെ വലിയ അണക്കെട്ടുകളില്‍ ഒന്നായ മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു. കഴിഞ്ഞ ബുധനാഴ്ച മൂന്നു സെന്റിമീറ്ററും ശനിയാഴ്ച ഒമ്പത് സെന്റിമീറ്ററുമാണ് ഷട്ടറുകള്‍ തുറന്നത്.
അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 115.06 മീറ്ററാണ്. കഴിഞ്ഞ ബുധനാഴ്ച ജലനിരപ്പ്‌ 114.88 എത്തിയപ്പോഴാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.

ഏറ്റവും അവസാനം ഈ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത് 2014-നായിരുന്നു. അന്ന് ജലനിരപ്പ്‌ 115.76 എത്തിയപ്പോഴായിരുന്നു ഷട്ടറുകള്‍ തുറന്നത്.
മലമ്പുഴ അണക്കെട്ട് തുറന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ഒരു പ്രധാനപ്പെട്ട ഫീഡര്‍ വഴിയെത്തുന്ന വൈദ്യുതി ഈ അണക്കെട്ടിന്റെതാണ്. മാത്രമല്ല,  സമീപപ്രദേശങ്ങളിലെ ചെറുപുഴകള്‍ കടന്ന് ഭാരതപ്പുഴയില്‍ വെള്ളമെത്തി. നിള സമൃദ്ധമായി.

ഇക്കുറി മലമ്പുഴയുടെ വൃഷ്ടിപ്രദേശത്ത് 52 എം.എം. മഴ കിട്ടിയതായാണ് ഡാം അധികൃതര്‍ പറയുന്നത്.

ഡാം ആദ്യമായി തുറന്ന ബുധനാഴ്ച സന്ദര്‍ശകരില്‍ നിന്ന് മൂന്നര ലക്ഷം രൂപയുടെ ഗേറ്റ് കളക്ഷന്‍ ഉണ്ടായതായാണ് അറിയാന്‍ കഴിയുന്നത്‌. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സന്ദര്‍ശകരുടെ തിരക്ക് കൂടുതലായിരുന്നു. കൂടുതലും പാലക്കാട് നിന്നുള്ള സന്ദര്‍ശകരാണ്‌ ഡാം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്.

കുതിരാനിലെ യാത്രാക്ലേശം നിമിത്തം തൃശൂര്‍ ഭാഗത്തുനിന്നുള്ള സന്ദര്‍ശകര്‍ വളരെ കുറവാണ്. കുതിരാനിലെ ഗതാഗതക്കുരുക്കില്‍ രണ്ടും മൂന്നും മണിക്കൂറുകളാണ് ഇതുവഴിയുള്ള യാത്രക്കാര്‍ കുരുങ്ങിക്കിടക്കുന്നത്‌.

ഡാം നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടുമ്പോഴും ഡാമിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും അധികൃതര്‍ കൊടുക്കുന്നില്ല. മലമ്പുഴ ഡാമിനകത്ത് കുടിവെള്ളം അധികൃതര്‍ നിരോധിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കാനാണ് ഈ നിരോധനം എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്ലാസ്റ്റിക്ക് കുപ്പികളില്‍ വരുന്ന മറ്റു മധുര പാനീയങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.

കുപ്പിവെള്ളം വില്‍ക്കുന്ന മില്‍മയുടെ ഔട്ട്‌ ലെറ്റുകളില്‍ പോലും കുപ്പിവെള്ളം ഒഴിവാക്കി മധുര പാനീയങ്ങള്‍ സന്ദര്‍ശകരെ കുടിപ്പിക്കുന്നു. കുപ്പിവെള്ളം വില്‍ക്കുമ്പോള്‍ കിട്ടുന്ന കമ്മീഷന്‍ കുറവായതുകൊണ്ടാണ് കുപ്പിവെള്ളം വില്‍ക്കാത്തതെന്നാണ് സന്ദര്‍ശകരുടെ ആരോപണം. മില്‍മ പോലും അവരുടെ കുപ്പിവെള്ളം സന്ദര്‍ശകര്‍ക്ക് നിഷേധിക്കുന്നതില്‍ സന്ദര്‍ശകര്‍ക്ക് ആക്ഷേപമുണ്ട്.

അതേസമയം മില്‍മയുടെ കുപ്പിവെള്ളം എവിടെയും നിരോധിച്ചിട്ടില്ലെന്ന് മില്‍മ അധികൃതര്‍ പറയുന്നു. മില്‍മ ഔട്ട്‌ ലെറ്റ് കരാര്‍ എടുത്തവരാണ് വെള്ളം നിരോധിച്ചതെന്നും മില്‍മ അധികൃതര്‍ പറയുന്നു. മാത്രമല്ല, മില്‍മയുടെ കുപ്പിവെള്ളം ഡാമിന് പുറത്തും പരിസരങ്ങളിലും വില്‍പ്പനക്ക് വച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മലമ്പുഴ ഡാം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് പരാതികളെറെയാണ്. ഇവിടുത്തെ പല ലഘു ഭക്ഷണ ശാലകളും അടഞ്ഞുകിടക്കുകയാണ്. വിശ്രമകേന്ദ്രങ്ങളും വേണ്ടത്ര പരിപാലനമില്ലാതെ വിശ്രമയോഗ്യമല്ലാതായിട്ട് നാളുകളേറെയായി. രണ്ടു രൂപയ്ക്കും അഞ്ചുരൂപയ്ക്കും മൂത്ര-മല വിസര്‍ജ്ജന സൌകര്യങ്ങള്‍ ഒരുക്കിയ മൂത്രപ്പുരകളിലും വെള്ളവും വെളിച്ചവുമില്ല. മലമ്പുഴ ഉദ്യാനവും പരിചരണമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു.

കാനായി കുഞ്ഞിരാമന്റെ പ്രസിദ്ധമായ ശില്‍പം യക്ഷിയേയും അധികൃതര്‍ വെറുതെ വിടുന്നില്ല. ഈ യക്ഷിയുടെ അവസ്ഥയും പരിതാപകരമാണ്. യക്ഷിയുടെ അംഗോപാംഗങ്ങള്‍ എല്ലാതന്നെ അപകടത്തിലാണ്. യക്ഷിയുടെ മുടിയെല്ലാം ആരോ പറിച്ചെടുത്തിരിക്കുന്നു. എല്ലാവരുടേയും മുന്നില്‍ നിസ്സഹായയായി തലകുനിച്ച് ഈ യക്ഷിയും തല ഉയര്‍ത്തിപിടിച്ച മറ്റൊരു കാലത്തെ അയവിറക്കുന്നത് കാണാം.

ലക്ഷങ്ങള്‍ മുടക്കി പ്രധാന കവാടത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഓട്ടോമാറ്റിക് പ്രവേശന കവാടം ഇവിടെ ഘടിപ്പിച്ചതിനുശേഷം നാളിതുവരെ പ്രവര്‍ത്തിക്കുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു. ഡാമിനകത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള സുരക്ഷാബോട്ടുകളില്‍ പലതും അവിടവിടെ ഉപയോഗശൂന്യമായി കിടക്കുന്നത് കാണാം.

സഞ്ചാരികള്‍ ഉപയോഗിക്കുന്ന റോപ് വെ സംവിധാനങ്ങളും കുറ്റമറ്റതല്ല. ഇരിപ്പിടങ്ങളും മറ്റും തുരുമ്പെടുത്തതായി കാണാവുന്നതാണ്. ഇരിപ്പിടങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഫൈബര്‍ ഗ്ലാസ്സുകളും പുറം കാഴ്ചയ്ക്ക് കൊള്ളില്ല.

ഇവിടെ ആകെക്കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് ഗേറ്റിലെ പണപ്പിരിവും അശാസ്ത്രിയമായ വാഹന പാര്‍ക്കിങ്ങിലൂടെ നടത്തുന്ന കൊള്ളയുമാണ്.

മലമ്പുഴയിലെ മരാമത്തുകള്‍ക്കായി ഈ വര്‍ഷം 27 കോടി പാസ്സായിട്ടുന്ടെന്നും എല്ലാം ശരിയാവുമെന്നാണ് അധികൃതരുടെ പക്ഷം.  

Saturday, July 21, 2018

മാധ്യമങ്ങള്‍ക്ക് തായ് ലാന്‍ഡ് താക്കീത്

തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളെ ചട്ടം ലംഘിച്ച് അഭിമുഖം നടത്തി വാര്‍ത്ത കൊടുത്താല്‍ 1800 ഡോളര്‍ പിഴയും ആറുമാസത്തെ ജയില്‍വാസവും അനുഭവിക്കേണ്ടിവരും.

ഗുഹാമുഖത്തുനിന്നു അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടികളെ അഭിമുഖം നടത്തിയ വിദേശ മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് തായ് ലാന്‍ഡ് അധികൃതര്‍ രംഗത്ത്. കുട്ടികള്‍ ആശുപത്രി വിട്ടതിനുശേഷം അവരുടെ വീട്ടില്‍ ചെന്നാണ് മാധ്യമങ്ങള്‍ ചട്ടം ലംഘിച്ചുകൊണ്ട് അഭിമുഖം നടത്തിയത്. നേരത്തെ ഗുഹാമുഖത്തും ആശുപത്രിയിലും മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു.

