Tuesday, March 20, 2012

"ബഷീറിന്റെ കഥ കേമം എന്ന് പറയും. അങ്ങേര് സി പി യെ അറ്റാക്ക് ചെയ്തിട്ട് ജയിലില്‍ കിടന്ന ആളാണ്‌. വെറുതെ കഥ കേമമാവോ ? ഇപ്പോള്‍ നല്ല കഥയില്ല." അഴീക്കോട്


അഴീക്കോട് മാഷിനെകുറിച്ചുള്ള എന്റെ ഓര്‍മകള്‍....ഗുരുപ്രണാമം എട്ടാം ഭാഗം തുടരുന്നു.

പുസ്തകത്തിന്റെ പ്രകാശനത്തിന് ശേഷം കേരള സാഹിത്യ അക്കാദമിയിലെ എന്റെ സുഹൃത്ത് ഡേവീസ് എന്നോട്  അഴീക്കോടിനെ  കുറിച്ച് എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനായി എനിക്ക് അഴീക്കോടിന്റെ  ഒന്നുരണ്ടു പുസ്തകങ്ങളും തന്നിരുന്നു. "അഴീക്കോട് മുതല്‍ അയോധ്യ വരെ" "നട്ടെല്ല് എന്ന ഗുണം" എന്നിവയായിരുന്നു ആ പുസ്തകങ്ങള്‍. ഞാന്‍ ശ്രമിക്കാമെന്ന് പറഞ്ഞതല്ലാതെ എഴുതാമെന്ന് ഉറപ്പു കൊടുത്തിരുന്നില്ല. കാരണം അഴീക്കോടിനെ കുറിച്ച്  എഴുതുക പ്രയാസമാണെന്ന് എനിക്ക് അറിയാമായിരുന്നു.

മലയാളത്തിന് പുതുതായി സാഹിത്യം ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . പുതിയ കഥകളും, നോവലുകളും, കവിതകളും, നിരൂപണങ്ങളും. എന്തിന് ലേഖനങ്ങളും ഫീച്ചറുകള്‍  പോലും  പണ്ടുണ്ടായിരുന്നതിനേക്കാള്‍ മെച്ചമാണെന്ന അഭിപ്രായം എനിക്കില്ല.  ഒന്നുകില്‍ പഴയതില്‍ നിന്ന് ഞാന്‍ പുരോഗതി പ്രാപിച്ചിട്ടില്ല, അല്ലെങ്കില്‍ പുതിയതിനെ സ്വീകരിക്കാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല. രണ്ടായാലും ഞാന്‍ എന്റെ അഭിപ്രായത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. പിന്നീട് എപ്പോഴോ അഴീക്കോടും ഇങ്ങനെ പറഞ്ഞതോര്‍മ വരുന്നു. അതിങ്ങനെ;

"പണ്ടൊക്കെ മുണ്ടശ്ശേരിയൊക്കെ പ്ലാറ്റ്ഫോമില്‍  വരുമ്പോള്‍ നമുക്ക് തന്നെ ഒരു അഭിമാനമാണ്. അതുപോലെ തന്നെ പൊന്‍കുന്നം വര്‍ക്കിയും, കേശവ ദേവും. ക്രിട്ടിസിസം തന്നെ നോക്കുക. ആ കാലത്ത് എത്ര ക്രിട്ടിക്സുകളാണ് ഉണ്ടായിരുന്നത് . മാരാര്, മുണ്ടശ്ശേരി, കുറ്റിപ്പുഴ ....പിന്നെ ഞങ്ങളൊക്കെ സെകണ്ട് റാങ്കായിട്ട്  മൂന്നാല്  പേര്‍. ഇപ്പോഴും ഒരുപാട് ആളുകളുണ്ട്. എം.എ. പി.എച് .ഡി. കാര്‍. ഒരു മനുഷ്യന്‍ പോലും അവരുടെ ലേഖനം പൂര്‍ണമായി വായിക്കില്ല.

ഇന്നത്തെ നിരൂപകരുടെ പേര് പോലും അറിയില്ല പലര്‍ക്കും . അവരുടെ പുസ്തകം എന്താണെന്ന് അറിയില്ല. നിരൂപണം എന്ന് പറയുന്നത് പലപ്പോഴും ഒരു ലേഖനത്തില്‍ മാത്രം ഒതുങ്ങുന്നു.

