Wednesday, March 28, 2012

അഴീക്കോട് മാഷ്‌ പുസ്തകത്തിലൂടെ കണ്ണുകളും വിരലുകളും ഓടിച്ചു . ബാലചന്ദ്രന്‍ വടക്കേടത്ത് എഴുതിയ അവതാരിക കണ്ടതും മാഷിന്റെ മുഖം പ്രക്ഷുബ്ദമായി.



അഴീക്കോട് മാഷേ കുറിച്ചുള്ള എന്റെ ഓര്‍മകുറിപ്പുകള്‍ ഗുരുപ്രണാമം ഒമ്പതാം ഭാഗം തുടരുന്നു ...
രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടേറെ വീക്ഷണ വൈചിത്ര്യമുള്ള എന്റെ "ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ " എന്ന പുസ്തകത്തിന് അവതാരിക എഴുതാന്‍ ഞാന്‍ മനസ്സ് കൊണ്ട് ഉദ്യേശിച്ചത്‌ അന്നത്തെ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ്  മന്ത്രി  ശ്രി.എം . എ . ബേബിയെ  ആയിരുന്നു. ശ്രി .എം .എ . ബേബി അത് സവിനയം സമ്മതിക്കുകയും ചെയ്തിരുന്നു .

എന്റെ "ഇതുവരെ " എന്ന കവിത പുസ്തകം പ്രകാശനം ചെയ്തത്  ശ്രി .എം .എ . ബേബി ആയിരുന്നു . "ഇതുവരെ "യുടെ ഒരു  പ്രസിദ്ധീകൃത പ്രതിയും "ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ " എന്ന പുസ്തകത്തിന്റെ ഒരു കയ്യെഴുത്തു പ്രതിയും ഞാന്‍ നേരത്തെ തന്നെ ശ്രി .എം .എ . ബേബിക്ക് കൊടുത്തിരുന്നു. 
എന്നാല്‍ തിരക്കിനിടയില്‍ കയ്യെഴുത്തുപ്രതി എവിടെയോ വച്ചു നഷ്ടപ്പെട്ടുവെന്ന്  പറഞ്ഞ ബേബി ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ പിന്നീട് ഒരു പ്രതി കൂടി കൊടുക്കുകയുണ്ടായി. തിരക്ക്  മൂലമോ മനപൂര്‍വ്വകമോ എന്നെനിക്കറിയില്ല , ശ്രി .ബേബി അവതാരിക എഴുതിതന്നില്ല .

"ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍" വായിച്ചുനോക്കിയ പലരും പുസ്തകം പെട്ടെന്ന് അച്ചടിച്ചിറക്കണമെന്ന നിര്‍ദേശം വയ്ക്കുകയുണ്ടായി. കാരണം , ഒട്ടേറെ ആനുകാലിക സംഭവങ്ങളുമായി ആ പുസ്തകത്തിന് ആത്മബന്ധമുണ്ടായിരുന്നു . അച്ചടി വൈകിയാല്‍ അതിന്റെ ആനുകാലിക പ്രസക്തി നഷ്ടപ്പെടുമായിരുന്നു.

അങ്ങനെയാണ് അക്കാദമിയിലെ ചില സുഹൃത്തുക്കളും എന്റെ ചില അഭ്യുദയകാംഷികളും പറഞ്ഞതനുസരിച്ച് ഈ പുസ്തകത്തിന്റെ അവതാരിക എഴുതാന്‍ ശ്രി .ബാലചന്ദ്രന്‍ വടക്കേട ത്തിനെ ഏല്പിച്ചത്. പുതിയ തലമുറയിലെ ഒരു നിരൂപകന്‍ എന്ന നിലയില്‍ അയാള്‍ തീര്‍ത്തും യോഗ്യനാണെന്നും എനിക്ക് ബോധ്യമുണ്ടായിരുന്നു .

ശ്രി .ബാലചന്ദ്രന്‍ വടക്കേടത്ത് അധികം വൈകാതെ തന്നെ അവതാരിക എഴുതി  തന്നു . ഞാനത് നന്നായി  വായിച്ചുനോക്കിയിരുന്നു. അവതാരികാകാരന് ധര്‍മഭ്രംശമൊന്നും സംഭവിച്ചതായി അന്നും ഇന്നും എനിക്ക് തോന്നിയിട്ടില്ല. പുസ്തകം അധികം വൈകാതെ അച്ചടിക്കുകയും ചെയ്തു.
 ആസ്വാദനത്തിനും, നിരൂപണത്തിനും, വിമര്‍ശനത്തിനും ഇടയി ലെവിടെയോ ആയിരുന്നു  എന്റെ പുസ്തകത്തിന്റെ സ്ഥാനം. എന്നിരുന്നാലും ഈ പുസ്തകം എഴുതാനുള്ള പ്രേരക ശക്തിയും വ്യക്തിയും എന്റെ പ്രിയപ്പെട്ട അഴീക്കോട് മാഷ്‌ തന്നെയായിരുന്നു എന്നതുകൊണ്ടും മലയാള സാഹിത്യത്തില്‍ മാഷ്‌ എന്റെ ഗുരുവായതുകൊണ്ടും ഈ പുസ്തകം ഞാന്‍ എന്റെ പ്രിയപ്പെട്ട അഴീക്കോട് മാഷിന് സമര്‍പ്പിക്കുകയായിരുന്നു. 

അഴീക്കോട്  മാഷല്ലാതെ ഈ പുസ്തകം ഏറ്റുവാങ്ങി പ്രകാശിപ്പിക്കാന്‍  അര്‍ഹതയും  യോഗ്യതയും ഉള്ള ഒരാളും ഇന്ധ്യയിലില്ലെന്ന വിശ്വാസമാണ് എനിക്കുള്ളത് . മാഷ്‌ അത് നിര്‍വഹിക്കുമെന്ന  വിശ്വാസവും എനിക്കുണ്ടായിരുന്നു .

പുസ്തകം അച്ഛടിച്ചുകിട്ടിയ ഉടന്‍ ഞാന്‍ മാഷിന്റെ ഡ്രൈവറും സെക്രട്ടറിയുമായ സുരേഷിനെ വിളിച്ചു .മാഷിന് പുസ്തകത്തിന്റെ ഒരു  കോപ്പി കൊടുക്കണം. ചടങ്ങിന് ക്ഷണിക്കണം . ഇതായിരുന്നു ഉദ്യേശം. സുരേഷ് എന്നോട് ഇങ്ങനെ പറഞ്ഞു ," നാളെ മാഷിന് അക്കാദമിയില്‍ പരിപാടി ഉണ്ട് .അപ്പോള്‍ നേരില്‍ കാണാം. "

ഞാന്‍ പിറ്റേന്ന് അക്കാദമിയിലെത്തി. കോയമ്പത്തൂര്‍ ഈറോഡിലുള്ള ഏതോ ശ്രീനാരായണീ യരുടെ ഒരു സുവനീര്‍ പ്രകാശന ചടങ്ങായിരുന്നു അത്. അഴീക്കോട് സമയത്തിനുതന്നെ എത്തിയിരുന്നു.അഴീക്കോട് എന്നും അങ്ങനെയാണ് . പരിപാടികളില്‍  കൃത്യത പാലിക്കും. പരിപാടി കഴിയും വരെ വേദിയിലിരിക്കും. വേദിയിലെ എല്ലാവരെയും സ്വാഗതം ചെയ്യും. അവിടെ  വലിയവനെന്നോ ചെറിയവനെന്നോ ഭേദം ഇല്ല. വേദികളില്‍ അഴീക്കോട് ആദരണീയ നാവുന്നതിന്റെ പൊരുള്‍ ഇതാണ്.