കൊച്ചുകുട്ടികളെ അഭിമുഖം നടത്തുമ്പോള്‍ പാലിക്കേണ്ട മാധ്യമ നിയമങ്ങള്‍ വിദേശ മാധ്യമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് തായ് ലാന്‍ഡ് ഡെപ്പ്യുട്ടി നിയമകാര്യ സെക്രട്ടറി ടവാത് ചായ്  തായ് കിയോ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

കുട്ടികള്‍ മാനസികമായി തകര്‍ന്ന നിലയില്‍നിന്ന് അവരുടെ മനോനില വീണ്ടെടുക്കുന്നതെയുള്ളൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു മന:ശാസ്ത്ര വിദഗ്ദന്റെ സാന്നിധ്യത്തില്‍ മാത്രമേ കുട്ടികളെ അഭിമുഖം നടത്താവൂ. അവരുടെ മനസ്സും ഹൃദയവും മുറിപ്പെട്ടു കിടക്കുകയാണ്. അതിനെ വൃണമാക്കുകയല്ല മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അവര്‍ കുട്ടികളാണ് അവര്‍ക്ക് സംരക്ഷണം കൊടുക്കുകയാണ് വേണ്ടത്.

അതിന്നിടെ ചിയാംഗ് റായ് പ്രവിശ്യയിലെ ഗവര്‍ണര്‍ പ്രാചോന്‍ പ്രാച്ച്സകുല്‍ വൈല്‍ഡ് ബോര്‍സ് ഫുട്ബാള്‍ ടീം അംഗങ്ങള്‍ക്ക് കുട്ടികളുടെ അവകാശ സംരക്ഷണ ചട്ടങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി അറിയുന്നു.

ഈ ചട്ടം ലംഘിക്കുന്നവര്‍ക്ക് അറുപതിനായിരം തായ് ബാത്ത് അതായത് 1800 ഡോളര്‍ പിഴയും ആറുമാസത്തെ ജയില്‍വാസവും അനുഭവിക്കേണ്ടിവരുമെന്നും തായ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tuesday, July 17, 2018

ആനയൂട്ടും ഏഷ്യനെറ്റ് ചാനലിനെതിരെയുള്ള കൂട്ട ഉപവാസവും


തൃശൂർ: ചരിത്രപ്രസിദ്‌ധമായ ആനയൂട്ടും ഏഷ്യനെറ്റ് ചാനലിനെതിരെയുള്ള കൂട്ട ഉപവാസവും ഇന്ന് വടക്കുംനാഥ ക്ഷേത്രത്തിലും തേക്കിന്‍കാട് മൈതാനത്തുമായി നടക്കുന്നു. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനുശേഷമായിരുന്നു ആനയൂട്ട് നടന്നത്. ഏകദേശം 70 ആനകൾ ഊട്ടിൽ പങ്കെടുക്കുന്നുണ്ട്. ആനയൂട്ട് പ്രമാണിച്ച് വടക്കുംനാഥ പരിസരം ഭക്തജന നിബിഢമാണ്. 
അതേസമയം തൃശൂർ പൂരത്തിനും വെടിക്കെട്ടിനും എതിരായി പ്രചാരണം നടത്തുന്ന ഏഷ്യാനെറ്റ് ചാനലിനെതിരെ തൃശൂർ പൂരം ഉത്സവപ്രേമികളുടെ കൂട്ട ഉപവാസവും ഇന്ന് തേക്കിൻകാട് മൈതാനത്തിൽ നടക്കുകയാണ്. “കരിയും കരിമരുന്നും” എന്ന പരമ്പരയാണ് തൃശൂരിലെ ഉത്സവപ്രേമികളെ ചൊടിപ്പിച്ചത്. 
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ തൃശൂര്‍ പൂരം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ഒരു സംഘം ഉത്സവപ്രേമികള്‍ ഏഷ്യാനെറ്റിനെ വിലക്കാന്‍ ശ്രമിച്ചിരുന്നു.“കരിയും കരിമരുന്നും” എന്ന പരമ്പരയോട് പ്രതികരിച്ചുകൊണ്ട് ഒരു പ്രതിഷേധക്കുറിപ്പ് ഉത്സവപ്രേമികള്‍ക്കുവേണ്ടി പ്രൊ.മാധവന്‍കുട്ടി ഏഷ്യാനെറ്റിന് അയച്ചിരുന്നു. എന്നാല്‍ ഇതില്‍ ദേവസ്വം ബോര്‍ഡിനു പങ്കില്ലെന്നാണ് പറയപ്പെടുന്നത്‌. മാത്രമല്ല, ഒരു മാധ്യമങ്ങൾക്കും വിലക്കില്ലെന്ന് ദേവസ്വം ബോർഡ് പറയുന്നു. ദേവസ്വം ബോർഡിന്റെ അധികാര പരിധിയിലുള്ള സ്ഥലത്ത് ആർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും ബോർഡ് അധികൃതർ വ്യക്തമാക്കുന്നു. അതേസമയം കുറച്ച് ആനമുതലാളിമാരും തല്‍പ്പര കക്ഷികളും കൂടി നടത്തുന്ന ഈ പ്രതിഷേധ സമരത്തോട് യോജിക്കുക വയ്യെന്നാണ് ബോര്‍ഡിന്റെ ചില വാക്ത്താക്കള്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അത് ആ ചാനലിന് കൂടുതല്‍ പരസ്യം കിട്ടുകയും പ്രചാരം കിട്ടുകയുമാണെന്ന് മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നുണ്ട്. 
മഴ ഒഴിഞ്ഞുനിൽക്കുന്ന സമയമായതിനാൽ ഭക്തജനങ്ങൾ സന്തോഷത്തിലാണ്. ഊട്ടിനുപോകുന്ന ആനകളെയും ഊട്ട് കഴിഞ്ഞുവരുന്ന ആനകളെയും ഫോട്ടോ എടുക്കുന്നതിനും സെൽഫി എടുക്കുന്നതിനുമായി ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ക്ഷേത്രത്തിനകത്തു നടക്കുന്ന ആനയൂട്ട് കർമ്മം കാണാൻ പ്രത്യേകം പണികഴിപ്പിച്ച പാലത്തിലൂടെയാണ് ജനങ്ങളെ കടത്തിവിടുന്നത്.
ചോറ്, ശർക്കര,പത്തോളം തരം ഫലങ്ങൾ എന്നിവയാണ് ആനസദ്യയിൽ ഒരുക്കിയിരിക്കുന്നത്. മേൽശാന്തി പയ്യപ്പള്ളി മാധവൻ നമ്പൂതിരി ആദ്യ ഉരുള നൽകിയപ്പോൾ ആനപ്പന്തി സജീവമായി.

Monday, July 9, 2018

വര്‍ത്തമാനങ്ങളില്‍ വര്‍ത്തമാനങ്ങളില്ല.

പത്രപ്രവര്‍ത്തകരാകാന്‍ ജീവിതത്തെ ബലി കൊടുത്തവരുടെ കൂട്ടത്തില്‍ ഒരുപാടുപേരുണ്ട് ഈ കൊച്ചുകേരളത്തില്‍. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന ആവേശഭരിതനായ മാതൃകാ വിപ്ലവകാരിയായ പത്രപ്രവര്‍ത്തകന്‍ കേരളത്തിന്റെ വൃത്താന്തപത്രങ്ങളുടെ പിതൃസ്ഥാനത്തു പ്രതിഷ്ഠ നേടിയതുതന്നെയാവണം ഈ ബലിദാനങ്ങള്‍ക്കുപിന്നില്‍. അവരില്‍ ആദ്യകാലങ്ങളില്‍ കുറേപേര്‍ സ്വദേശാഭിമാനികള്‍ ആയെങ്കിലും ആധുനികകാലങ്ങളിലെ കൂടുതല്‍ പേരും സ്വാര്‍ത്ഥലാഭങ്ങളുടെ സ്വാഭിമാനികളായി ഇന്നും ജീവിച്ചുപോരുകയാണ്.

പത്രപ്രവര്‍ത്തനത്തിന് ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത് കറകളഞ്ഞ ജനക്ഷേമകരമായ ഒരു ദൌത്യമായിരുന്നു (Missionary Role). ഈ ദൌത്യം സ്വാതന്ത്ര്യപൂര്‍വ്വ ഭാരതം സ്വരാജ്യസ്നേഹികളായ പത്രസ്വാമികളില്‍ ഏല്‍പ്പിക്കപ്പെട്ട ജനാതിപത്യ കര്‍മ്മം കൂടിയായിരുന്നു. സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് വാക്കുകളുടെ വാളോങ്ങിക്കൊണ്ട് സ്വാതന്ത്ര്യത്തെ അടര്‍ത്തിയെടുത്ത മഹനീയ പാരമ്പര്യമാണ് അന്ന് പത്രപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നത്. നാഷണല്‍ അഥവാ ദേശീയ പത്രം എന്നൊക്കെ അന്ന് പത്രങ്ങള്‍ അവകാശപ്പെട്ടിരുന്നത് ഈ പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.

