Saturday, March 3, 2012

ഊര്‍ജത്തിന്റെ ഒടുങ്ങാത്ത ആ കലവറ എനിക്ക് പകര്‍ന്നുതന്ന ആവേശത്തില്‍ ഞാന്‍ വീണ്ടും വീണ്ടും കുതിച്ചുകൊണ്ടിരുന്നു. എന്റെ ജീവിതത്തെ പുതുക്കി കിട്ടുന്നതുപോലെ തോന്നാറുണ്ട് എനിക്കപ്പോള്‍.

തുപോലെ എത്രയോ പ്രാവശ്യം മാഷ്‌ മനസ്സും ഹൃദയവും എന്റെ മുന്‍പില്‍ തുറന്നു വച്ചു. എല്ലാം ഞാന്‍ ശബ്ദരേഖകളായി സൂക്ഷിച്ചുവച്ചിട്ടുണ്ട് . ആ ശബ്ദരേഖകള്‍ തുറന്നു കാണിക്കുന്ന ഒരു ലോകമുണ്ടല്ലോ , അത് എത്ര പുസ്തകങ്ങള്‍ വായിച്ചാലും എത്ര അക്കാദമിക വ്യായാമങ്ങള്‍ നടത്തിയാലും നമുക്ക് കിട്ടില്ല.

മനസ്സും, ഹൃദയവും, ആത്മാവുമെല്ലാം ആവശ്യപ്പെടുന്ന മുറക്ക് ആ ശബ്ദരേഖകള്‍ എത്രയോ തവണ ഞാന്‍ കേട്ടിരിക്കുന്നു. ഊര്‍ജത്തിന്റെ ഒടുങ്ങാത്ത ആ കലവറ എനിക്ക് പകര്‍ന്നുതന്ന ആവേശത്തില്‍ ഞാന്‍ വീണ്ടും വീണ്ടും കുതിച്ചുകൊണ്ടിരുന്നു. എന്റെ ജീവിതത്തെ പുതുക്കി കിട്ടുന്നതുപോലെ തോന്നാറുണ്ട് എനിക്കപ്പോള്‍.
 
അതിനിടെ ഞാന്‍ എന്റെ രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. യഥാര്‍ത്ഥത്തില്‍ രണ്ടു മൂന്ന് കൊല്ലം മുന്‍പ് എഴുതിയ പുസ്തകമായിരുന്നു അത്. അല്പം ദാര്‍ശനികമായിരുന്നു വിഷയം. സാധാരണ ഗതിയില്‍ ആരും ഏറ്റെടുക്കാന്‍ മടിക്കുന്ന ദാര്‍ശനിക ആശയങ്ങളായിരുന്നു അതില്‍. അതുകൊണ്ട് എനിക്കും ഒരു ഭയമുണ്ടായിരുന്നു അതിന്റെ ആധികാരികതയില്‍. ഇപ്പോള്‍ അഴീക്കോട് മാഷ്‌ പകര്‍ന്നുതന്ന ദാര്‍ശനികത കൊണ്ട് ഞാന്‍ ഒന്നുകൂടി എന്റെ പുസ്തകത്തെ അകന്നു നിന്ന് അളന്നു തിട്ടപ്പെടുത്തി. മാഷ്‌ പറഞ്ഞുതന്നതും ഞാന്‍ എഴിതിവച്ചതും ഏതാണ്ട് ഒന്നാണെന്ന ബോധ്യമുണ്ടായി എനിക്ക്. എന്നിരുന്നാലും പുസ്തകരൂപത്തില്‍ അത് മാഷുമായി ചര്‍ച്ച ചെയ്യാന്‍ എനിക്ക് ധൈര്യം ഉണ്ടായില്ല. 

ബ്രഹ്മചര്യം, ഗാര്‍ഹസ്ത്യം, വാനപ്രസ്ഥം, സംന്യാസം എന്നീ നാല് ആശ്രമ സന്ധികളെ കുറേക്കൂടി ആഴത്തില്‍ പഠിച്ച് വിപുലീകരിച്ച് എന്റേതായ പത്തു ആശ്രമങ്ങളിലേക്ക് ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ച തത്വചിന്തയുടെ കാവ്യരൂപമായിരുന്നു "ഇതുവരെ" എന്നാ പേരില്‍ ഞാന്‍ എഴുതിയ ആ പുസ്തകം.

