നാല്‍പ്പത്തിനാലു വര്‍ഷം മുമ്പ്
ഇതേ പ്രണയദിനത്തില്‍
കൃത്യമായി പറഞ്ഞാല്‍ 1968 ഫെബ്രുവരി 14 ന്
പ്രണയത്തിന്റെ പ്രതികൂട്ടിലെ ആ
പ്രണയ ഗര്‍ജ്ജനത്തില്‍ നിന്നുതന്നെ തുടങ്ങാം -
"സത്യമാണ്.
എന്റെ മനസ്സിന് അല്‍പ്പം മാറ്റം ഉണ്ടായിരിക്കുന്നു.
എന്റെ അമ്മ ഈ ബന്ധത്തിന് സമ്മതിക്കുന്നില്ല.
അവരെ വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്യേശിക്കുന്നില്ല.
ഇത് എന്റെ അന്തിമ തീരുമാനമാണ്. "
എന്റെ മനസ്സിന് അല്‍പ്പം മാറ്റം ഉണ്ടായിരിക്കുന്നു.
എന്റെ അമ്മ ഈ ബന്ധത്തിന് സമ്മതിക്കുന്നില്ല.
അവരെ വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്യേശിക്കുന്നില്ല.
ഇത് എന്റെ അന്തിമ തീരുമാനമാണ്. "
നീ എല്ലാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
നാല്‍പ്പത്തിനാലു വര്‍ഷം മുമ്പ്
ഇതേ പ്രണയദിനത്തിന് മുമ്പുള്ള
ഒരു ജനുവരി മാസത്തില്‍
കൃത്യമായി പറഞ്ഞാല്‍ 1968 ജനുവരി 18 ന്
നീ എന്നെ പെണ്ണുകാണാന്‍ വന്നപ്പോള്‍
ആരും കാണാതെ
എന്റെ അന്തപുരത്തില്‍ വന്ന്
എന്റെ കവിള്‍ത്തടങ്ങള്‍ തലോടി
നീ എന്നോട് ചോദിച്ചതോര്‍മയുണ്ടോ ?
"ഈ വീടും പ്രോപര്‍ടിയുമൊക്കെ ആരുടേത് ?
അനിയത്തിയില്ലേ ?
ആങ്ങള ഏത് ക്ലാസ്സില്‍ ?"
ഈ ചോദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരങ്ങള്‍ക്ക്
നീ നിന്റെ ഉത്തരങ്ങള്‍ പകരം വച്ചു.
നീ എന്നും അങ്ങനെയായിരുന്നല്ലോ
നിന്റെ ഉത്തരങ്ങള്‍ സാഗരഗര്‍ജ്ജനങ്ങളായിരുന്നല്ലോ.
എങ്കിലും നിന്നെ ഓര്‍മപ്പെടുത്തട്ടെ-
"വിവാഹം വെറും സ്നേഹം കൊണ്ട് മാത്രം നടക്കുന്നതല്ല.
നേരിട്ട് അനുഭവിക്കുമ്പോള്‍ ഇതെല്ലാം ഭയങ്കരമായി തോന്നും."
നീ എല്ലാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
നീ രോഗശയ്യയില്‍ കിടക്കുമ്പോഴും
ഗര്‍ജ്ജിച്ചുകൊണ്ടിരുന്നു.
ഗര്‍ജ്ജനം കൊണ്ട് നീ എല്ലാം സാധിക്കുകയായിരുന്നു.
എങ്കിലും നിന്നെ ഓര്‍മപ്പെടുത്തട്ടെ-
"എനിക്ക് ആധ്യാല്മികമായ ഒരാഭിമുഖ്യം
പണ്ടേയുള്ളതാണ്.
വാഗ്ഭടാനന്ദന്റെ സ്വാധീനവും.
അതുകൊണ്ട്
വിവാഹത്തോടുള്ള ആഭിമുഖ്യം ഇല്ലാതെപോയി. "
നീ എല്ലാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
നിനക്ക് പണ്ട് എന്നോടുണ്ടായിരുന്ന ആഭിമുഖ്യം പോലും.