എന്നാല്‍ സ്വാതന്ത്ര്യലബ്ദിക്കുശേഷം പത്രസ്വാമികള്‍ അവരില്‍ ഏല്‍പ്പിക്കപ്പെട്ട ദൌത്യപൂര്‍ത്തീകരണം അവസാനിച്ചെന്ന സാഹചര്യത്തില്‍ പതുക്കെപ്പതുക്കെ പത്രമുതലാളിമാര്‍ ആവുകയായിരുന്നു. അവര്‍ നേരത്തെ ആട്ടിപ്പായിച്ച സാമ്രാജ്യത്വ ശക്തികള്‍ക്ക് പകരം സ്വതന്ത്ര ഭാരതത്തിന്റെ ഭരണകൂടം നിലവില്‍ വന്നതോടെ പത്രമുതലാളിമാര്‍ ഭരണകൂടത്തെ താങ്ങുന്ന നാലാം തൂണിലേക്ക് വികാസം കൊണ്ടു. അങ്ങനെ നാലാം തൂണിന്റെ നിര്‍വികാരതയിലും നിസ്സഹായതയിലും ഹ്രസ്വകാലത്തേക്ക് നിലയുറപ്പിച്ച പത്രപ്രവര്‍ത്തനം കാലക്രമേണ നാലാം തൂണിന് വിലപറയാന്‍ തുടങ്ങി. വിലനിലവാരത്തിന്റെ വേലിയേറ്റത്തില്‍ പത്രപ്രവര്‍ത്തനം സാവധാനം അതിന്റെ കമ്പോള സാധ്യത മനസ്സിലാക്കി പത്രസാമ്രാജ്യവിപുലീകരണം നടത്തിക്കൊണ്ടിരുന്നു.

ഇതിന്നിടെ പഴയ അച്ചുകൂടങ്ങള്‍ വഴിമാറി. അതിനൂതന സാങ്കേതിക വിദ്യകള്‍ പുത്തന്‍ വഴികള്‍ തുറന്നു. അങ്ങനെയാണ് പത്രപ്രവര്‍ത്തനം ഒരു വ്യവസായമാകുന്നത്. പത്രമുതലാളി വ്യവസായിയായതും പത്രപ്രവര്‍ത്തകന്‍ വ്യാവസായിക തൊഴിലാളിയായതും അങ്ങനെയാണ്. പിന്നെ വളരെപെട്ടെന്നായിരുന്നു ജനക്ഷേമകരമായ ദൌത്യത്തില്‍ നിന്നും ജനാതിപത്യപരമായ കര്‍മ്മത്തില്‍ നിന്നും പത്രപ്രവര്‍ത്തനം പിന്മാറിയത്. പിന്നീടങ്ങോട്ട് പത്രപ്രവര്‍ത്തനത്തിന് കൈവന്നത് സമ്പൂര്‍ണ്ണമായ വ്യാവസായിക ദൌത്യമായിരുന്നു (Industrial Role). വാര്‍ത്തകള്‍ വില്പന ചരക്കാവുന്നതും വാര്‍ത്തകള്‍ക്ക് ലാഭമുണ്ടാവുന്നതും അങ്ങനെയാണ്. ആവശ്യമനുസരിച്ച്‌ വാര്‍ത്തകളുണ്ടാക്കുകയും വാര്‍ത്തകള്‍ക്ക് അനുസൃതമായി ആവശ്യമുണ്ടാക്കുകയും പത്രങ്ങളുടെ ആധുനിക വ്യാവസായിക ദൌത്യമായി മാറി. 

ആധുനിക സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ പത്രപ്രവര്‍ത്തനത്തിന് മറ്റു മാനങ്ങള്‍ കൈവന്നതോടെയാണ് ശ്രാവ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ എന്ന പുതുപ്പേരില്‍ പത്രപ്രവര്‍ത്തനത്തിന് രൂപാന്തരം സംഭവിച്ചത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ആരുംതന്നെ പത്രപ്രവര്‍ത്തനം പത്രപ്രവര്‍ത്തകന്‍ എന്നൊന്നും പറയുന്നില്ല; പകരം മാധ്യമപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തകന്‍ എന്നൊക്കെയാണ് പറയാന്‍ ഇഷ്ടം കാണിക്കുന്നത്. പത്രപ്രവര്‍ത്തനമായാലും മാധ്യമപ്രവര്‍ത്തനമായാലും അതൊക്കെ സമൂഹബദ്ധിതമെങ്കിലും ഇന്റര്‍നെറ്റ് കേന്ദ്രീകൃതമായ മാധ്യമപ്രവര്‍ത്തനത്തെ സമൂഹമാധ്യമമെന്ന ഒരു വിഭാഗീകരണം കൂടി നാം നടത്തി.

ആരൊക്കെ ഏതൊക്കെ പേരില്‍ വിളിച്ചാലും വിളംബരം ചെയ്താലും പത്രപ്രവര്‍ത്തനം എന്നത് അടിസ്ഥാനപരമായി സമൂഹബദ്ധിതമാണ്. അതുതന്നെയായിരിക്കണം മാധ്യമങ്ങളുടെ പ്രതിജ്ഞാബദ്ധതയും. എന്നാല്‍ ആധുനിക മാധ്യമപ്രവര്‍ത്തനം ഒന്നാമതാണ്, നേരെയാണ്, നേരിന്റെ വഴിയേയാണ് യഥാര്‍ത്ഥ ശക്തിയാണ് എന്നൊക്കെ ഗീര്‍വാണം നടത്തുമ്പോഴും നമ്മുടെ മാധ്യമങ്ങള്‍ അതിന്റെ അടിസ്ഥാന ശിലകളില്‍ നിന്ന് തെന്നിമാറി ആഗോള കുത്തകക്കാരുടെ നെറുകയിലെ സിന്ദൂരം കണക്കെ ഒളിമിന്നുകയാണ് ഇന്നും. പത്രങ്ങളുടെ മുഖപ്പേജുകള്‍ ആഗോളകുത്തകക്കാരുടെ നെറ്റിത്തടങ്ങളും കവിള്‍ത്തടങ്ങളുമായി രൂപാന്തരം പ്രാപിക്കുന്നത് അതുകൊണ്ടാണ്.

ഈയൊരു ദുരന്ത പരിണാമത്തില്‍ പത്രമുതലാളിമാര്‍ക്കോ പത്രപ്രവര്‍ത്തകര്‍ക്കോ നാണക്കേട്‌ തോന്നേണ്ട കാര്യമില്ലെന്നുമാത്രമല്ല, അതില്‍ അഭിമാനിക്കുകയാണ് നമ്മുടെ മാധ്യമപ്രപഞ്ചമെന്നതാണ് വാസ്തവം. ആഗോള കുത്തകക്കാരുടെ കാശുവാങ്ങാത്ത ഒരു മാധ്യമവും ഇന്ന് നമുക്കില്ല. അത്തരം അധോലോക സാമ്പത്തിക വിനിമയങ്ങള്‍ നടത്താന്‍ യോഗ്യമായ അത്യാധുനിക ഭരണ സംവിധാനങ്ങളും ഇന്ന് മാധ്യമങ്ങളുടെ ആര്‍ക്കും തുറന്നുകൊടുക്കാത്ത അകത്തളങ്ങളിലുണ്ട്. സമൂഹ മാധ്യമമേഖലയില്‍  വിപ്ലവാത്മകമായ തുടക്കം കുറിച്ച ടെഹെല്‍ക ഈയൊരു പേരുദോഷത്തെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ടെഹെല്‍കയുടെ അനുയായികള്‍ എന്ന് ഘോരഘോരം ഗീര്‍വാണം നടത്തുന്നവരും സാരമായി വിജയിക്കുന്നുവെന്ന് ആ മേഖലയുമായി ബന്ധമുള്ള ഈ ലേഖകനും പറയാനാവില്ല. കാരണം, അവിടെയൊക്കെ വാര്‍ത്തകള്‍ വില്‍ക്കപ്പെടുന്നത് പണത്തിന് തത്തുല്യമായ മറ്റുപല ദ്രവ്യങ്ങള്‍ക്കുകൂടിയാണ്.

വസ്തുതകള്‍ ഇതായിരിക്കെ തനിക്കു ചുറ്റുമുള്ള വര്‍ത്തമാനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന അധികമില്ലാത്ത മനുഷ്യര്‍ എന്തുചെയ്യും? അവര്‍ അറിയുന്നതും അറിഞ്ഞുകൊണ്ടിരിക്കുന്നതും അവരെ അറിയിച്ചുകൊണ്ടിരിക്കുന്നതും അവര്‍ക്ക് ചുറ്റുമുള്ള വര്‍ത്തമാനങ്ങളല്ല. അതൊക്കെ ദുരൂഹവും ദുര്‍ഗ്രഹവുമായ ചതിക്കുഴികളിലേക്ക് നയിക്കുന്ന ആര്‍ക്കോവേണ്ടിയുള്ള ഗര്‍ത്തമാനങ്ങളാണ്. അതുകൊണ്ടാവാം അല്ലായിരിക്കാം, 2004-നുശേഷം അമേരിക്കയില്‍ മാത്രം പൂട്ടുവീണ പ്രാദേശിക പത്രങ്ങളുടെ എണ്ണം 1800 ആണത്രേ. സത്യസന്ധമായി പറഞ്ഞാല്‍ അവര്‍ക്കു മുമ്പില്‍ മാധ്യമ തിരസ്കരണം മാത്രമേ ഒരു വഴിയുള്ളൂ. എന്തായാലും ആ ഒറ്റവഴിയിലൂടെയുള്ള മനുഷ്യരുടെ യാത്ര ആരംഭിച്ചുകഴിഞ്ഞു എന്നുവേണം കരുതാന്‍. ആ ഒറ്റവഴിയിലും അവര്‍ക്ക് അത്തരത്തിലുള്ള വര്‍ത്തമാനങ്ങള്‍ വലിയ ചെലവില്ലാതെ പ്രത്യേകിച്ച് ബാധ്യതകളില്ലാതെ വീണുകിടപ്പുണ്ടാകും വെറുതെ അനുഭവിക്കാന്‍. അപ്പോഴും മാധ്യമങ്ങള്‍ മുന്നില്‍ത്തന്നെ എന്ന പരസ്യവാചകങ്ങള്‍ നമുക്ക് മുന്നില്‍ സര്‍ക്കസ് അവതരിപ്പിക്കാം. കാരണം അത്തരം അവതരണങ്ങള്‍ വ്യാവസായികവല്‍ക്കരണത്തിന്റെ അനിവാര്യതകൂടിയാണല്ലോ. എന്തായാലും വരുംകാല മനുഷ്യര്‍ ഈ ഭ്രമാവസ്ഥയില്‍ നിന്ന് രക്ഷപ്പെടുമെന്നു തോന്നുന്നില്ല. ഭ്രാമാവസ്ഥയുടെ അടുത്ത അവസ്ഥാന്തരം പ്രവചിക്കുകയെ ഇനി നമുക്ക് രക്ഷയുള്ളൂ.   