അഴീക്കോടിന്റെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആളുകള്‍ വളരെ കുറവായിരുന്നു. അഴീക്കോട് മാഷിന്റെ ഏതാണ്ട് എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന ഒരാളാണ് ഞാന്‍ . എന്നാല്‍ ഇത്രയും   ശുഷ്കമായ ഒരു അഴീക്കോട് വേദി ഞാന്‍ ആദ്യമായി കാണുകയായിരുന്നു. ഇത്തരം വേദികള്‍ നിയന്ത്രിക്കണമെന്നും ഞാന്‍ അന്ന് അഴീക്കോടിനോടും  സുരേഷിനോടും പറയുകയുണ്ടായി . നിര്‍വാഹമില്ലാത്തതുകൊണ്ടാണ്  ഇങ്ങനെയൊക്കെ സംഭവിക്കുന്നത്‌ എന്ന് അഴീക്കോട് എന്നോട് പറയുകയും ചെയ്തു. 


ശ്രോതാക്കളെ പ്രതീക്ഷിച്ച് സംഘാടകര്‍ പരിപാടി വൈകിച്ഛതുകൊണ്ട് എനിക്കും മാഷിനും സംസാരിക്കാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും വേണ്ടത്ര സമയം കിട്ടി. ഞാന്‍ വിനയപുരസ്സരം മാഷിന് പുസ്തകത്തിന്റെ ആദ്യ പ്രതി സമ്മാനിച്ചു. "മാഷിനാണ് സമര്‍പ്പണം " എന്ന് വികാരവായ്പ്പോടെ ഓര്‍മിപ്പിച്ചു.


അഴീക്കോട് മാഷ്‌ പുസ്തകത്തിലൂടെ കണ്ണുകളും വിരലുകളും ഓടിച്ചു . ബാലചന്ദ്രന്‍ വടക്കേടത്ത് എഴുതിയ അവതാരിക കണ്ടതും മാഷിന്റെ മുഖം പ്രക്ഷുബ്ദമായി. ആ മുഖത്തു ഒരു കര്‍ക്കിടകം ഇടിവെട്ടി പെയ്തു .  പിന്നെ  മാഷ്‌ പറഞ്ഞതൊന്നും ഇവിടെ  പറയാനാവില്ല . പറഞ്ഞാല്‍ അത് മാഷിനോടും എന്നോടും ചെയ്യുന്ന മഹാപാതകമായിരിക്കും.

ഡോ. സി.ടി. വില്യം

ഗുരുപ്രണാമം പത്താം ഭാഗം അടുത്ത ബ്ലോഗ്ഗില്‍ തുടരും .

Friday, March 23, 2012

നാട്ടില്‍ സല്‍ഭരണം . കുടുംബത്തില്‍ സമാധാനം. സമാധാനം നമ്മോടുകൂടെ. കാരണം വീടുകളില്‍ ഇനി പത്രം വീഴില്ല.


പത്രം വീഴാത്ത കുറച്ചു ദിവസങ്ങള്‍ കടന്നു പോയിരിക്കുന്നു . ആദ്യമൊക്കെ രാവിലെ ഒരു അസ്വസ്ഥതയായിരുന്നു . പിന്നെ പിന്നെ അത്  മാറി. ഇപ്പോള്‍ പരമ സുഖം . ഇനിയിപ്പോള്‍ പത്രം വേണമെന്നേ തോന്നുന്നില്ല . കാലത്ത് വീട്ടില്‍ വഴക്കും വക്കാണവും ഇല്ല. ചായ കുടിക്കാനും കക്കൂസില്‍ പോവാനും ഇപ്പോള്‍ പത്രം വേണ്ട. നല്ല സ്വസ്ഥതയും സന്തോഷവും കൈ വന്നിരിക്കുന്നു.

ഇപ്പോള്‍ തോന്നുന്നു ഇത്രയും നാള്‍ എന്തിനാണ് ഈ പത്രത്തിന്റെ പിറകില്‍ പോയതെന്ന് . കാലത്ത് പത്രം വീണാല്‍ പിന്നെ ഒരു പിടിച്ചു പറിയാണ് . സിനിമ  പേജ്  മകളുടെ കയ്യിലും , സ്ഥല കച്ചവട  പേജ് മകന്റെ കയ്യിലും, സീരിയല്‍ പേജ് അമ്മയുടെ കയ്യിലും , മുഖ പേജ്  എന്റെ കയ്യിലുമായി ഞാന്‍ കക്കൂസിലും . മകളും മകനും അവരവരുടെ പേജുകളുമായി  മൊബൈല്‍ ഫോണുകളിലും, അമ്മ മിക്കവാറും സീരിയല്‍ പേജിലേക്ക് ഉള്ളിയോ പച്ച മുളകോ അറിഞ്ഞിട്ടും , ഞാന്‍ കക്കൂസില്‍ പോയ പണി മറന്നും പത്രം പിടിച്ചിരിക്കും. യഥാര്‍ഥത്തില്‍ ആരും തന്നെ പത്രം വായിക്കുന്നില്ല എന്നതാണ് സത്യം . എന്നാല്‍ എല്ലാവര്‍ക്കും പത്രം വേണം താനും. എല്ലാവര്‍ക്കും എല്ലാ ഷീറ്റും കിട്ടുമ്പോഴേക്കും സമയം ഏറെയാവും. അടുക്കള പണി ബാക്കിയാവുമ്പോള്‍ ചോറ്റുപാത്രത്തില്‍ ചമ്മന്തി കേറും. എനിക്കും കുട്ടികള്‍ക്കും പതിവ് ബസ്സ്‌ നഷ്ടപ്പെടും. കുട്ടികള്‍ക്ക് കാലത്തെ ഒരു പീരീഡ്‌ നഷ്ടം. എനിക്ക് ആപ്പീസില്‍ ഒപ്പിടണമെങ്കില്‍ സുപ്രണ്ടിന്റെ ബോറന്‍ മോറും കാണണം.