എങ്കിലും നിന്നെ ഓര്‍മപ്പെടുത്തട്ടെ-
" എന്റെ വിലാസിനി !
നീ എവിടെയാണ്.
കത്ത് കിട്ടാതെ ഞാന്‍ വലഞ്ഞു.
വിലാസിനി !
ഞാന്‍ നിന്നെ ഇഷ്ടപ്പെട്ടത്
എന്തുകൊണ്ടാണെന്നറിയണ്ടേ ?
കേട്ടോളു-
നിന്റെ തികഞ്ഞ സൌന്ദര്യം.
നിറഞ്ഞ യൌവനം.
അതിരറ്റ സ്നേഹം.
എതിരറ്റ സംസ്കാരം.
വാരുറ്റ ഭാഷാശൈലി.
വടിവൊത്ത കയ്യക്ഷരം.
അസാധാരണ തന്റേടം."
നീ എല്ലാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
പ്രശസ്തിയുടെ ഹിമാലയത്തില്‍ നിന്ന്
നീ പറഞ്ഞതോര്‍മയുണ്ടോ ?
"നീ സംസാരിച്ചത്
എന്റെ പ്രശസ്തിയെ വളരെയധികം ബാധിച്ചു."
നീ എല്ലാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
മൃത്യുവിന്റെ ഹിമാലയത്തെ കീഴടക്കാനിരിക്കെ
നീ ഇങ്ങനെയും പറഞ്ഞു-
"എനിക്ക് ആകാശത്തില്‍
ഉയര്‍ന്നുപൊങ്ങി പറന്നുപ്പോവാന്‍
നീ സഹായിക്കണം."
നീ എല്ലാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
നിനക്ക് ഉയര്‍ന്നുപൊങ്ങി പറന്നുപ്പോവാന്‍
ഞാന്‍ സഹായഹസ്തം നീട്ടിയപ്പോള്‍
ആത്മരതിയോടെ നീ പറഞ്ഞു -
" ഇന്ന് ക്രിസ്തുമസ്സാണ്.
നാളെ ആന്റണി വരും.
അത് കഴിഞ്ഞു വന്നാല്‍ മതി."
നീ എല്ലാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
' എന്റെ വിലാസിനി ! ' എന്ന് നീ വിളിച്ച
നിന്റെ വിലാസിനിയെപോലും.
നിനക്ക് വേണ്ടിയിരുന്നത്
വിശുദ്ധ ഗര്‍ഭം ധരിക്കാന്‍ ശേഷിയുള്ള
കന്യകാ മറിയത്തെയായിരുന്നു.
പൊന്നും കാഴ്ചയും കൊണ്ടുവരുന്ന
രാജാക്കന്മാരെയും
നക്ഷത്രങ്ങളെയുമായിരുന്നു.
നീയോര്‍ക്കുക,
എനിക്ക് നിന്റെ സ്വപ്നലോകങ്ങള്‍ വേണ്ട
സ്വപ്നസാഗരങ്ങളും വേണ്ട
എനിക്ക് നിന്നെയാണ് വേണ്ടത് .
നിന്നെയാണ് ഞാന്‍ ധ്യാനിച്ചത്.
നിനക്കാണെന്റെ ജന്മം ബലിയര്‍പ്പിച്ചത്.
ഈ പ്രണയദിനത്തിലും
ഞാന്‍ നിന്നെ കാത്തിരിക്കുന്നു
നിയതിക്ക് നീതിയുണ്ടെങ്കില്‍
ചേരും നാം വീണ്ടും.
ഇത് നീ നാടുകടത്തിയ
സീതയുടെ ഗര്‍ജ്ജനമല്ല,
നിനക്ക് നേരെ നില്‍ക്കാന്‍ വേണ്ടി
ഉഴവുചാലിലേക്ക് തിരിച്ചു നടന്ന
സീതയുടെ ഗര്‍ജ്ജനമാണ് .
ഡോ. സി .ടി . വില്യം
കടപ്പാട്: മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ഫെബ്രുവരി 5 .
ഗുരുപ്രണാമം ഭാഗം നാല് അടുത്ത ലക്കം തുടരും .
No comments:
Post a Comment