Wednesday, July 4, 2018

സാക്ഷാല്‍ വടക്കുംനാഥന്റെ തിരുമുറ്റത്ത് രാഗവിസ്മയം


നാലര പതിറ്റാണ്ടിന്റെ ഗൃഹാതുരത്വത്തിന്‍റെ ഇടവേളയ്ക്കുശേഷം തൃശൂരില്‍ രാഗം സിനിമ തീയറ്റര്‍ വീണ്ടും തിരശീല ഉയര്‍ത്തുകയാണ്. സാക്ഷാല്‍ വടക്കുംനാഥന്റെ തിരുമുറ്റത്തുതന്നെ. 1974 ആഗസ്റ്റ് 24 നാണ് പണ്ട് ഈ സിനിമാശാല തൃശൂര്‍ക്കാര്‍ക്ക് വേണ്ടി കര്‍ട്ടന്‍ ഉയര്‍ത്തിയത്‌. രാമു കാര്യാട്ടിന്റെ “നെല്ല്” ആയിരുന്നു പ്രഥമ ചിത്രം. അന്നത്തെ താരജോഡികളായ പ്രേംനസീറും ജയഭാരതിയും ഉദ്ഘാടനത്തിന് പങ്കെടുത്ത വേദിയില്‍ അടൂര്‍ ഭാസിയും ശങ്കരാടിയും മലയാളത്തിന്‍റെ സംവിധായകന്‍ രാമു കാര്യാട്ടും സന്നിഹിതരായിരുന്നു.

നാലര പതിറ്റാണ്ടിനുശേഷം വീണ്ടും രാഗം തീയറ്റര്‍ ജോര്‍ജേട്ടന്‍സ് രാഗം തീയറ്ററായി തികച്ചും ന്യുജന്‍ ആയി പുനര്‍ജ്ജനിക്കുകയാണ്. സുനില്‍ സൂര്യയാണ് ഈ തീയറ്റര്‍ ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ പ്രേക്ഷകര്‍ക്കായി തുറന്നുകൊടുക്കുന്നത്.

തീയറ്ററിന്റെ അവസാന മിനുക്കുപണികള്‍ നടന്നുവരികയാണ്. മിക്കവാറും ഈവരുന്ന ഓണത്തിന് രാഗം തൃശൂര്‍ക്കാരുടെ പുനര്‍ വിസ്മയമാവും. കേരളത്തിലെ തന്നെ ആദ്യത്തെ 4230 പതിപ്പായ 4K സാങ്കേതികതയോടെ മിഴിവുറ്റ സ്ക്രീനായിരിക്കും  തീയറ്ററില്‍ പ്രയോഗിക്കപ്പെടുക. ശബ്ദ സംവിധാനത്തിലും ഡോള്‍ബി 3D-യുടെ പുതിയ പതിപ്പിന്‍റെ ഘോഷയാത്രയായിരിക്കുമെന്നും സുനില്‍ സൂര്യ അവകാശപ്പെടുന്നു.

ഏറ്റവും പുതിയ ലക്ഷ്വറി സീറ്റ് സംവിധാനങ്ങള്‍ രൂപപ്പെടുന്നതോടെ സീറ്റിംഗ് കപ്പാസിറ്റി 1100-ല്‍ നിന്ന് 540-ആയി കുറയും. പാര്‍ക്കിംഗ് സംവിധാനം കുറേക്കൂടി മെച്ചപ്പെടും. നാല് ഭക്ഷണ ശാലകള്‍ പ്രേക്ഷകര്‍ക്കായി രുചിക്കൂട്ടിനെത്തും. പണ്ടൊക്കെ രാഗത്തിന്റെ തിരശീല ഉയരുമ്പോഴത്തെ തീം മുസിക് പുതിയ രാഗത്തിലും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് തൃശൂര്‍ക്കാര്‍.

തൃശൂര്‍ക്കാരുടെ വികാരമായ രാഗം തീയറ്റര്‍ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. “മ്മടെ രാഗം” എന്ന ഹ്രസ്വചിത്രം ഇതിനകം യുടൂബില്‍ (https://youtu.be/rqXHqzu6dMM) വന്‍ ഹിറ്റായി കഴിഞ്ഞു.

    

Wednesday, June 27, 2018

ദിലീപിനെ തിരിച്ചെടുക്കണം എന്നുപറയുന്നവരുടെത് ഉറക്കപിച്ച. സംഘടന വേറെ; കോടതി വേറെ.




“അമ്മയില്‍ നിന്ന്‍ നിയമപരമായി പുറത്താക്കാത്ത നടന്‍ ദിലീപിനെ എങ്ങനെ തിരിച്ചെടുക്കാന്‍ കഴിയും. നിയമപരമായി ദിലീപ് ഇപ്പോഴും അമ്മയുടെ അംഗം തന്നെ. അമ്മയിലേക്ക്‌ തിരിച്ചെടുക്കുന്നു എന്നുപറയുന്നവരുടെത് കേവലം ഉറക്കപിച്ച. ഇതൊന്നും കേസിനെ ബാധിക്കില്ല. സംഘടന വേറെ; കോടതി വേറെ.”  ഡോ. ജെയിംസ് വടക്കുംചേരി.

നടിയെ ആക്രമിച്ച കേസ്സിന്റെ നൂലാമാലകളില്‍ നിന്ന്‍ ഇനിയും ദിലീപിന് പുറത്തുവരാനായില്ല. എന്നാല്‍ കേസ്സിന്നാസ്പദമായ സംഭവം നടന്ന് ഏതാണ്ട് ഒന്നര വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സിനിമാ സംഘടനയായ അമ്മ ദിലീപിനെ അകത്തേയ്ക്ക് ക്ഷണിക്കുന്നു. അമ്മയിലേക്ക്‌ സ്വാഗതം ചെയ്യുന്നത് മലയാള സിനിമയിലെ നടന പാരമ്പര്യം അവകാശപ്പെടുന്ന നടി ഊര്‍മ്മിള ഉണ്ണിയും. അമ്മ മൊത്തം കയ്യടിച്ചു പാസ്സാക്കിയെന്ന് വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ട് ഊര്‍മ്മിളയും. 

ഊര്‍മ്മിളയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് സിനിമയിലെ പെണ്‍ സംഘടനയായ വുമന്‍സ് കളക്ടീവ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. ഈ സംഭവങ്ങളോടൊക്കെ പ്രതികരിക്കുകയായിരുന്നു സംസ്ഥാനത്തെ പ്രഗല്‍ഭനായ ക്രിമിനോളജിസ്റ്റ് ഡോ. ജെയിംസ് വടക്കുംചേരി.
അമ്മ സംഘടന ദിലീപിനെ നിയമാനുസൃതമല്ല പുറത്താക്കിയത്. ഒരു സംഘടനാംഗത്തെ പുറത്താക്കുന്നതിന് രാജ്യത്ത് നിയമങ്ങളുണ്ട്. കുറ്റാരോപിതനായ അംഗത്തിന് ആദ്യം കുറ്റം വിശദീകരിക്കുന്ന മെമ്മോ കൊടുക്കണം. അയാള്‍ക്ക് അതിന് മറുപടി കൊടുക്കാനുള്ള അവകാശവും അധികാരവും ഉണ്ട്. അയാളുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സംഘടന ഒരു അന്വേഷണ കമ്മീഷനെ നിയമിക്കണം. ആ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം അയാള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍. അത്തരത്തില്‍ എടുക്കുന്ന നടപടികളെ കോടതി മുഖാന്തിരം ചോദ്യം ചെയ്യാനുള്ള അവകാശവും സംഘടനാംഗത്തിനുണ്ട്. എന്നാല്‍ ദിലീപിന്റെ വിഷയത്തില്‍ ഇത്തരം നിയമനടപടികള്‍ ഒന്നും തന്നെ നിഷ്കര്‍ഷിച്ചു കാണുന്നില്ല. ഡോ. ജെയിംസ് വടക്കുംചേരി വസ്തുനിഷ്ടമായി പറയുന്നു.

ദിലീപ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌ ഗൌരവമേറിയ ഒരു ക്രിമിനല്‍ കേസാണ്. അമ്മ എന്ന സംഘടനയുടെ നടപടികള്‍ രാജ്യത്തെ കോടതിയെ സ്വാധീനിക്കാന്‍ മാത്രം ഗൌരവമുള്ളതുമല്ല. സംഘടന വേറെ; കോടതി വേറെ. ഡോ. ജെയിംസ് വടക്കുംചേരി തുടര്‍ന്ന് പറഞ്ഞു.