ആപ്പീസില്‍ ചെന്നാല്‍ പിന്നെ വാര്‍ത്താ വിചാരണയാണ് . പീഡനം,രാഷ്ട്രീയം,പണിമുടക്ക്‌, പെന്‍ഷന്‍ പ്രായം, ഡി എ. പത്തു പേര്‍ പത്തു പത്രങ്ങളും വായിക്കാതെ വരും . എന്നിട്ട് അവരവര്‍ക്ക് വിഹിതം വച്ചുകിട്ടിയ വാര്‍ത്തയില്ലാ വാര്‍ത്ത ശരിക്ക്  വായിക്കാതെയും മനസ്സിലാക്കാതെയും  തോന്നിയത് വിളിച്ചുപറയും. പിന്നെ വഴക്കും വക്കാണവും . ഫയലുകള്‍ ഒക്കെ കെട്ടിക്കിടക്കും . മാസം ശമ്പളം കിട്ടുമ്പോള്‍ ഒരു വിഹിതം പത്രക്കാരനും. എന്നാല്‍ സത്യം അറിയാന്‍ കഴിഞ്ഞോ ? അതുമില്ല. പത്തു പത്രത്തിനും പത്തു സത്യം. വായനക്കാരന്റെ സ്വഭാവത്തിന് വല്ല മാറ്റവും ഉണ്ടോ ? ഇല്ലേ ഇല്ല. പത്രങ്ങള്‍ക്കു വല്ല മാറ്റവും ഉണ്ടായോ ? പുതിയ എഡീഷനുകള്‍. പുതിയ കെട്ടിടങ്ങള്‍ . പുതിയ രാഷ്ട്രീയ - മാധ്യമ കരാറുകള്‍ . സിന്റികെറ്റുകള്‍ . പുതിയ മര്‍ഡോക്കുകള്‍.

ഇപ്പോള്‍ പത്രമില്ല. വാര്‍ത്തയില്ല. പിറവം തെരഞ്ഞെടുപ്പ് വിജയം സമാധാനപരമായി ജനങ്ങള്‍ അറിഞ്ഞു. ചന്ദ്രപ്പന്‍ സമാധാനപരമായി മരിച്ചു. ഭൂമിയില്‍ സര്‍വത്ര സമാധാനം . പീഡനം,രാഷ്ട്രീയം,പണിമുടക്ക്‌, പെന്‍ഷന്‍ പ്രായം, ഡി എ. അനാശാസ്യം, സമരങ്ങള്‍, മാലിന്യം  ഒന്നുമില്ല. കാലത്ത് ഇഷ്ടം പോലെ സമയം. ചോറ്റുപാത്രത്തില്‍ നല്ല കറിയും വറവും വന്നു. കുട്ടികള്‍ക്കും എനിക്കും പതിവ് ബസ്സ്‌ കിട്ടുന്നുണ്ട്‌. പത്തു മണിക്ക് അപ്പീസില്‍  ഒപ്പിടാം . കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെടുന്നില്ല . അവരുടെ പഠിപ്പ് മെച്ചപ്പെട്ടിടുണ്ട് . ഫയലുകള്‍ ഒന്നും തന്നെ കെട്ടിക്കിടക്കുന്നില്ല. നാട്ടില്‍ സല്‍ഭരണം . കുടുംബത്തില്‍ സമാധാനം. സമാധാനം നമ്മോടുകൂടെ.

ഇനി പത്രത്തിന്റെ മുഖ പേജില്‍ ടാറ്റയുടെയും റിലയന്‍സിന്റെയും പരസ്യം വായിക്കണ്ട. ആ പരസ്യത്തിനു നാം പണവും കൊടുക്കണ്ട . നഗരപേജുകളില്‍  ക്ലാസ് മേറ്റ്സിനെ കാണണ്ട . നുണകള്‍ വായിക്കണ്ട .നുണകള്‍ പ്രചരിപ്പിക്കണ്ട. പരസ്യത്തിന്റെ വലകളില്‍ വീഴണ്ട . വഞ്ചിതരാകണ്ട. മാസശമ്പളം മുഴുവനും വാങ്ങാം . പത്രം വായിച്ചതിനും  ചെയ്തുപോയ പാപത്തിനും ഒരു ഗംഗയിലും  പോയി  കുളിക്കണ്ട . പത്രം വായിച്ചതിന്റെ അനാരോഗ്യത്തിന് ഒരു ഇന്‍ഷുറന്‍സ് പരിരക്ഷയും അവകാശപ്പെടണ്ട . ഒരു പത്രത്തിന്റെ കൂടെ മറ്റൊരു പത്രവും സൌജന്യമായി വായിക്കണ്ട . 

ഇനി കാര്യത്തിലേക്ക് കടക്കാം. പത്ര വിതരതരണക്കാരുടെ സമരം തുടങ്ങീട്ട് 15 ദിവസത്തോളമായി. പത്ര ഉടമകള്‍ക്കോ സര്‍ക്കാരിനോ ഇതിലൊന്നും കാര്യമില്ല എന്ന നിലപാടിലാണ്. പത്ര ഉടമകളോടൊപ്പം നിന്ന് സര്‍ക്കാര്‍ ഈ പാവം തൊഴിലാളികളുടെ സമരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത് . പത്ര ഉടമകള്‍ക്ക് വേണ്ടി കോടികള്‍ കൊയ്തെടുക്കുന്ന ഈ പാവം തൊഴിലാളികളുടെ ന്യായമായ അവകാശത്തിനുമുന്നില്‍ തികഞ്ഞ നിസ്സംഗതയാണ് ഇവരൊക്കെ പുലര്‍ത്തുന്നത് . മൂന്നാംകിട രാഷ്ട്രീയക്കാര്‍ക്കും , സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും, ആധ്യാല്മീക കച്ചവടക്കാര്‍ക്കും അവരുടെ പടം അച്ചടിച്ചുകാണാന്‍ ഇതൊരു നല്ല അവസരമായി കണ്ടു അവരെല്ലാം രാവിലെ പത്ര വിതരണം ഏറ്റെടുത്തിരിക്കുകയാണ്. ചില പള്ളിയിലെ അച്ചന്മാര്‍ കാലത്ത് പരിശുദ്ധ കുര്‍ബാനയ്ക്ക് ജീവന്റെ അപ്പത്തോടൊപ്പം പത്രവും നാവില്‍ വച്ചുകൊടുക്കുന്നത്രേ . 
    
ഏതാണ്ട് പത്തു പുസ്തകമെഴുതീട്ടും, അനവധി സാംസ്ക്കാരിക കൂട്ടായ്മയില്‍ പങ്കെടുത്തിട്ടും പത്രത്തില്‍ കാല്‍ കോളം പോലും വാര്‍ത്ത കിട്ടാത്ത ഒരാള്‍ ഈയിടെ പത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് കണ്ടു . അയാള്‍ അയാളുടെ നാട്ടില്‍ പത്രം വിതരണം ചെയ്യുകയാണിപ്പോള്‍. അയാള്‍ എന്നോട് സ്വകാര്യമായി പറഞ്ഞു . " നാം കഷ്ടപ്പെട്ട് എഴുതുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ അംഗീകാരം പത്രം വില്ക്കുമ്പോഴാണ് ."

ഇപ്പോള്‍ വായനക്കാരുടെ കൂട്ടായ്മയോടും അവരുടെ പ്രവര്‍ത്തനങ്ങളോടും വലിയ താത്പര്യമാണ് പത്രസ്ഥാപനങ്ങള്‍ക്ക്‌ . കാരണം അവരാണല്ലോ ഇപ്പോള്‍ പത്രം വിതരണം ചെയ്യുന്നത് . സമരം തീര്‍ന്നാല്‍ പിന്നെ തിരിഞ്ഞുനോക്കില്ല . വായനക്കാരുടെ കോളത്തില്‍ ഇവരുടെ ഒരു കത്ത് പോലും ചേര്‍ക്കില്ല. അല്ലെങ്കില്‍ തന്നെ വായനക്കാരോട് ഇത്രയ്ക്കു സ്നേഹം കാണിക്കുന്നവര്‍ പതിനാലു പേജുള്ള പത്രത്തില്‍ കാല്‍ പേജു പോലും വായനക്കാര്‍ക്ക് നീക്കിവക്കുന്നില്ല.

പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അവരുടെ വാര്‍ത്തയാണ് . അല്ലെങ്കില്‍ അവരുടെ പ്രസ്ഥാനത്തിന്റെ വാര്‍ത്തയാണ്. പതിനാല് പേജില്‍ പത്തു പേജും പരസ്യമാണ്. രണ്ടു പേജ് കാശിന് വിറ്റുപോയ വാര്‍ത്തയുമാണ് . ബാക്കി രണ്ട് പേജ് , പത്രവും പാര്‍ടികളും തമ്മിലുള്ള കരാറു പ്രകാരമുള്ള വാര്‍ത്തകളുമാണ് . പത്രത്തില്‍ ഇല്ലാത്തത് ജനങ്ങളുടെ വാര്‍ത്തയാണ് . ഇതിനി നാം വായിക്കണോ ? ഇപ്പോളാണെങ്കില്‍ അച്ചടിച്ചു വരുന്നത് മുഴുവനും പത്രവിതരണ സംബന്ധിയായ വാര്‍ത്തകളാണ്. ഇതൊക്കെ വായിച്ച പാപം കഴുകിക്കളയാന്‍ ഏതു ഗംഗയില്‍ എത്ര പ്രാവശ്യം സ്നാനം ചെയ്യണമോ ആവോ ? 

ഏതൊരു പത്രത്തിന്റെ പരസ്യവരുമാനം കണക്കിലെടുക്കുമ്പോള്‍ മനസ്സിലാവുന്ന സത്യം , ആ പത്രം പൂര്‍ണമായും സൌജന്യമായി വായനക്കാര്‍ക്ക് കൊടുക്കാവുന്നതും ഒപ്പം ഒരു ചെറിയ ബോണസ്സായി ഇരുപത്തഞ്ചോ അമ്പതോ പൈസ കൂടി പത്ര ഉടമക്ക് വായനക്കാര്‍ക്ക് കൊടുക്കാമെന്നാണ് . ഇതാണ് പരമമായ സത്യം .

 
ഈ സാഹചര്യത്തില്‍ വായനക്കാര്‍ മുഴുവനും പത്രങ്ങള്‍ ബഹിഷ്കരിച്ച്‌ പത്ര വിതരണക്കാരുടെ ന്യായമായ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടതുണ്ട്.



നേര് നേരത്തെ അറിയാത്തതില്‍ ഒരു വിഷമവുമില്ല. പത്രത്തിന്റെ യഥാര്‍ത്ഥ ശക്തിയും അനുഭവിക്കാത്തതില്‍ ഒരു വിഷമവുമില്ല. മലയാളത്തിന്റെ സുപ്രഭാതം പത്രത്തിലൂടെ അനുഭവിക്കാത്തതില്‍ ഒരു വിഷമവുമില്ല.

മലയാളി പ്രതിമാസം  125 രൂപ മുതല്‍ 300 രൂപ വരെ ഇനി സമ്പാദിക്കും. അത് അവരുടെ കുടുംബ ജീവിതം മെച്ചപ്പെടുത്തും . അവരുടെ മനസ്സ് ഇനിമുതല്‍ ശുദ്ധമാവും. അവര്‍ ഇനിമുതല്‍ നുണയുടെയും  കളവിന്റെയും, വഞ്ചനയുടെയും പാറശാലയില്‍ പോവില്ല . കാരണം അവരുടെ വീടുകളില്‍ ഇനി പത്രം വീഴില്ല. 

ഡോ. സി.ടി വില്യം

Tuesday, March 20, 2012

"ബഷീറിന്റെ കഥ കേമം എന്ന് പറയും. അങ്ങേര് സി പി യെ അറ്റാക്ക് ചെയ്തിട്ട് ജയിലില്‍ കിടന്ന ആളാണ്‌. വെറുതെ കഥ കേമമാവോ ? ഇപ്പോള്‍ നല്ല കഥയില്ല." അഴീക്കോട്


അഴീക്കോട് മാഷിനെകുറിച്ചുള്ള എന്റെ ഓര്‍മകള്‍....ഗുരുപ്രണാമം എട്ടാം ഭാഗം തുടരുന്നു.

പുസ്തകത്തിന്റെ പ്രകാശനത്തിന് ശേഷം കേരള സാഹിത്യ അക്കാദമിയിലെ എന്റെ സുഹൃത്ത് ഡേവീസ് എന്നോട്  അഴീക്കോടിനെ  കുറിച്ച് എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനായി എനിക്ക് അഴീക്കോടിന്റെ  ഒന്നുരണ്ടു പുസ്തകങ്ങളും തന്നിരുന്നു. "അഴീക്കോട് മുതല്‍ അയോധ്യ വരെ" "നട്ടെല്ല് എന്ന ഗുണം" എന്നിവയായിരുന്നു ആ പുസ്തകങ്ങള്‍. ഞാന്‍ ശ്രമിക്കാമെന്ന് പറഞ്ഞതല്ലാതെ എഴുതാമെന്ന് ഉറപ്പു കൊടുത്തിരുന്നില്ല. കാരണം അഴീക്കോടിനെ കുറിച്ച്  എഴുതുക പ്രയാസമാണെന്ന് എനിക്ക് അറിയാമായിരുന്നു.

മലയാളത്തിന് പുതുതായി സാഹിത്യം ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . പുതിയ കഥകളും, നോവലുകളും, കവിതകളും, നിരൂപണങ്ങളും. എന്തിന് ലേഖനങ്ങളും ഫീച്ചറുകള്‍  പോലും  പണ്ടുണ്ടായിരുന്നതിനേക്കാള്‍ മെച്ചമാണെന്ന അഭിപ്രായം എനിക്കില്ല.  ഒന്നുകില്‍ പഴയതില്‍ നിന്ന് ഞാന്‍ പുരോഗതി പ്രാപിച്ചിട്ടില്ല, അല്ലെങ്കില്‍ പുതിയതിനെ സ്വീകരിക്കാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല. രണ്ടായാലും ഞാന്‍ എന്റെ അഭിപ്രായത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. പിന്നീട് എപ്പോഴോ അഴീക്കോടും ഇങ്ങനെ പറഞ്ഞതോര്‍മ വരുന്നു. അതിങ്ങനെ;

"പണ്ടൊക്കെ മുണ്ടശ്ശേരിയൊക്കെ പ്ലാറ്റ്ഫോമില്‍  വരുമ്പോള്‍ നമുക്ക് തന്നെ ഒരു അഭിമാനമാണ്. അതുപോലെ തന്നെ പൊന്‍കുന്നം വര്‍ക്കിയും, കേശവ ദേവും. ക്രിട്ടിസിസം തന്നെ നോക്കുക. ആ കാലത്ത് എത്ര ക്രിട്ടിക്സുകളാണ് ഉണ്ടായിരുന്നത് . മാരാര്, മുണ്ടശ്ശേരി, കുറ്റിപ്പുഴ ....പിന്നെ ഞങ്ങളൊക്കെ സെകണ്ട് റാങ്കായിട്ട്  മൂന്നാല്  പേര്‍. ഇപ്പോഴും ഒരുപാട് ആളുകളുണ്ട്. എം.എ. പി.എച് .ഡി. കാര്‍. ഒരു മനുഷ്യന്‍ പോലും അവരുടെ ലേഖനം പൂര്‍ണമായി വായിക്കില്ല.

