Monday, February 27, 2012

മാഷിന്റെ മുഖത്തെ വിഷാദം മാഞ്ഞു. പ്രസംഗത്തട്ടിലെ സുകുമാര്‍ അഴീക്കോട് ഉണര്‍ന്നു. പിന്നെ പറഞ്ഞു. എഴുതിക്കോളൂ. ഞങ്ങള്‍ എഴുതിയെടുത്തത് ഇങ്ങനെ.

യനാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്ന കാലം (ഇപ്പോഴും അത് തുടരുന്നു). എന്‍ഡോസള്‍ഫാന്‍  വിഷം തുപ്പികൊണ്ടിരിക്കുന്ന കാലം. രണ്ടു ദുരന്തങ്ങള്‍ക്കും ഉത്തരവാദി യായ കാര്‍ഷിക സര്‍വ്വകലാശാല അതിന്റെ ഹരിതാഭമായ പ്രദേശത്തെ ഔഷധ സസ്യ തോട്ടം വെട്ടി നശിപ്പിച്ച കാലം. ഇതിനോടൊക്കെ പ്രതികരിച്ചതിന് സര്‍വ്വ കലാശാല എനിക്കെ തിരെ അച്ചടക്ക നടപടി എടുത്ത കാലം. ഹൃദയ വേദന കൊണ്ട് ഞാന്‍ ഒരു കവിത എഴുതുകയുണ്ടായി. "അച്ഛന്‍ കര്‍ഷകനല്ലാതാവുക യായിരുന്നു" എന്നായിരുന്നു ആ കവിതയുടെ പേര് . ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്കും വെട്ടി നശിപ്പിക്കപ്പെട്ട ഔഷധ സസ്യ ചെടികള്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ട ഈ കവിത ഞാന്‍ അഴീക്കോട് മാഷിന്റെ എരവിമംഗലത്തെ വീട്ടില്‍ ചോല്ലുകയുണ്ടായി. തൃശൂരിലെ സാമൂഹ്യ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും അവിടെ സന്നിഹിതരായിരുന്നു. കവിത സശ്രദ്ധം കേട്ട മാഷ്‌ അല്‍പ സമയം വിഷാദാത്മകനായി  കാണപ്പെട്ടു. എന്നിട്ട് ആ കവിതയുടെ കയ്യെഴുത്തു പ്രതി വാങ്ങി ഇങ്ങനെ എഴുതി " വളരെ നല്ല  കവിത " ഒരു കയ്യൊപ്പും ചേര്‍ത്തിരുന്നു.

കര്‍ഷക ആത്മഹത്യ, എന്‍ഡോസള്‍ഫാന്‍ , കാര്‍ഷിക സര്‍വ്വകലാശാല ഔഷധ സസ്യത്തോട്ടം വെട്ടി നശിപ്പിക്കല്‍ തുടങ്ങി എല്ലാത്തിനോടും പ്രതികരിക്കണമെന്ന ഞങ്ങളുടെ ആവശ്യത്തിനോട്‌ മാഷ്‌ ഇങ്ങനെ പ്രതികരിച്ചു;

"ഞാന്‍ ഒരു എഴുത്തുകാരനും പ്രഭാഷകനുമൊക്കെയാണ്. എന്റെ ജീവിതം മുഴുവന്‍ അതാണ്‌. ഞാന്‍ ഈ രീതിയില്‍ സമരത്തിനു നേതൃത്തം കൊടുക്കണ്ട ആളല്ല. പിന്നെ ഒരു നിവര്‍ത്തിയുമില്ലാതെ വരുമ്പോള്‍ ചിലതൊക്കെ ചെയ്തുപോകുന്നതാണ്. അല്ലാതെ എനിക്ക് ഈ രീതിയില്‍ സമരം ചെയ്യാനുള്ള ശാരീരികവും മാനസീകവുമായ താല്പര്യമില്ല. ഇത്രയൊക്കെ ആള്‍കൂട്ടത്തിനിടയില്‍ പ്രവര്‍ത്തിക്കുന്നതും എനിക്ക് ഇഷ്ടമല്ല. ഇതിന്റെയൊക്കെ പ്രയാസങ്ങള്‍ എന്താണെന്നറിയാമോ ? ഇതിലൊക്കെ ഇടപെട്ടാല്‍, ഈ മന്ത്രിമാരെയൊക്കെ ഒരു നൂറു തവണ വിളിക്കണം. എനിക്ക് ഇവരോടൊന്നും സംസാരിക്കുന്നത് ഇഷ്ടമല്ല. ഈ മുഖ്യ മന്ത്രിയെയൊക്കെ കിട്ടണമെങ്കില്‍ ഒരു നൂറു തവണ വിളിക്കേണ്ടിവരും. ഇതൊക്കെ രാഷ്ട്രീയക്കാര്‍ക്കെ സാധിക്കൂ. നമ്മള്‍ ഇതൊക്കെ ശീലവത്താക്കാത്തവര്‍ അല്പം കഴിയുമ്പോള്‍ മടുത്തു പിന്‍വാങ്ങും. എല്ലാ കാര്യത്തിനും ഇവരെ വിളിക്കണം. പിന്നെ കുറച്ചു കഴിയുമ്പോള്‍ പോലീസ് സ്റ്റേഷനില്‍ പോകേണ്ടതായും വരും. ഞാന്‍ ഇതൊക്കെ നിയന്ത്രിക്കാന്‍ പോവുകയാണ്. ഈ പ്രായത്തിലൊക്കെ നാട് നന്നാക്കേണ്ട ഉത്തരവാദിത്തം എനിക്കുള്ളതല്ല. എന്നെക്കാള്‍ പ്രായം കുറഞ്ഞ തലമുറ ഇതൊക്കെ ഏറ്റെടുക്കണം. "