നമ്മുടെ എഴുത്തുകാര്‍ക്ക് ഒരു പബ്ലിക് ഡയമെന്‍ഷന്‍  ഇല്ല. അവര്‍ ആരുംതന്നെ പബിക് ഇഷ്യൂസ് എടുക്കുന്നില്ല. ബഷീറിന്റെ കഥ കേമം എന്ന് പറയും. അങ്ങേര് സി പി യെ അറ്റാക്ക് ചെയ്തിട്ട് ജയിലില്‍ കിടന്ന ആളാണ്‌. വെറുതെ കഥ കേമമാവോ ? ഇപ്പോള്‍ നല്ല കഥയില്ല. അഴീക്കോട്

ജനങ്ങള്‍ക്ക്‌ വിശ്വാസമുള്ള എഴുത്തുകാരുടെ പുസ്തകങ്ങളെ ചെലവാകൂ . അത് ഡി സി യോട് ചോദിച്ചാലറിയാം. ഇപ്പോഴും ചെലവാകുന്നത് പഴയ തലമുറയിലെ എഴുത്തുകാരുടെ പുസ്തകങ്ങളാണ്. ജനങ്ങള്‍ക്ക്‌ അവരുടെ എഴുത്തില്‍ വിശ്വാസമുള്ളതുകൊണ്ടാണത്. മലയാളത്തിന്റെ  സുഖമുള്ള ഒരു ശൈലിയുണ്ട് , ഈ പുസ്തകങ്ങളിലൊക്കെ . പുതിയ പുസ്തകങ്ങളില്‍ അത് അത്രക്കില്ല."

ഏതാണ്ട് ഈ കാരണങ്ങള്‍കൊണ്ടൊക്കെ ഞാന്‍ പണ്ട് വായിച്ചതൊക്കെ പുനര്‍ വായനക്ക് എടുക്കുകയാണ് ഇപ്പോള്‍ . അഴീക്കോടിന്റെ പുസ്തകങ്ങളും ഇതില്‍ പെടുന്നു. പുനര്‍ വായനയുടെ  സുഖം ഒരിക്കലും പുതിയ വായനക്കില്ല.

വായിച്ച കൂട്ടത്തില്‍ അഴീക്കോടിന്റെ " അഴീക്കോട് മുതല്‍ അയോധ്യ വരെ " എന്ന പുസ്തകം അതിന്റെ ശീര്‍ഷകം കൊണ്ട് എന്നെ വല്ലാതെ ആകര്‍ഷിച്ചു. തല്‍ക്കാലം ആ പുസ്തകത്തിന് ഒരു ആസ്വാദനം  എഴുതികൊടുത്ത് അക്കാദമി മുന്നോട്ടു വച്ച ആവശ്യത്തെ മറികടക്കാമെന്ന് വിചാരിച്ചു.

എന്നാല്‍ എഴുതിത്തുടങ്ങിയപ്പോള്‍ അത് ആസ്വാദനത്തിന്റെ അതിരുകളെ അതിക്രമിച്ചതുപോലെ അനുഭവപ്പെട്ടു. എന്നാല്‍ പിന്നെ നിരൂപണത്തിന്റെ അല്പം എരിയും പുളിയും  ചേര്‍ത്ത് ഒരു പുസ്തകമാക്കാമെന്നു വിചാരിച്ചു. അക്കാദമിയും എന്റെ ഈ വിചാരത്തെ ശരി വച്ചു. മാഷുമായുള്ള എന്റെ പലപ്പോഴായുള്ള അഭിമുഖങ്ങളും ഇതില്‍ ഉള്‍പ്പെടുത്താമെന്ന് തോന്നി. അങ്ങനെയാണ് എന്റെ മൂന്നാമത്തെ പുസ്തകമായ " ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ " ഉണ്ടാവുന്നത്.


ഈ പുസ്തകത്തിന്റെ ഓരോ ഘട്ടങ്ങളിലും ഞാന്‍ മാഷുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ പുസ്തകത്തിന് ആദ്യം കൊടുത്ത പേര് "അഴീക്കോടു മുതല്‍ അഴീക്കോട് വരെ "  എന്നായിരുന്നു. പിന്നീട് മാഷ്‌ പറഞ്ഞിട്ടാണ് ഇതിന്റെ  ശീര്‍ഷകം " ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ " എന്നാക്കിയത്.

ഡോ. സി.ടി. വില്യം

ഗുരുപ്രണാമം  ഒമ്പതാം ഭാഗം അടുത്ത ബ്ലോഗ്ഗില്‍ .

No comments:

Post a Comment