ദര്‍ശനങ്ങളുടെ ഊടും പാവും ചേര്‍ന്ന ആ പുസ്തകത്തെ "ഇതുവരെ " എന്നൊരിടത്ത് പിടിച്ചുകെട്ടാന്‍ ശ്രമിച്ച എനിക്ക് ധൈര്യം പകരാന്‍ കുറേകൂടി ചര്‍ച്ചകളും പഠനങ്ങളും ആവശ്യമെന്ന് തോന്നി. അങ്ങനെയാണ് ഞാന്‍ സ്വാമി ഭൂമാനന്ദ തീര്‍ത്തരെ ചെന്ന് കാണുന്നത്. സ്വാമിയുമായുള്ള അഭിമുഖങ്ങള്‍ തെളിയിച്ചു കാണിച്ച ദര്‍ശനങ്ങള്‍ അഴീക്കോട് അടയാളപ്പെടുത്തിയ ദര്‍ശനങ്ങളുമായി സമവായം പുലര്‍ത്തിയിരുന്നു. അപ്പോള്‍ മാത്രമാണ് എനിക്കി ഏതാണ്ട് സമാധാനമായത്. 
 
അങ്ങനെ ഒരുനാള്‍ സ്വാമി ഭൂമാനന്ദ തീര്‍തര്‍ പകര്‍ന്നുതന്ന ആത്മധൈര്യവുമായി ഞാന്‍ അഴീക്കോട് മാഷിന് "ഇതുവരെ" യുടെ കയ്യെഴുത്തുപ്രതി കാണിച്ചു. മാഷ്‌ അലസമായി പേജുകളിലൂടെ വിരലോടിച്ചുകൊണ്ട് കയ്യെഴുത്തുപ്രതി എനിക്ക് തിരിച്ചുതന്നു.

അനുസരണയുള്ള ഒരു വിദ്യാര്‍ഥിയെപോലെ  ഞാന്‍ മൃദുസ്വരത്തില്‍ മാഷോട് പറഞ്ഞു. "മാഷ്‌ ഇത് വായിച്ച് ഒരു കുറിപ്പ് എഴുതണം". അവതാരിക എന്ന് പറയാന്‍ എനിക്ക് ധൈര്യം വന്നില്ല.

"എനിക്ക് പറ്റില്ല. സമയവുമില്ല". അഴീക്കോട് മാഷിന്റെ അവസാന വിധി വന്നു. ഈ വിധിയെ മാറ്റാന്‍ ഒരു ശക്തിക്കും സാധ്യമല്ല. വിധിയെ മറികടക്കുകയും അസാധ്യമാണ്.

അപ്പീലില്ലാത്ത വിധിയാണെന്നറിഞ്ഞിട്ടും  ഒരു  ദയാഹരജി പോലെ ഞാന്‍ ആ കയ്യെഴുത്തുപ്രതി ആ കൊച്ചുമേശപ്പുറത്ത്  വച്ച് , പുറത്തുവരാന്‍ മടികാണിച്ച ഇടറിയ വാക്കുകളില്‍ പറഞ്ഞു, "മാഷിന് എപ്പോഴെങ്കിലും സമയം കിട്ടുകയാണെങ്കില്‍ വായിക്കുക"  ഞാന്‍ പടിയിറങ്ങി.

ചെയ്തുപോയത്‌ തെറ്റായിരുന്നോ കുറ്റമായിരുന്നോ എന്നൊക്കെയുള്ള ആശങ്കയായിരുന്നു മനസ്സുനിറയെ കുറെ നാളത്തേക്ക്. ഒരു കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന മാനസികാവസ്ഥയയിരുന്നു എനിക്കപ്പോള്‍. പിന്നെ കുറെ നാളത്തേക്ക് എഴുതാനോ വായിക്കാനോ കഴിഞ്ഞില്ല. തുടങ്ങിവച്ച കുറെ സര്‍ഗ്ഗസംരംഭങ്ങള്‍ ഞാന്‍ എന്നന്നേക്കുമായി നിര്‍ത്തിവച്ചു. അഴീക്കോട് മാഷ്‌ അടിച്ചേല്‍പ്പിച്ച നിരാസം അത്രയ്ക്ക് എന്നെ നിരാശനാക്കിയിരുന്നു.

ഡോ. സി.ടി.വില്യം 

ഗുരുപ്രണാമം എഴാം ഭാഗം അടുത്ത ബ്ലോഗ്ഗില്‍ തുടരും     

No comments:

Post a Comment