ഇന്നത്തെ നിരൂപകരുടെ പേര് പോലും അറിയില്ല പലര്‍ക്കും . അവരുടെ പുസ്തകം എന്താണെന്ന് അറിയില്ല. നിരൂപണം എന്ന് പറയുന്നത് പലപ്പോഴും ഒരു ലേഖനത്തില്‍ മാത്രം ഒതുങ്ങുന്നു.

നമ്മുടെ എഴുത്തുകാര്‍ക്ക് ഒരു പബ്ലിക് ഡയമെന്‍ഷന്‍  ഇല്ല. അവര്‍ ആരുംതന്നെ പബിക് ഇഷ്യൂസ് എടുക്കുന്നില്ല. ബഷീറിന്റെ കഥ കേമം എന്ന് പറയും. അങ്ങേര് സി പി യെ അറ്റാക്ക് ചെയ്തിട്ട് ജയിലില്‍ കിടന്ന ആളാണ്‌. വെറുതെ കഥ കേമമാവോ ? ഇപ്പോള്‍ നല്ല കഥയില്ല. അഴീക്കോട്

ജനങ്ങള്‍ക്ക്‌ വിശ്വാസമുള്ള എഴുത്തുകാരുടെ പുസ്തകങ്ങളെ ചെലവാകൂ . അത് ഡി സി യോട് ചോദിച്ചാലറിയാം. ഇപ്പോഴും ചെലവാകുന്നത് പഴയ തലമുറയിലെ എഴുത്തുകാരുടെ പുസ്തകങ്ങളാണ്. ജനങ്ങള്‍ക്ക്‌ അവരുടെ എഴുത്തില്‍ വിശ്വാസമുള്ളതുകൊണ്ടാണത്. മലയാളത്തിന്റെ  സുഖമുള്ള ഒരു ശൈലിയുണ്ട് , ഈ പുസ്തകങ്ങളിലൊക്കെ . പുതിയ പുസ്തകങ്ങളില്‍ അത് അത്രക്കില്ല."

ഏതാണ്ട് ഈ കാരണങ്ങള്‍കൊണ്ടൊക്കെ ഞാന്‍ പണ്ട് വായിച്ചതൊക്കെ പുനര്‍ വായനക്ക് എടുക്കുകയാണ് ഇപ്പോള്‍ . അഴീക്കോടിന്റെ പുസ്തകങ്ങളും ഇതില്‍ പെടുന്നു. പുനര്‍ വായനയുടെ  സുഖം ഒരിക്കലും പുതിയ വായനക്കില്ല.

വായിച്ച കൂട്ടത്തില്‍ അഴീക്കോടിന്റെ " അഴീക്കോട് മുതല്‍ അയോധ്യ വരെ " എന്ന പുസ്തകം അതിന്റെ ശീര്‍ഷകം കൊണ്ട് എന്നെ വല്ലാതെ ആകര്‍ഷിച്ചു. തല്‍ക്കാലം ആ പുസ്തകത്തിന് ഒരു ആസ്വാദനം  എഴുതികൊടുത്ത് അക്കാദമി മുന്നോട്ടു വച്ച ആവശ്യത്തെ മറികടക്കാമെന്ന് വിചാരിച്ചു.

എന്നാല്‍ എഴുതിത്തുടങ്ങിയപ്പോള്‍ അത് ആസ്വാദനത്തിന്റെ അതിരുകളെ അതിക്രമിച്ചതുപോലെ അനുഭവപ്പെട്ടു. എന്നാല്‍ പിന്നെ നിരൂപണത്തിന്റെ അല്പം എരിയും പുളിയും  ചേര്‍ത്ത് ഒരു പുസ്തകമാക്കാമെന്നു വിചാരിച്ചു. അക്കാദമിയും എന്റെ ഈ വിചാരത്തെ ശരി വച്ചു. മാഷുമായുള്ള എന്റെ പലപ്പോഴായുള്ള അഭിമുഖങ്ങളും ഇതില്‍ ഉള്‍പ്പെടുത്താമെന്ന് തോന്നി. അങ്ങനെയാണ് എന്റെ മൂന്നാമത്തെ പുസ്തകമായ " ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ " ഉണ്ടാവുന്നത്.


ഈ പുസ്തകത്തിന്റെ ഓരോ ഘട്ടങ്ങളിലും ഞാന്‍ മാഷുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ പുസ്തകത്തിന് ആദ്യം കൊടുത്ത പേര് "അഴീക്കോടു മുതല്‍ അഴീക്കോട് വരെ "  എന്നായിരുന്നു. പിന്നീട് മാഷ്‌ പറഞ്ഞിട്ടാണ് ഇതിന്റെ  ശീര്‍ഷകം " ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ " എന്നാക്കിയത്.

ഡോ. സി.ടി. വില്യം

ഗുരുപ്രണാമം  ഒമ്പതാം ഭാഗം അടുത്ത ബ്ലോഗ്ഗില്‍ .

Wednesday, March 14, 2012

'വില്യമിന്റെ കവിത ആലോചനയില്‍ സുഖാമൃതം നല്‍കുന്നു. ഈ കവിത നമ്മെ വായനയിലൂടെ മനനത്തില്‍ എത്തിച്ച് അവിടെ മേയാന്‍ വിടുന്നു. അതാണ്‌ ആലോചനാമൃതം.' ഡോ . സുകുമാര്‍ അഴീക്കോട്


ണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം മാഷിന്റെ സാരഥിയും സെക്രട്ടറിയുമായ സുരേഷ് എന്നെ വിളിച്ചു പറഞ്ഞു , 'മാഷ്‌ കാണണമെന്ന് പറഞ്ഞു. അവതാരിക എഴുതിവച്ചിട്ടുണ്ട്‌. '

അതിരില്ലാത്ത സന്തോഷം, അളവില്ലാത്ത നന്ദി എന്നൊക്കെയുള്ള പ്രയോഗങ്ങളുടെ നേര്‍കാഴ്ചയും അനുഭവവും എനിക്കുണ്ടായി. ഈ വികാരവും അനുഭവവും എഴുതിപിടിപ്പിക്കുവാന്‍ എന്റെ കയ്യില്‍ വാക്കുകളില്ല.

അന്നൊരു ഞായറാഴ്ചയായിരുന്നു. മാഷിന്റെ  വീട്ടിലെത്തിയപ്പോള്‍ സുരേഷ് മുറ്റത്ത്‌ നില്പുണ്ടായിരുന്നു. അകത്തേക്ക് ക്ഷണിച്ചിരുത്തുന്നതിനിടയില്‍ സുരേഷ് പറഞ്ഞു, 'തന്റെ പുസ്തകത്തെ കുറിച്ച് മാഷ്‌ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്.'