ഇത്രയും പറഞ്ഞു മാഷ്‌ എഴുനേറ്റ്  പോയി. ഞങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും അവിടെ തന്നെ  ഇരുന്നു. യഥാര്‍ഥത്തില്‍ ഞങ്ങളും ഏതാണ്ട് മാഷ്‌ പറഞ്ഞ അവസ്ഥയില്‍ തന്നെയായിരുന്നു. സാമൂഹികമായ ഇടപെടലുകള്‍ മടുത്തുപോയ കാലമായിരുന്നു  അത്. മനുഷ്യാവകാശക്കാരെയും, പൌരാവകാശപ്രവര്‍ത്തകരെയും സര്‍ക്കാര്‍ വേട്ടയാടുന്ന കാലമായിരുന്നു അത്. ബിനായക് സെന്‍ , ഇറോം ഷര്‍മിള, ഗോവിന്ദന്‍ കുട്ടി തുടങ്ങിയവരൊക്കെ വേട്ടയാടപ്പെട്ട കാലം.

അല്പം സമയം കഴിഞ്ഞു മാഷ്‌ തിരിച്ചു വന്നു. നിശബ്ദമായി സോഫയിലിരുന്നു. ഞാന്‍ ക്ഷമാപണത്തോടെ പറഞ്ഞു , " മാഷേ ..മാഷ്‌ പറഞ്ഞത് ശരിയാണ്. പക്ഷെ ഇനി ഞങ്ങള്‍ എവിടെ പോകണം? ആരോട് ഇതൊക്കെ പറയണം ? എന്തിന്റെയും ഏതിന്റെയും മുന്‍പില്‍ ഞങ്ങള്‍ക്ക് പിടിച്ചുനിര്‍ത്താന്‍ ഒരു സുകുമാര്‍ അഴീക്കോട് മാഷേ ഞങ്ങള്‍ക്കുള്ളൂ ".

മാഷിന്റെ മുഖത്തെ വിഷാദം മാഞ്ഞു. പ്രസംഗത്തട്ടിലെ സുകുമാര്‍ അഴീക്കോട് ഉണര്‍ന്നു. പിന്നെ പറഞ്ഞു. എഴുതിക്കോളൂ. ഞങ്ങള്‍ എഴുതിയെടുത്തത് ഇങ്ങനെ.


"ദൃശ്യമാധ്യമങ്ങളുടെ വിചാരണയില്‍ എല്ലാ സാമൂഹ്യ പ്രശ്നങ്ങളും തീരുന്നു. അത് അവരുടെ അജണ്ടയുടെ ഒരു ഭാഗമാണ്. ഇപ്പോള്‍ കണ്ടില്ലേ, കാര്‍ഷിക സര്‍വ്വകലാശാലയുടെ ഔഷധ സസ്യത്തോട്ടം വെട്ടിനശിപ്പിച്ച വാര്‍ത്തയെ കുറിച്ച് - തോട്ടം വെട്ടി നശിപ്പിച്ചെന്ന് മാധ്യമങ്ങളും നശിപ്പിച്ചിട്ടില്ലെന്ന് സര്‍വ്വകലാശാലയും വാദിക്കുന്നു. കള്ളം രണ്ടു പ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ കള്ളം സത്യമാകുമെന്ന വിശ്വാസമാണ് കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്സലര്‍ക്കുള്ളത്. സ്ഥാപനങ്ങള്‍ കള്ളം പറയാന്‍ പാടില്ല. ഇവിടെ ജഡീഷ്യല്‍ ആക്റ്റിവിസം പോലെ ജെര്‍ണലിസ്ടിക് ആക്റ്റിവിസവും  വേണം. പത്രങ്ങള്‍ക്ക് സെമി  ജഡീഷ്യല്‍ പവറുണ്ട്. എന്നാല്‍ പ്രോഫഷനലിസത്തിലെ എത്തിക്സ് നഷ്ടപ്പെടാനും പാടില്ല. അതിനു മൂന്നാമതൊരാള്‍ രംഗത്ത് വരേണ്ടതുണ്ട്. ജനങ്ങള്‍ക്ക്‌ അതിനാവില്ല. പത്രപ്രവര്‍ത്തകരുടെ സംഘടനകള്‍ മുന്നോട്ടു വരണം.

പകരമില്ലാത്ത വസ്തുക്കളാണ് മണ്ണും വെള്ളവും. മണ്ണിന്റെ മേല്‍ത്തട്ടിലെ കുറച്ചു അളവിലുള്ള മണ്ണില്‍ മാത്രമാണ് ജീവന്‍ നിലനില്‍ക്കുന്നത്. ഈ ടോപ്‌ സോയില്‍ ആണ് നാം ബുള്‍  ഡോസ്സര്‍ വച്ച് നിരത്തുന്നത്. കേരളത്തിന്റെ കാര്‍ഷിക സംസ്കാരമാണ് ഇവിടെ അന്യം നിന്ന് പോകുന്നത്.  ഗവര്‍മെണ്ടിന് ഒരു പോളിസിയും നിയമവും വേണം. എത്ര വിദഗ്ദന്മാരുണ്ട്. നമ്മളെ പോലെയാണോ ഗവര്‍മെണ്ട്‌ ? ചുരുക്കം വ്യക്തികള്‍ക്കൊന്നും തടയാന്‍ പറ്റാത്ത കാട്ടുതീ പോലെയാണ് ഈ പ്രശ്നങ്ങളെല്ലാം പടരുന്നത്‌ ".

ഡോ. സി.ടി. വില്യം

ഗുരുപ്രണാമം ആറാം ഭാഗം അടുത്ത ബ്ലോഗ്ഗില്‍ തുടരും.

No comments:

Post a Comment