അഡ്വ. ആളൂരിന്റെയും സുരേഷ്കുമാറിന്റെയും പിന്മാറ്റവും സാക്ഷികള്‍ക്കും പ്രതികളില്‍ ചിലര്‍ക്കും കാലാന്തരത്തില്‍ വന്ന മാറ്റങ്ങളും ദിലീപ് കേസ്സിനെ എവിടെ കൊണ്ടെത്തിക്കുമെന്നത് പ്രവചിക്കാനാവില്ലെന്നും ഡോ. ജെയിംസ് വടക്കുംചേരി പറയുന്നു.  

Thursday, May 31, 2018

ചെങ്ങന്നൂരിലെ ഇടതുപക്ഷത്തിന്റെ വിജയം ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിന്റെ കൂടി വിജയം.


ചെങ്ങന്നൂരിലെ ഇടതുപക്ഷത്തിന്റെ വിജയം ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിന്റെ കൂടി വിജയമാണ്. ഒപ്പം സർക്കാറിന്‍റെ പുതിയ മദ്യനയം മറ്റൊരു ഓഖി ദുരന്തമാണെന്ന്​ പ്രഖ്യാപിച്ച കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയർമാൻ കൂടിയായ താമരശ്ശേരി രൂപത ബിഷപ്​ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനും സിബിസിഐ മുൻ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവയ്ക്കും കിട്ടിയ കനത്ത തിരച്ചടിയും.

ചെങ്ങന്നൂരിലെ ഇടതുപക്ഷത്തിന്റെ വിജയം ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിന്റെ കൂടി വിജയമാണ്. ഇപ്പോഴത്തെ മദ്യനയം വരുന്നതിനും വളരെ മുമ്പ് 1987-ല്‍ മാമ്മന്‍ ഐപ്പിന്റെ എക്കാലത്തെയും വന്‍ ഭൂരിപക്ഷമായ 15703 എന്ന റെക്കോഡും ഭേദിക്കുകയാണ് ചെങ്ങന്നൂരില്‍ സജി ചെറിയാന്‍. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ ഭൂരിപക്ഷം 20956. അതായത് സര്‍ക്കാരിന്റെ പുതിയ മദ്യനയം കേരളം ഏറ്റെടുക്കുന്നതിന്റെ പ്രതിഫലനമാണ് ചെങ്ങന്നൂരില്‍ നാം കാണുന്നത്.


സംസ്​ഥാന സർക്കാറിന്‍റെ പുതിയ മദ്യനയം മറ്റൊരു ഓഖി ദുരന്തമാണെന്ന്​ പ്രഖ്യാപിച്ച കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയർമാൻ കൂടിയായ താമരശ്ശേരി രൂപത ബിഷപ്​ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനും സിബിസിഐ മുൻ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവയ്ക്കും കിട്ടിയ കനത്ത തിരച്ചടി കൂടിയാണ് ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വിജയം. 

കൊടുംവഞ്ചനയാണ്​ സര്‍ക്കാരിന്റെ മദ്യനയമെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മദ്യനയത്തിനെതിരായ വികാരം പ്രതിഫലിക്കുമെന്നും ഇഞ്ചനാനിയില്‍ മുന്നറിയിപ്പ്​ നൽകിയിരുന്നു. . മദ്യനയത്തിനും സർക്കാറിനും എതിരെ വോട്ടുചെയ്യാൻ ആഹ്വാനം ​ചെയ്യുമെന്നും മാസങ്ങള്‍ക്കുമുമ്പ് സംസ്ഥാന വ്യാപകമായി മദ്യവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും​ അദ്ദേഹം പറഞ്ഞിരുന്നു.

‘‘ചെങ്ങന്നൂരിൽ സർക്കാറിനെതിരെ പ്രചാരണത്തിനിറങ്ങും. മദ്യനയത്തിനെതിരായ ഹിതപരി​ശോധനയായി ഉപതെരഞ്ഞെടുപ്പ്​ മാറും. അവിടത്തെ ജനങ്ങളെ ബോധ്യപ്പെടുത്താൻ മദ്യവിരുദ്ധ പ്രസ്​ഥാനം ശക്തമായി മുന്നിലുണ്ടാകും’’ -ബിഷപ്​ നേരത്തെ തന്നെ ഇടതു സര്‍ക്കാരിന് വെല്ലുവിളിച്ചുകൊണ്ട് മുന്നറിയിപ്പ് കൊടുത്തിരുന്നു.

അതോടൊപ്പംതന്നെ ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ തുറന്ന യുദ്ധപ്രഖ്യാപനവുമായി കത്തോലിക്ക സഭ. സിബിസിഐ മുൻ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവയ്ക്കും ചെങ്ങന്നൂരിലെ ഇടതുപക്ഷത്തിന്റെ വിജയം കടുത്ത പ്രഹരമായി.

സർക്കാറി​​ന്‍റെ പുതിയ മദ്യനയം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണവിഷമാക്കുമെന്നും, ​മനുഷ്യജീവന് വിലകൽപിക്കുന്ന മുഴുവൻ സമുദായങ്ങളെയും സാമൂഹിക സംഘടനകളെയും പ്രചാരണ-പ്രതികരണ പരിപാടികളിൽ പങ്കാളികളാക്കുമെന്നും കര്‍ദ്ദിനാള്‍ നേരത്തെ പറഞ്ഞിരുന്നു. മണ്ഡലത്തിലുടനീളം പ്രചാരണജാഥകളും കവല യോഗങ്ങളും കൺവെൻഷനുകളും ഭവനസന്ദർശനങ്ങളും നടത്തുമെന്നും, സ്ഥാനാർഥി ഇല്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ നടത്തുമെന്നും നേരത്തെ സിബിസിഐ മുൻ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവയും കെസിബിസി മദ്യവിരുദ്ധ സമിതി അധ്യക്ഷൻ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും സംയുക്തമായി പ്രഖ്യാപിച്ചിരുന്നു.



Monday, March 5, 2018

പി.കെ.ജയലക്ഷ്മി ഇത്രക്ക് പരിഭവിക്കണോ ?


സ്വന്തം കുട്ടിയുടെ ചോറൂണിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പരിഗണന കിട്ടിയില്ലെന്ന് പരിഭവിക്കുന്ന മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി ഒരു നേരത്തെ ഊണിനുള്ള അരി മോഷ്ടിച്ചതിന് തല്ലിക്കൊല്ലപ്പെട്ട ആദിവാസി യുവാവ്  മധുവിന്‍റെ കാര്യത്തില്‍ എന്ത് ചെയ്തു ?

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയെ അസിസ്റ്റന്റ്റ് മാനേജര്‍ അപമാനിച്ചുവെന്ന സംഭവം കോണ്ഗ്രസ്സുകാര്‍ ഇടപെട്ടുകൊണ്ട്‌ രഹസ്യമായി ഒത്തുതീര്‍ന്നതായി അറിയുന്നു.

ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാനായ പി.ടി. മോഹനകൃഷ്ണന്റെ മകന്‍ പി.ടി. അജയമോഹനാണ് ഗുരുവായൂരിലെ ഇപ്പോഴത്തെ കോണ്ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയുടെ പ്രസിഡന്‍റ്.  അതുകൊണ്ടുതന്നെ പി.കെ.ജയലക്ഷ്മിയെ അസിസ്റ്റന്റ്റ് മാനേജര്‍ അപമാനിച്ച സംഭവത്തില്‍ കോണ്ഗ്രസ് അനുകൂല സംഘടനക്കും പങ്കുണ്ടെന്ന സാഹചര്യം കണക്കിലെടുത്ത് സംഭവം വിവാദമാക്കാതെ കോണ്ഗ്രസ്സുകാര്‍ തന്നെ രഹസ്യമായി ഒത്തുതീര്‍ന്നതായാണ് പറയപ്പെടുന്നത്‌.

നേരത്തെ ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും ജില്ലയിലെ കോണ്ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു പ്രതിസ്ഥാനത്തെന്ന് അഭ്യുഹമുണ്ടായിരുന്നു. ഈ സംഭവത്തിലും പാവറട്ടി പോലീസ് സ്റ്റേഷനിലെ കോണ്ഗ്രസ് അനുകൂല പോലീസ് അസോസിയേഷനിലെ ഒരു പോലീസുകാരന്‍ തന്നെയായിരുന്നു പ്രതിസ്ഥാനത്തെന്നും പറയപ്പെടുന്നു. മാത്രമല്ല, മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ ഗണ്മാന്‍ കൂടിയായിരുന്ന പോലീസുകാരനായിരുന്നു, വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്തെന്നും പരക്കെ ആരോപണമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവവും കോണ്ഗ്രസ് ഗൌരവതരമായ ഒരു ചര്‍ച്ചക്കും വിവാദത്തിനും തിരി കൊളുത്താതെ തന്ത്രപൂര്‍വ്വം ഒത്തുതീര്‍ക്കുകയായിരുന്നു.

ഗുരുവായൂരില്‍ ഇപ്പോള്‍ നല്ല തിരക്കുള്ള ഉത്സവകാലമാണ്. ആരെയും പ്രത്യേകമായ പരിഗണിക്കാന്‍ പറ്റുന്ന സമയവുമല്ല. ഉത്സവകാലത്ത് ക്ഷേത്ര ദര്‍ശനത്തിനുവന്ന മുന്‍ മന്ത്രി പി.കെ. ജലലക്ഷ്മിയും അത് മനസ്സിലാക്കേണ്ടതായിരുന്നെന്നും ക്ഷേത്ര ഭാരവാഹികള്‍ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞതായി അറിയുന്നു. അതേസമയം ക്ഷേത്രത്തില്‍ ശീവേലി എഴുന്നെള്ളിപ്പ് നടക്കുന്ന സമയത്ത് ആരെയും ക്ഷേത്രത്തിനകത്ത് കടത്തിവിടാറില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി. എന്നിരുന്നാലും ഭരണസമിതി വിഷയം പരിശോധിച്ചുകൊണ്ട്‌ അര്‍ഹമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വംബോര്‍ഡ് അധികൃതര്‍ പ്രസ്താവനയിറക്കി.