മാഷ്‌ സ്വീകരണ മുറിയില്‍ വന്നപ്പോള്‍ ഞാന്‍ എഴുനേറ്റ് കൈ കൂപ്പി. മാഷ്‌ എനിക്ക് ഒരു കവര്‍ തന്നു. എന്നിട്ട്  പറഞ്ഞു, 'വായിച്ചു നോക്കു. എന്റെ ഒരു അഭിപ്രായമാണ് .'

ഞാന്‍ ആ കവര്‍ തുറന്നു. മൂന്നു പേജ് കുറിപ്പുണ്ട്. സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞിരുന്നു. അറിയാതെന്റെ  കൈവിരലുകള്‍ കണ്ണീരൊപ്പിയെടുത്തു. വായിക്കാന്‍ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. മാഷിന്റെ ഭാഷയുടെ ഗഹനതയും മുഴക്കവും പേജില്‍ അവിടവിടെ നിറഞ്ഞു നിന്നിരുന്നു, പുറത്തേക്ക് വരാതെ. 

ഞാന്‍ എത്തിപെട്ട ദുര്‍ഘടാവസ്ഥ മനസ്സിലാക്കി കൊണ്ട് മാഷ്‌ പറഞ്ഞു, 'എന്റെ കയ്യക്ഷരം വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. ഞാന്‍ വായിച്ചു തരാം. '

മാഷ്‌ വായിച്ചു, ഞാന്‍ വായനയുടെ സ്വര്‍ഗ്ഗത്തിലായിരുന്നു.

വായന മാത്രമായിരുന്നില്ല അത്. ഇടയ്ക്കിടെ  വിശദീകരണങ്ങളും വിശകലനങ്ങളും ഉണ്ടായിരുന്നു.

വാങ്ങ്മയ  ചിത്രങ്ങളാക്കാനാവാത്ത മുഹൂര്‍ത്തങ്ങളുണ്ടാവും നമ്മുടെയൊക്കെ ജീവിതത്തില്‍. ഇത് അത്തരമൊരു മുഹൂര്‍ത്തമാണ് . അതുകൊണ്ടുതന്നെ മാഷിന്റെ അവതാരികയിലെ രണ്ടു വരി ഉദ്ധരിച്ച് ഞാന്‍ ഇതിവിടെ നിര്‍ത്തട്ടെ.

'ലോകത്തില്‍ മൂന്നു സത്യങ്ങളെയുള്ളൂ. അച്ചന്‍ , അമ്മ, കുട്ടി. ജീവിതാവസ്ഥകളും മൂന്നേ ഉള്ളൂ. കൌമാരം, യൌവനം, വാര്‍ധക്യം. മൂന്ന് കര്‍മങ്ങളെ ഉള്ളൂ. കിനാവ്‌, പ്രണയം, വിവാഹം. എല്ലാം  ഒരനുഭവത്തില്‍  ഒടുവില്‍ എത്തി ചേര്‍ന്ന്  ലയിച്ചുചേരുന്നത്‌ ഒന്നില്‍ മാത്രം - മരണത്തില്‍. ഈ പത്തു സങ്കല്പങ്ങളുടെ പരമാര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിന്തയുടെ  ജ്വാലയാണ് ഈ കവിതയുടെ സൌന്ദര്യം. കവിതയുടെ മുഖവാക്യത്തില്‍ സൂചിതമായ  കാവ്യാത്മക തത്വചിന്തയുടെ നിശബ്ദ സാന്നിധ്യമാണ് അത്. തത്വചിന്തയുടെ അസംസ്കൃത രൂപമല്ല. അനുഭവത്തിന്റെ ഊഷ്മളതയില്‍ ചിന്ത പരിപാകം പ്രാപിച്ച് ഭാവനയുമായി ലയിച്ചുചേരുന്ന രൂപപരിണതിയാണ് ഈ കവിത നമുക്ക് നല്‍കുന്നത്.

സാഹിത്യം ആലോചനാമൃതം ആണെന്ന് പണ്ട് ആരോ പറയുകയുണ്ടായി. ഭാരതീയ  കാവ്യ മീമാംസയില്‍ അത് പകര്‍ത്തപ്പെട്ടില്ല. വില്യമിന്റെ കവിത ആലോചനയില്‍ സുഖാമൃതം നല്‍കുന്നു. ഈ കവിത നമ്മെ വായനയിലൂടെ മനനത്തില്‍ എത്തിച്ച് അവിടെ മേയാന്‍ വിടുന്നു. അതാണ്‌ ആലോചനാമൃതം.'

'ഇതുവരെ ' അഴീക്കോടിന്റെ അവതാരികയോടെ ഇതുവരെയും ജ്വലിച്ചുനില്‍ക്കുന്നു. ജ്വലനം തുടരും.

ഡോ. സി.ടി. വില്യം

Thursday, March 8, 2012

വീടിന്റെ നാല് തൂണുകള്‍ക്കും കിടപ്പറക്കും അപ്പുറത്ത് സ്ത്രീക്ക് ഒരിടം ഉണ്ട് . അത് തിരിച്ചറിയാന്‍ സ്ത്രീക്ക് കഴിയണം.

ഒരു വനിതാ ദിനം കൂടി കടന്നുപോകുന്നു. പതിവുപോലെ. പ്രത്യേക ദിനങ്ങളില്‍ മാത്രം നാം പ്രത്യേകം  ചിന്തിക്കുന്ന  കുറെ കാര്യങ്ങളുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ നമുക്ക് ചിന്തിക്കണമെങ്കില്‍ ചില പ്രത്യേക ദിനങ്ങളൊക്കെ വേണം. അങ്ങനെ നമ്മുടെ ചിന്തകളെ ചില പ്രത്യേക ദിനങ്ങളിലേക്ക് മാത്രം തളച്ചിടുന്ന ചില ആഗോള ശക്തികലുണ്ട് നമുക്കുചുറ്റും.

വനിതാദിന ചിന്തകള്‍ കുത്തിനിറച്ച പത്ര-തരംഗ-ചാനല്‍ മാധ്യമങ്ങളിലൂടെയെല്ലാം വായിച്ചും, കേട്ടും, കണ്ടും ഈ വനിതാദിനത്തെയും നാം സ്വീകരിക്കുന്നു. ഈ മാധ്യമങ്ങളിലൂടെയെല്ലാം പ്രതിഫലിക്കപ്പെട്ടത്‌ പെണ്ണിന്റെ ഒരിക്കലും ഒടുങ്ങാത്ത കണ്ണീര്‍ച്ചാലുകള്‍ തന്നെ. കണ്ണീരിനെയും പെണ്ണിനേയും ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ചുകൊണ്ട് അവരൊക്കെ നിര്‍വൃതി അടയുന്നു. അടിച്ചമര്‍ത്തപ്പെട്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, മുതലെടുക്കപ്പെട്ട, പെണ്‍ വര്‍ഗ്ഗത്തിന്റെ ദീനരോദന ങ്ങളാണ് നാം എന്നും കേട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ പെണ്ണുങ്ങളും ഈ മൃദുരോദനങ്ങള്‍ക്ക്  സര്‍വ്വാത്മനാ വിധേയരുമാണ് . അതുകൊണ്ടാണല്ലോ തിങ്കള്‍ മുതല്‍ വെള്ളി വരെ നമ്മുടെ ചാനലുകള്‍ നിലനിന്നുപോകുന്നത്.

