Friday, December 17, 2010

അമ്മത്തൊട്ടില്‍

കവിത 

അമ്മത്തൊട്ടില്‍

പാപഭയാശങ്കയാലാകുഞ്ഞുഭാരത്തെ 
പാല്‍പത വറ്റാത്ത മാറിലൊളി പ്പിച്ചവള്‍ 
അനങ്ങാതെ, അനങ്ങിയടുത്താ -
അമ്മയില്ലായമ്മത്തൊട്ടിലിന്‍  ചാരെ.


പാല്‍ ചുണ്ടുണങ്ങാത്തിവള്‍ ഉണരുമോ ?
പാല്‍ ചൂടുചാര്‍ത്തിയാപൂമേനിയാറിത്തണ്‌ക്കുമോ ?
കാത്തിരിപ്പിന്റെ മാറാല പാറുമീ -
മാര്‍വ്വിടമിവള്‍ക്കിണങ്ങുമോ  ? ഇവള്‍ പിണങ്ങുമോ ? 


ഉണ്ണി നിറഞ്ഞവയറനങ്ങും പോലെയവളുടെ
കണ്ണിലെ ഉണ്ണികളനങ്ങിയവിരാമം . 
മാറിലെ പാല്‍കുഞ്ഞു തുളുമ്പാതെ
മാറനങ്ങാതെ , മണ്ണ് നോവാതെ, അവള്‍  നടന്നു . 


കണ്ണുകളൊരായിരം അവള്‍ക്കുചുറ്റും ജ്വലിച്ചു
ചുണ്ടുകളൊരായിരം അവള്‍ക്കുചുറ്റും ചുഴലി വീശി . 
അവളൊരു നിമിഷം ഗാന്ധാരിയായി 
അവളൊരു നിമിഷം ഗാന്ധാരീവിലാപമായി .


അകലെ നിന്നൊരു പാദസരം കിലുങ്ങി 
വെള്ളരി പ്രാക്കളും കുറുകുറെ കുറുകിയെത്തി
അതുകേട്ടവളുടെ മാര്‍വ്വിടപക്ഷികള്‍ പറന്നു പോയി 
അതുകണ്ടവളൊരു ഉണ്ണി കൊഴിഞ്ഞ മാമ്പൂവ്വായി .


സി . ടി . വില്യം 
        

No comments:

Post a Comment