അതേസമയം മുന്‍മന്ത്രി പി.കെ.ജയലക്ഷ്മി തന്റെ സ്വന്തം കാര്യത്തിലും താന്‍ പ്രതിനിധീകരിക്കുന്ന ഗോത്രവിഭാഗത്തിന്റെ കാര്യങ്ങളിലും മാത്രം ശ്രദ്ധ പതിപ്പിക്കുകയും പ്രതികരിക്കുന്നതും വിമര്‍ശന വിധേയമാക്കുന്നുണ്ട്. മറ്റു ഗോത്രവിഭാഗങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്ന ജയലക്ഷ്മിയുടെ സമീപനങ്ങളും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്.

ആദിവാസി മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ജയലക്ഷ്മിയുടെ കാര്യമായ പ്രതികരണങ്ങള്‍ ഇല്ലാതെ പോയതും ജയലക്ഷിയുടെ ഈ വിഷയത്തിലുള്ള ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നുണ്ട്.  സ്വന്തം കുട്ടിയുടെ ചോറൂണിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പരിഗണന കിട്ടിയില്ലെന്ന് പരിഭവിക്കുന്ന മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി ഒരു നേരത്തെ ഊണിനുള്ള അരി മോഷ്ടിച്ചതിന് തല്ലിക്കൊല്ലപ്പെട്ട ആദിവാസി യുവാവ്  മധുവിന്‍റെ കാര്യത്തില്‍ എന്ത് ചെയ്തു എന്ന ചോദ്യവും ഇപ്പോള്‍ പൊതുസമൂഹം ചര്‍ച്ചക്കെടുക്കുന്നുണ്ട്.

Friday, March 2, 2018

മലയാറ്റൂരിലെ അച്ചനും കപ്യാരും



മലയാറ്റൂരിലെ കപ്യാര്‍ ജോണിയില്‍ ഒരു കൊലയാളി ഉണ്ടെന്ന് നമുക്ക് പൂര്‍ണ്ണമായി പറയാനാവില്ല. ഫാദര്‍ സേവിയറിനെ കൊല്ലുകയാണ് ജോണിയുടെ ലക്ഷ്യമെങ്കില്‍ കഴുത്തിലോ നെഞ്ചിലോ വയറ്റിലോ ഒക്കെയാണ് സ്വാഭാവികമായും കത്തി പ്രയോഗിക്കുക. ഇവിടെ ജോണി ഫാദര്‍ സേവിയറിന്റെ തുടയിലാണ് കുത്തിയത്. ആക്രമിയുടെ മന:ശാസ്ത്രം പരിശോദിക്കുമ്പോള്‍ മനസ്സിലാവുന്നത് ഫാദറുടെ മുന്നോട്ടുള്ള നീക്കം തടയുക മാത്രമായിരുന്നിരിക്കണം ജോണിയുടെ ലക്ഷ്യം. മാത്രമല്ല, ജോണി മാനസികമായും സാമ്പത്തികമായും ഏറെ തളര്‍ന്നിരുന്നതായും നാട്ടുകാര്‍ പറയുന്നു.

മലയാറ്റൂരില്‍ കുരിശുമലയില്‍ ഫാദര്‍ സേവിയര്‍ തേലക്കാട്ട് കൊല്ലപ്പെട്ടതില്‍ നാടിനു ദു:ഖമുണ്ട്. കൊലയാളിയെന്നു പറയുന്ന കപ്യാര്‍ ജോണിയെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതും മാതൃകാപരമായി ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. അത് അതിന്റെ വഴിയിലൂടെ തന്നെ നടക്കട്ടെ.

എന്നാല്‍ കപ്യാര്‍ ജോണിയെ ഈ വിഷയത്തില്‍ മന:ശാസ്ത്രപരമായി വിശകലനം ചെയ്യേണ്ടതായുണ്ട്. കേരളത്തിലെ കപ്യാര്‍മാരുടെ തൊഴില്‍ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും ആരുംതന്നെ കണക്കിലെടുക്കുന്നില്ല എന്ന സത്യവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. നിശ്ചിതമായ ഒരു സേവന വേതന വ്യവസ്ഥകള്‍ നാളിതുവരെ പള്ളികളിലെ കപ്യാര്‍ സമൂഹത്തിന് ഉണ്ടായിട്ടില്ല. ഇവരുടെ ക്ഷേമകാര്യങ്ങളിലും ആര്‍ക്കും താല്‍പ്പര്യമില്ല. പല പള്ളികളിലെയും കപ്യാര്‍മാര്‍ ലേബര്‍ നിയമങ്ങള്‍ക്ക് വിധേയമായല്ല ജോലിയെടുക്കുന്നതെന്നും അറിയാന്‍ കഴിയുന്നു.

കപ്യാര്‍ സമൂഹം രണ്ടുതരമുണ്ട്. പാര്‍ട്ട് ടൈം ഫുള്‍ ടൈം വ്യവസ്ഥയില്‍ ജോലിചെയ്യുന്ന കപ്യാര്‍മാര്‍ ഉണ്ടത്രെ. ഏകദേശം 6000 രൂപ മുതല്‍ 15000 രൂപ വരെയാണത്രേ ഇവരുടെ യഥാക്രമം വേതനമെന്ന് പറയപ്പെടുന്നു. അരമനയുടെയും പള്ളിക്കമ്മിറ്റിയുടെയും ഔദാര്യത്തിന്മേല്‍ വേണം ഈ വേതനം കപ്യാരുടെ കയ്യിലെത്താന്‍. അതിരാവിലെ പള്ളിയില്‍ വന്നാല്‍ ഏതാണ്ട് ഉച്ചവരെയും പള്ളിയില്‍ പിടിപ്പതു പണിയുണ്ട് കേരളത്തിലെ കപ്യാര്‍മാര്‍ക്ക്. വൈകീട്ട് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന പള്ളികളാണെങ്കില്‍ വൈകുംവരെയും പള്ളിയില്‍ തന്നെ കപ്യാരുടെ ജീവിതം. പള്ളി വികാരിയുടെയും ഇടവകാംഗങ്ങളുടെ എല്ലാ കാര്യങ്ങളും കപ്യാര്‍ തന്നെ നോക്കണം. ഇതിന്നിടയില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ രാപകലില്ലാതെ ആ പണിയും നോക്കണം.

വലിയ വരുമാനമുള്ള പള്ളികളാണെങ്കില്‍ നല്ല വരുമാനമുണ്ടാവും അവിടങ്ങളിലെ കപ്യാര്‍മാര്‍ക്ക്. അമ്പതിനായിരവും ഒരു ലക്ഷവും സമ്പാദിക്കുന്ന കപ്യാര്‍മാര്‍ കേരളത്തിലുണ്ടെന്നതും വസ്തുതയാണ്. അവിടെയും അച്ചനും കപ്യാരും കൂടിയാണ് സമ്പാദ്യം പങ്കുവയ്ക്കുന്നത്. പിന്നെ പള്ളിക്കമ്മിറ്റിയും ഇക്കാര്യങ്ങളില്‍ ഇടപെടുകയും പതിവാണ്. അശാസ്ത്രീയമായി ഈ സമ്പാദ്യം പങ്കുവയ്ക്കുന്നതാണ് പല പള്ളികളിലെയും തര്‍ക്കങ്ങള്‍ക്ക് കാരണം. ഇപ്പോള്‍ തൃശൂരിലെ ഒല്ലൂര്‍ പള്ളിയിലും കൊരട്ടി പള്ളിയിലും ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുകയാണ്.

ഇനി മലയാറ്റൂരിലെ കപ്യാര്‍ ജോണിയിലേക്ക് വരാം. ഭാര്യയും രണ്ടു പെണ്മക്കളും ചേര്‍ന്നതാണ് ജോണിയുടെ കുടുംബമത്രേ. 18 വയസ്സില്‍ കപ്യാരായി. ഏതാണ്ട് 30 വര്‍ഷം വരെ ജോണി കുരിശുമല കയറി കപ്യാര്‍ പണി ചെയ്തു. നാളിതുവരെ കപ്യാര്‍ ജോണിക്കെതിരെ കാര്യമായ ആരോപണങ്ങള്‍ ഉള്ളതായി അറിവില്ല. അതിന്നിടെ ജോണിയുടെ ഒരു മകള്‍ മിശ്രവിവാഹിതയായതായി അറിയുന്നു. അതില്‍ ജോണി ഏറെ ദുഖിതനായിരുന്നുവെന്നു പറയപ്പെടുന്നു. അതിനുശേഷമാണ് ജോണി മദ്യത്തിന് അനിയന്ത്രിതമായി അടിമപ്പെട്ടതത്രേ. ഇനിയൊരു മകള്‍ക്കൂടി വിവാഹിതയാവാന്‍ ഉണ്ടത്രേ. ഈ സാഹചര്യത്തില്‍ ജോണി മാനസികമായും സാമ്പത്തികമായും ആകെ തളര്‍ന്നിരുന്നു.