ഈ വര്‍ഷത്തെ വനിതാദിനത്തില്‍ പക്ഷെ ഒരു സ്പെഷ്യല്‍ ഐറ്റം വിളമ്പാനുള്ളത് നമ്മുടെയൊക്കെ മഹാഭാഗ്യം. എരിപുളിയോടെ സൌമ്യയും, ശാരിയും, കൂട്ടരും ഇലയുടെ ഒരു മൂലയില്‍ കിടപ്പുണ്ട്. ചൂടും മധുരവും ഇണചേര്‍ന്ന ജയഗീതയുടെ റെയില്‍ തടയല്‍ പാല്‍പായസം ഇലയുടെ നടുക്ക് തന്നെ വിളമ്പിയിട്ടുണ്ട്. ആദ്യത്തെ എരിപുളികള്‍ക്ക് നാടകവും, ഡോക്യുമെന്‍ററിയും, സെമിനാറും; രണ്ടാമത്തെ പാല്പായസത്തിന് ചാനലുകളില്‍ ചര്‍ച്ച തകൃതി. രണ്ടിന്റെയും ആഘാതപ്രത്യാഘാതങ്ങള്‍ ഏതാണ്ട് ശൂന്യം.

നമ്മുടെ പെണ്‍ശക്തി  പ്രസ്ഥാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പെണ്ണിന്റെ ലിംഗപരമായ മേല്‍ക്കോയ്മ ഉറപ്പിച്ചെടുക്കുന്നതിനാണ് . ഈ മേല്‍ക്കോയ്മ കൊണ്ടാണ് അവള്‍ ഭര്‍ത്താവിനെ സമ്പാദിക്കുന്നതും, സമ്പാദിച്ച ഭര്‍ത്താവിനെ നഷ്ടപ്പെടുത്താതിരിക്കുന്നതും, നഷ്ടപ്പെടുത്താതിരുന്ന ഭര്‍ത്താവിനെ ആവശ്യംപോലെ ഉപേക്ഷിക്കുന്നതും , അങ്ങനെ ഉപേക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ കോടതി കയറ്റുന്നതും  ശിക്ഷിക്കുന്നതും. അങ്ങനെ മൊത്തം 50000 ഡിവോഴ്സുകള്‍. ഈ അളവുകോല്‍ വച്ചാണ് നമ്മുടെ പെണ്‍ശക്തി പ്രസ്ഥാനങ്ങള്‍ പെണ്ണിന്റെ വളര്‍ച്ചയെ അളക്കുന്നത്.
 
എന്നാല്‍ ഇവിടെയാണോ പെണ്‍ ശാക്തീകരണം വേണ്ടത് ? ഇവിടെയും ആകാമെന്നെയുള്ളൂ. പെണ്‍ശക്തിയുടെ യഥാര്‍ത്ഥ ശക്തിപ്രഭാവം പ്രകടമാകേണ്ടത് പക്ഷെ നമ്മുടെ സാമൂഹ്യ ഘടനകളിലാണ്. നമ്മുടെ പുരുഷന്മാര്‍ ഇട്ടിക്കണ്ണികളെപോലെ അപരാന്നജീവികളായി രിക്കുകയാണ് . അവര്‍ പലരും പലതിന്റെയും തണലില്‍ സസുഖം വാഴുന്നവരാണ്. അവരുടെ ഏറ്റവും സുരക്ഷിതമായ തണല്‍ സ്വന്തം ഭാര്യയോ കാമുകിയോ ഒക്കെയാണ്. ഇവര്‍ക്ക് അക്ഷരാര്‍ഥത്തില്‍ നാലും കൂട്ടി വിളമ്പുന്ന ഭോഗവസ്തുവാണ് ഇന്ന് സ്ത്രീ.  ഇതറിയാവുന്ന സ്ത്രീ അതിനനുസരിച്ച് വളരെ ചെറുതാവുന്നുമുണ്ട്. ഇങ്ങനെ ചെറുതാവുന്നതുകൊണ്ടാണ് സ്ത്രീകള്‍ ചരക്കാവുന്നതും കമ്പോളങ്ങളില്‍ ക്രയവിക്രയം നടത്തപ്പെടുന്നതും.

അതുകൊണ്ട് സ്ത്രീപക്ഷം സാമൂഹികമായ  കാഴ്ച്ചപ്പാടുകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വീടിന്റെ നാല് തൂണുകള്‍ക്കും കിടപ്പറക്കും അപ്പുറത്ത് സ്ത്രീക്ക്  ഒരിടം ഉണ്ട് . അത് തിരിച്ചറിയാന്‍ സ്ത്രീക്ക് കഴിയണം. ഈ തിരിച്ചറിവ് സ്ത്രീ പക്ഷത്തിന് പതുക്കെ പതുക്കെ കൈവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. അതിനെ തിരിച്ചറിയാന്‍ നമ്മുടെ പെണ്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ കഴിയട്ടെ. ഈ വനിതാദിനം അതിനായിരിക്കട്ടെ .
 
ഡോ. സി.ടി. വില്യം
ഗുരുപ്രണാമം അടുത്ത ബ്ലോഗ്ഗില്‍ പ്രതീക്ഷിക്കുക.

Saturday, March 3, 2012

ഊര്‍ജത്തിന്റെ ഒടുങ്ങാത്ത ആ കലവറ എനിക്ക് പകര്‍ന്നുതന്ന ആവേശത്തില്‍ ഞാന്‍ വീണ്ടും വീണ്ടും കുതിച്ചുകൊണ്ടിരുന്നു. എന്റെ ജീവിതത്തെ പുതുക്കി കിട്ടുന്നതുപോലെ തോന്നാറുണ്ട് എനിക്കപ്പോള്‍.

തുപോലെ എത്രയോ പ്രാവശ്യം മാഷ്‌ മനസ്സും ഹൃദയവും എന്റെ മുന്‍പില്‍ തുറന്നു വച്ചു. എല്ലാം ഞാന്‍ ശബ്ദരേഖകളായി സൂക്ഷിച്ചുവച്ചിട്ടുണ്ട് . ആ ശബ്ദരേഖകള്‍ തുറന്നു കാണിക്കുന്ന ഒരു ലോകമുണ്ടല്ലോ , അത് എത്ര പുസ്തകങ്ങള്‍ വായിച്ചാലും എത്ര അക്കാദമിക വ്യായാമങ്ങള്‍ നടത്തിയാലും നമുക്ക് കിട്ടില്ല.

മനസ്സും, ഹൃദയവും, ആത്മാവുമെല്ലാം ആവശ്യപ്പെടുന്ന മുറക്ക് ആ ശബ്ദരേഖകള്‍ എത്രയോ തവണ ഞാന്‍ കേട്ടിരിക്കുന്നു. ഊര്‍ജത്തിന്റെ ഒടുങ്ങാത്ത ആ കലവറ എനിക്ക് പകര്‍ന്നുതന്ന ആവേശത്തില്‍ ഞാന്‍ വീണ്ടും വീണ്ടും കുതിച്ചുകൊണ്ടിരുന്നു. എന്റെ ജീവിതത്തെ പുതുക്കി കിട്ടുന്നതുപോലെ തോന്നാറുണ്ട് എനിക്കപ്പോള്‍.
 
അതിനിടെ ഞാന്‍ എന്റെ രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. യഥാര്‍ത്ഥത്തില്‍ രണ്ടു മൂന്ന് കൊല്ലം മുന്‍പ് എഴുതിയ പുസ്തകമായിരുന്നു അത്. അല്പം ദാര്‍ശനികമായിരുന്നു വിഷയം. സാധാരണ ഗതിയില്‍ ആരും ഏറ്റെടുക്കാന്‍ മടിക്കുന്ന ദാര്‍ശനിക ആശയങ്ങളായിരുന്നു അതില്‍. അതുകൊണ്ട് എനിക്കും ഒരു ഭയമുണ്ടായിരുന്നു അതിന്റെ ആധികാരികതയില്‍. ഇപ്പോള്‍ അഴീക്കോട് മാഷ്‌ പകര്‍ന്നുതന്ന ദാര്‍ശനികത കൊണ്ട് ഞാന്‍ ഒന്നുകൂടി എന്റെ പുസ്തകത്തെ അകന്നു നിന്ന് അളന്നു തിട്ടപ്പെടുത്തി. മാഷ്‌ പറഞ്ഞുതന്നതും ഞാന്‍ എഴിതിവച്ചതും ഏതാണ്ട് ഒന്നാണെന്ന ബോധ്യമുണ്ടായി എനിക്ക്. എന്നിരുന്നാലും പുസ്തകരൂപത്തില്‍ അത് മാഷുമായി ചര്‍ച്ച ചെയ്യാന്‍ എനിക്ക് ധൈര്യം ഉണ്ടായില്ല. 

ബ്രഹ്മചര്യം, ഗാര്‍ഹസ്ത്യം, വാനപ്രസ്ഥം, സംന്യാസം എന്നീ നാല് ആശ്രമ സന്ധികളെ കുറേക്കൂടി ആഴത്തില്‍ പഠിച്ച് വിപുലീകരിച്ച് എന്റേതായ പത്തു ആശ്രമങ്ങളിലേക്ക് ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ച തത്വചിന്തയുടെ കാവ്യരൂപമായിരുന്നു "ഇതുവരെ" എന്നാ പേരില്‍ ഞാന്‍ എഴുതിയ ആ പുസ്തകം.

ദര്‍ശനങ്ങളുടെ ഊടും പാവും ചേര്‍ന്ന ആ പുസ്തകത്തെ "ഇതുവരെ " എന്നൊരിടത്ത് പിടിച്ചുകെട്ടാന്‍ ശ്രമിച്ച എനിക്ക് ധൈര്യം പകരാന്‍ കുറേകൂടി ചര്‍ച്ചകളും പഠനങ്ങളും ആവശ്യമെന്ന് തോന്നി. അങ്ങനെയാണ് ഞാന്‍ സ്വാമി ഭൂമാനന്ദ തീര്‍ത്തരെ ചെന്ന് കാണുന്നത്. സ്വാമിയുമായുള്ള അഭിമുഖങ്ങള്‍ തെളിയിച്ചു കാണിച്ച ദര്‍ശനങ്ങള്‍ അഴീക്കോട് അടയാളപ്പെടുത്തിയ ദര്‍ശനങ്ങളുമായി സമവായം പുലര്‍ത്തിയിരുന്നു. അപ്പോള്‍ മാത്രമാണ് എനിക്കി ഏതാണ്ട് സമാധാനമായത്. 
 
അങ്ങനെ ഒരുനാള്‍ സ്വാമി ഭൂമാനന്ദ തീര്‍തര്‍ പകര്‍ന്നുതന്ന ആത്മധൈര്യവുമായി ഞാന്‍ അഴീക്കോട് മാഷിന് "ഇതുവരെ" യുടെ കയ്യെഴുത്തുപ്രതി കാണിച്ചു. മാഷ്‌ അലസമായി പേജുകളിലൂടെ വിരലോടിച്ചുകൊണ്ട് കയ്യെഴുത്തുപ്രതി എനിക്ക് തിരിച്ചുതന്നു.

അനുസരണയുള്ള ഒരു വിദ്യാര്‍ഥിയെപോലെ  ഞാന്‍ മൃദുസ്വരത്തില്‍ മാഷോട് പറഞ്ഞു. "മാഷ്‌ ഇത് വായിച്ച് ഒരു കുറിപ്പ് എഴുതണം". അവതാരിക എന്ന് പറയാന്‍ എനിക്ക് ധൈര്യം വന്നില്ല.

"എനിക്ക് പറ്റില്ല. സമയവുമില്ല". അഴീക്കോട് മാഷിന്റെ അവസാന വിധി വന്നു. ഈ വിധിയെ മാറ്റാന്‍ ഒരു ശക്തിക്കും സാധ്യമല്ല. വിധിയെ മറികടക്കുകയും അസാധ്യമാണ്.

അപ്പീലില്ലാത്ത വിധിയാണെന്നറിഞ്ഞിട്ടും  ഒരു  ദയാഹരജി പോലെ ഞാന്‍ ആ കയ്യെഴുത്തുപ്രതി ആ കൊച്ചുമേശപ്പുറത്ത്  വച്ച് , പുറത്തുവരാന്‍ മടികാണിച്ച ഇടറിയ വാക്കുകളില്‍ പറഞ്ഞു, "മാഷിന് എപ്പോഴെങ്കിലും സമയം കിട്ടുകയാണെങ്കില്‍ വായിക്കുക"  ഞാന്‍ പടിയിറങ്ങി.

ചെയ്തുപോയത്‌ തെറ്റായിരുന്നോ കുറ്റമായിരുന്നോ എന്നൊക്കെയുള്ള ആശങ്കയായിരുന്നു മനസ്സുനിറയെ കുറെ നാളത്തേക്ക്. ഒരു കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന മാനസികാവസ്ഥയയിരുന്നു എനിക്കപ്പോള്‍. പിന്നെ കുറെ നാളത്തേക്ക് എഴുതാനോ വായിക്കാനോ കഴിഞ്ഞില്ല. തുടങ്ങിവച്ച കുറെ സര്‍ഗ്ഗസംരംഭങ്ങള്‍ ഞാന്‍ എന്നന്നേക്കുമായി നിര്‍ത്തിവച്ചു. അഴീക്കോട് മാഷ്‌ അടിച്ചേല്‍പ്പിച്ച നിരാസം അത്രയ്ക്ക് എന്നെ നിരാശനാക്കിയിരുന്നു.

ഡോ. സി.ടി.വില്യം 

ഗുരുപ്രണാമം എഴാം ഭാഗം അടുത്ത ബ്ലോഗ്ഗില്‍ തുടരും