ഈ അവസ്ഥയിലാണ് ജോണിയെ ഫാദര്‍ സേവിയര്‍ തേലക്കാട്ട് കപ്യാര്‍ ജോലിയില്‍ നിന്ന് പുറത്താക്കുന്നത്. ജോണിയുടെ മകള്‍ മിശ്രവിവാഹിതയായ സാഹചര്യത്തില്‍ ഫാദര്‍ സേവിയര്‍ തേലക്കാട്ട് ജോണിയെ പള്ളിയില്‍ നിന്ന് പുറത്താക്കിയതും ജോണിയെ ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ ഏറെ വേദനിപ്പിച്ചിട്ടുണ്ടാവണം. ജോണിക്ക് അര്‍ഹമായവിരമിക്കല്‍  ആനുകൂല്യങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും പറയുന്നുണ്ട്. നിയമവും മനശാസ്ത്രവും പഠിച്ചിട്ടുള്ള ഫാദര്‍ സേവിയര്‍, ജോണിയെ മനശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും മാറ്റിയെടുക്കുന്നതിന് പകരം ശത്രുതാമനോഭാവത്തോടെ സമീപിച്ചതാണ് ഇപ്പോള്‍ ഉണ്ടായ ദുരന്തത്തിലേക്ക് വഴിവച്ചതെന്ന് ജോണിയെ അടുത്തറിയുന്ന നാട്ടുകാര്‍ പറയുന്നു.

ജോണിയില്‍ ഒരു കൊലയാളി ഉണ്ടെന്ന് നമുക്ക് പൂര്‍ണ്ണമായി പറയാനാവില്ല. ഫാദര്‍ സേവിയറിനെ കൊല്ലുകയാണ് ജോണിയുടെ ലക്ഷ്യമെങ്കില്‍ കഴുത്തിലോ നെഞ്ചിലോ വയറ്റിലോ ഒക്കെയാണ് സ്വാഭാവികമായും കത്തി പ്രയോഗിക്കുക. ഇവിടെ ജോണി ഫാദര്‍ സേവിയറിന്റെ തുടയിലാണ് കുത്തിയത്. ആക്രമിയുടെ മന:ശാസ്ത്രം പരിശോദിക്കുമ്പോള്‍ മനസ്സിലാവുന്നത് ഫാദറുടെ മുന്നോട്ടുള്ള നീക്കം തടയുക മാത്രമായിരുന്നിരിക്കണം ജോണിയുടെ ലക്ഷ്യം.

ഫാദര്‍ സേവിയര്‍ തേലക്കാട്ട് ഹൃദയ സംബന്ധമായ അസുഖമുള്ളയാളാണ് എന്നും പറയപ്പെടുന്നു. എന്തായാലും കൂടുതല്‍ വിശദാംശങ്ങള്‍ ജോണിയെ ചോദ്യം ചെയ്‌താല്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. എന്തെങ്കിലും നിഗമനങ്ങളില്‍ എത്തിച്ചേരണമെങ്കിലും അതിനുശേഷം മാത്രമേ സാധിക്കൂ. എന്നിരുന്നാലും കപ്യാര്‍ ജോണിയുടെ മനശാസ്ത്രപരമായ ജീവിത വിശകലനങ്ങളും കണക്കിലെടുക്കേണ്ടതാണ്.


Friday, February 16, 2018

കുതിരാന്‍ തുരങ്കം തുറക്കുന്നത് വികസനത്തിലേക്കോ അതോ പാരിസ്ഥിതിക-സാംസ്കാരിക സങ്കോചത്തിലേക്കോ ?



കുതിരാന്‍ തുരങ്കം തുറക്കുന്നത് വികസനത്തിലേക്കോ അതോ പാരിസ്ഥിതിക-സാംസ്കാരിക സങ്കോചത്തിലേക്കോ ? ഹൈന്ദവ വിശ്വാസത്തേയും സംസ്കാരത്തേയും ഉയര്‍ത്തിപ്പിടിക്കുന്ന നരേന്ദ്ര മോദിയും വികസനത്തിന്‍റെ പേരില്‍ കുതിരാനിലെ അശ്വാരൂഡനായ ശാസ്താവിനെ കയ്യൊഴിഞ്ഞു. എന്നാല്‍ കവിഹൃദയമുള്ള പൊതുമരാമത്ത് മന്ത്രി സുധാകരന്‍ മാത്രം കുതിരാനിലെ ശാസ്താവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് ക്ഷേത്ര ഭരണ സമിതിക്കും അയ്യപ്പ ഭക്തര്‍ക്കും രേഖാമൂലം വാക്കുകൊടുത്തിട്ടുണ്ട്.



സി.ടി.വില്യം

കുതിരാന്‍ തുരങ്കം തുറക്കുന്നത് വികസനത്തിലേക്കോ അതോ പാരിസ്ഥിതിക-സാംസ്കാരിക സങ്കോചത്തിലേക്കോ  ? 2016 ജൂണ്‍ മാസം ആരംഭിച്ച തൃശൂര്‍ ജില്ലയിലെ കുതിരാന്‍ ഇരട്ട തുരങ്ക നിര്‍മ്മാണം ഏതാണ്ട് തീര്‍ന്നു. ഇവയില്‍ ഒരു തുരങ്കം ഫെബ്രുവരി മാസം അവസാനം നാടിന് സമര്‍പ്പിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരം. രണ്ടാം തുരങ്കം മാര്‍ച്ച് അവസാനത്തോടെയും.

ഏകദേശം 200 കോടിയുടെ കുതിരാന്‍ തുരങ്കങ്ങള്‍ തുറക്കുമ്പോള്‍ അത് നാടിന് വലിയ വികസനങ്ങള്‍ കൊണ്ടുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ഏറണാകുളത്തുനിന്ന് കോയമ്പത്തൂര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ മൂന്നു കിലോമീറ്ററിന്റെ സമയലാഭം മാത്രമാണ് ഈ തുരങ്ക നിര്‍മ്മാണം കൊണ്ട് ഉണ്ടാവുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്.

എന്നാല്‍ കുതിരാന്‍ കയറ്റങ്ങളും വളവുകളും ദുരന്തങ്ങള്‍ ഉണ്ടാക്കുന്ന പശ്ചാത്തലത്തിലും വര്‍ഷക്കാലത്തെ മലയിടിച്ചലും കണക്കിലെടുക്കുമ്പോള്‍ കുതിരാന്‍ തുരങ്കങ്ങള്‍ പൊതുജനത്തിന്റെ സന്മനസ്സില്‍ സ്ഥാനം പിടിക്കുമെന്നും പറയാം. അതോടൊപ്പം തന്നെ പ്രകൃതി ഭംഗിയും ആസ്വദിച്ചുകൊണ്ട്‌ കുതിരാന്റെ കയറ്റിറക്കങ്ങളും ആസ്വദിച്ചുകൊണ്ട്‌ കുതിരാന്‍ മലയിലെ ആശ്വാരൂഡനായ ശാസ്താവിനെ വണങ്ങി കാണിക്കയിട്ട് യാത്ര ചെയ്യുന്നതിന്റെ ഒരു സുഖവും നമുക്ക് ഇവിടെ നഷ്ടമാവുന്നുണ്ട്. ഇപ്പോള്‍ കുതിരാന്‍ തുരങ്കങ്ങള്‍ക്ക് ചെലവഴിച്ച 200 കോടികൊണ്ട് കുതിരാന്‍ കുന്നുകളെ നമ്മുടെ സാങ്കേതിക വിദ്യകള്‍ കൊണ്ട് സംരക്ഷിക്കാമായിരുന്നില്ലേ എന്ന യുക്തിഭദ്രമായ ചോദ്യവും അവശേഷിക്കുന്നുണ്ട്.

അപ്പോള്‍പിന്നെ ആര്‍ക്കുവേണ്ടിയാണ് കുതിരാന്‍ തുരങ്കങ്ങള്‍ പണിതീര്‍ക്കുന്നതെന്നും ന്യായമായൊരു ചോദ്യം ചോദിക്കാവുന്നതാണ്. ആറുവരിപ്പാത നിര്‍മ്മാണത്തിന് മാത്രം ഏകദേശം 760 കോടി രൂപയാണ് നിലവില്‍ വകയിരുത്തിയിരിക്കുന്നത്. ഇതില്‍ കുതിരാന്‍ തുരങ്ക നിര്‍മ്മാണത്തിനുമാത്രം 200 കോടി വകയിരുത്തിക്കാണുന്നു. എന്നാല്‍ രണ്ടു കിലോമീറ്റര്‍ ദൂരത്തെ കുതിരാന്‍ കരിങ്കല്‍ മലകള്‍ പൊട്ടിച്ചെടുത്ത പാറകളുടെ മൂല്യം ആരെങ്കിലും കണക്കെടുത്തുവോ എന്ന കാര്യം സംശയമാണ്. ഈ ആറുവരിപ്പാതയുടെ നിര്‍മ്മാണത്തിന്റെ മുഴുവന്‍ ആവശ്യത്തിനും വേണ്ടിവരുന്ന; ഒരുപക്ഷെ ആവശ്യത്തില്‍ കൂടുതലും പാറയാണ്‌ ഇവിടെ നിന്ന് കരാറുകാര്‍ പൊട്ടിച്ചെടുത്തത്. ഈ പാറകള്‍ അവിടെത്തന്നെ നിര്‍മാണാവശ്യത്തിനുതകും വിധം മെറ്റലും കരിങ്കല്‍ പൊടിയുമായി സംസ്കരിച്ചെടുക്കുകയാണ് കരാറു കമ്പനികള്‍.

ഇവിടെയാണ്‌ ആറുവരിപ്പാത നടത്തിപ്പുകാരായ നാഷണല്‍ ഹൈവേ അതോറിറ്റിയും, അവരുടെ കരാര്‍ കൂട്ടുകെട്ടായ ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി. കരാറു കമ്പനിയും, തൃശൂര്‍ എക്സ്പ്രസ്സ്‌ വേ ലിമിറ്റഡ് എന്ന കമ്പനിയും, പ്രഗതി എഞ്ചിനീയറിംഗ് റെയില്‍വേ പ്രൊജക്റ്റ്‌ എന്ന കമ്പനിയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം തീരുന്ന മുറക്ക് ജനങ്ങളെ പിഴിയുന്നതിന്നായി മറ്റൊരു ടോള്‍ പിരിവുകേന്ദ്രം കൂടി മണ്ണുത്തി-വടക്കാഞ്ചേരി ആറുവരിപ്പാതയില്‍ പിടിമുറുക്കുന്നുണ്ടെന്ന വസ്തുത നാമാരും വിസ്മരിച്ചുകൂട. ഇവരൊക്കെ കൂടി കടലാസ്സില്‍ ചെലവഴിച്ച ഏകദേശം ആയിരം കോടിക്ക് പകരം തൃശൂര്‍ ജില്ലയിലെ പാല്യേക്കര ടോള്‍ പ്ലാസ്സയിലേതുപോലെ ആറായിരം കോടിയെങ്കിലും ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കും.

ഇവിടെയാണ്‌ കുതിരാന്‍ തുരങ്കങ്ങള്‍ വികസനത്തിലേക്കോ പാരിസ്ഥിതിക-സാംസ്കാരിക സങ്കോചത്തിലേക്കോ എന്ന ചോദ്യമുയരുന്നത്. ഇപ്പോള്‍തന്നെ കുതിരാന്‍ തുരങ്കങ്ങള്‍ക്ക് അരികിലുള്ള, പീച്ചി ഡാമില്‍ ചെന്നവസാനിക്കുന്ന ഇരുമ്പുപാലം തോട് ഏതാണ്ട് മാലിന്യങ്ങള്‍ കൊണ്ട് മൂടിക്കഴിഞ്ഞു. കേരളത്തിന്‍റെ ചരിത്രത്തിനും അപ്പുറം ചരിത്രമായ കുതിരാന്‍ ശാസ്താ ക്ഷേത്രവും ഇനി ഓര്‍മ്മയാവും. ഈ ക്ഷേത്രത്തിലേക്കുള്ള വഴിയും സര്‍ക്കാര്‍ സ്പോണ്‍സര്‍മാരായ കരാറുകമ്പനികള്‍ ഭാവിയില്‍ കൊട്ടിയടക്കും.     

നാടിന്റെ രക്ഷയ്‌ക്കായി പണ്ട്‌ പരശുരാമന്‍ 108 ശാസ്‌താക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതായാണ്‌ ഐതീഹ്യം പറയുന്നത്. പല സങ്കല്‍പ്പങ്ങളിലായി പ്രതിഷ്‌ഠിച്ചിട്ടുള്ള ശാസ്‌താവിനെ ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലാണ്‌ കുടിയിരിത്തിയിരിക്കുന്നത്‌. ശബരിമലയിലെ ധര്‍മ്മശാസ്‌താവായ കലിയുഗ വരദ ഭാവം മുതല്‍ കുളത്തൂപ്പുഴയിലെ ബാലഭാവവും, അച്ഛന്‍കോവിലിലെ കൗമാരഭാവവും, ആര്യങ്കാവിലെ പൂര്‍ണ പുഷ്‌കല സമേതന്‍റെ ഭാവവും, ചമ്രവട്ടത്തെ  വില്ലാളി ഭാവവും, കുതിരാനിലെ ആശ്വാരൂഡഭാവവും പ്രത്യേകം എടുത്തുപറയത്തക്കതാണ്.

പുരാതന കേരളത്തിലെ 64 ഗ്രാമങ്ങളില്‍ വച്ച് പേരുകേട്ട പെരുവനം ഗ്രാമമാണ് നാല് ശാസ്താവിനാല്‍ കാത്തുസംരക്ഷിക്കുന്നതത്രേ. കിഴക്ക്‌ തൃശൂര്‍ - പാലക്കാട്‌ റൂട്ടില്‍ വടക്കഞ്ചേരിക്കടുത്തുള്ള കുതിരാന്‍ മല ശാസ്‌താവ്‌, പടിഞ്ഞാറ്‌ ഇരിങ്ങാലക്കുട എടമുട്ടം റൂട്ടില്‍ കാട്ടൂരിനടുത്തുള്ള എടത്തുരുത്തി ശാസ്‌താവ്‌, വടക്ക്‌ തൃശൂര്‍ ഷൊര്‍ണൂര്‍ റൂട്ടില്‍ വടക്കാഞ്ചേരിക്കടുത്തുള്ള അകമല ശാസ്‌താവ്‌, തെക്ക്‌ കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ പടാകുളത്തുള്ള ഉഴുവത്ത്‌ ശാസ്‌താവ്‌. 

അശ്വാരൂഢനായി വേട്ടയ്ക്കു പുറപ്പെടുന്ന രൂപത്തിലാണ്‌ ശാസ്‌താവിനെ കുതിരാനില്‍ കുടിയിരിത്തിയിരിക്കുന്നത്‌. ഈ പ്രദേശം മുമ്പ്‌ അറിയപ്പെട്ടിരുന്നത്‌ കുതിരകേറാത്ത മല എന്നായിരുന്നു. പിന്നീട്‌ അത്‌ ലോപിച്ച്‌ കുതിരകേറാ മലയായി. പിന്നീട് കുതിരാന്‍ മലയുമായി. അങ്ങനെയാണത്രേ ഈ പ്രദേശത്തിന്‌ കുതിരാന്‍ എന്ന പേര്‌ ലഭിച്ചത്‌. ഒരുകൈയില്‍ അമ്പും വില്ലും മറുകൈയില്‍ കടിഞ്ഞാണുമായി രക്ഷക ഭാവത്തിലാണ്‌ ശാസ്‌താവ് ഇവിടെ വസിക്കുന്നത്.

ഈ വഴി കടന്നുപോകുന്ന അനേകം യാത്രക്കാരും ശബരിമലയ്‌ക്കു പോകുന്ന അയ്യപ്പഭക്തന്മാരും ഈ അശ്വാരൂഡന് അര്‍പ്പിക്കുന്ന വഴിപാടുകള്‍ക്ക് കയ്യും കണക്കുമില്ല. ശാസ്താവിന് രക്ഷകഭാവം ഉള്ളതുകൊണ്ടായിര്‍ക്കണം ഈ വാഹനമോടിക്കുന്ന എല്ലാവരും കാണിക്ക സമര്‍പ്പിക്കും. ഇങ്ങനെ കിട്ടുന്ന വരുമാനം കൊണ്ട് ദിവസവും അന്നദാനം നടക്കുന്നുണ്ട്. പിന്നെ ഭക്തജനങ്ങള്‍ക്കുള്ള സഹായങ്ങളും നല്കിപ്പോരുന്നു. ഒരുപക്ഷെ കേരളത്തിലെ സാമാന്യം ഭേദപ്പെട്ട വരുമാനമുള്ള ഒരു ക്ഷേത്രമാണ് കുതിരാനിലെ ഈ ശാസ്താ ക്ഷേത്രം. വികസനത്തിന്റെ തുരങ്കങ്ങള്‍ തുറക്കുന്നതോടെ അശ്വാരൂഡനായ ശാസ്താവിന് അടുത്തൊരു വനവാസം കൂടി സര്‍ക്കാര്‍ പതിച്ചുകൊടുക്കും. 

കുതിരാനിലെ ക്ഷേത്ര ഭരണ സമിതിയും ഭക്തരും ചേര്‍ന്ന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും പരാതികള്‍ സമര്‍പ്പിച്ചിട്ട്‌ രണ്ടുമൂന്നു വര്‍ഷങ്ങളായി. ഹൈന്ദവ വിശ്വാസത്തേയും സംസ്കാരത്തേയും ഉയര്‍ത്തിപ്പിടിക്കുന്ന നരേന്ദ്ര മോദിയും വികസനത്തിന്‍റെ പേരില്‍ കുതിരാനിലെ അശ്വാരൂഡനായ ശാസ്താവിനെ കയ്യൊഴിഞ്ഞു. 

എന്നാല്‍ കവിഹൃദയമുള്ള പൊതുമരാമത്ത് മന്ത്രി സുധാകരന്‍ മാത്രം കുതിരാനിലെ ശാസ്താവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് ക്ഷേത്ര ഭരണ സമിതിക്കും അയ്യപ്പ ഭക്തര്‍ക്കും രേഖാമൂലം വാക്കുകൊടുത്തിട്ടുണ്ട്. ആ രേഖയുടെ ബലത്തില്‍ കേരള ഹൈക്കോടതിയില്‍ ഒരു കേസും നിലനില്‍ക്കുന്നുണ്ട്. ഇന്നോ നാളെയോ വിധി പറയാനിരിക്കുന്ന ആ കേസ്സില്‍ കുതിരാനിലെ ശാസ്താവിന് ഒരു പക്ഷെ ഒരു സര്‍വ്വീസ് റോഡ്‌ തുറന്നുകിട്ടാം. അതിന്നായി കുതിരാനില്‍ ശരണം വിളികള്‍ ഉയരുന്നു. 

സി.ടി.വില്യം