Friday, February 3, 2012

അഴീക്കോട് സമ്മതിച്ചാലും ഇല്ലെങ്കിലും ഇതിനിടെ അഴീക്കോട് മാറുകയായിരുന്നു. ആശയപരമായും, സ്വതപരമായും, സാമൂഹ്യപരമായും, സര്‍ഗ്ഗപ്രക്രിയാപരമായും

 ഗുരുപ്രണാമം-രണ്ടാം ഭാഗം .
അഴീക്കോടിന്റെ വാക്കും, വാചകങ്ങളും, നോട്ടവും, കൈവിരലുകള്‍ തൊടുത്തുവിടുന്ന മുദ്രകളും, ഭാഷയും ഞാന്‍ ആവാഹിച്ചെടുത്തിരുന്നു. ആ പ്രസംഗ കലയുടെ ഗ്രാഫാണ് പിന്നീട് എന്നെ ആരാധ്യനായ അധ്യാപകനാക്കിയത്. ഇന്നും എന്റെ ക്ലാസ്സുകളില്‍ അഴീക്കോടിന്റെ സര്‍വ്വാംഗചലനങ്ങളും ശബ്ദ പാളികളുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും പ്രകടമാണ്. എന്റെ പ്രസംഗങ്ങളിലും അഴീക്കോട് അവിടവിടെ പറന്നെത്താറുണ്ടെന്ന്  കേള്‍വിക്കാര്‍ അഭിപ്രായപ്പെടാറുണ്ട്‌.
അഴീക്കോട് സമ്മതിച്ചാലും ഇല്ലെങ്കിലും ഇതിനിടെ അഴീക്കോട് മാറുകയായിരുന്നു. ആശയപരമായും, സ്വതപരമായും, സാമൂഹ്യപരമായും, സര്‍ഗ്ഗപ്രക്രിയാപരമായും അഴീക്കോട് മാറുന്നത് ഞാന്‍ നിരീക്ഷിച്ചറിഞ്ഞിട്ടുണ്ട്. ഈ പരിണാമത്തെ ഞാന്‍ മൂന്ന് ഘട്ടങ്ങളായ് കാണുന്നു.
ഗുരുത്ത ശൂന്യമായ സാഹിത്യവിമര്‍ശനം കൊണ്ട്  ജി. ശങ്കരക്കുറുപ്പെന്ന മഹാക്കവിയെ ഇല്ലാതാക്കിയ ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആദ്യ ഘട്ടമായിരുന്നു. 1984 -ല്‍ പുറത്തിറങ്ങിയ ജി ശങ്കരക്കുറുപ്പ് വിമര്‍ശിയ്ക്കപ്പെടുന്നു എന്ന കൃതിയുടെ കാലം. ഒരുപക്ഷെ ഈ കാലഘട്ടമായിരിക്കും ഡോ .സുകുമാര്‍ അഴീക്കോടിനെ മലയാള സാഹിത്യ ചരിത്രം അടയാളപ്പെടുത്തിയ ഒന്നാം ഘട്ടം. ഇത് വിഗ്രഹ ധ്വംസനത്തിന്റെ (Iconoclasm) ഒരു കാലഘട്ടമായിരുന്നു. 

സാഹിത്യം ദര്‍ശനങ്ങള്‍ക്ക് നിര്‍ബന്ധിതമായി കീഴടങ്ങിയ അഴീക്കോടിന്റെ രണ്ടാം ഘട്ടം വിഗ്രഹധ്വംസനത്തിന്റെ പ്രായശ്ചിത്തമായി സംഭവിച്ചതായിരിക്കണം. തത്ത്വമസി എഴുതിയ ഈ കാലഘട്ടമാണ് അഴീക്കോടിന്റെ രണ്ടാം ഘട്ടം. മികച്ച പുരസ്കാരങ്ങളുടെ അകമ്പടികളോടെ ഈ ഘട്ടം തത്ത്വമസിയിലൊതുങ്ങി കടന്നു പോയി. നവ ദര്‍ശനങ്ങളുടെയും ആധ്യാല്മീകതയുടെയും ഈ കാലഘട്ടം ഏതാണ്ട് വിമോചന ദര്‍ശനത്തിന്റെ (Liberation philosophy) ഒരു കാലഘട്ടമായിരുന്നു. നിലനിന്നിരുന്ന ദാര്‍ശനിക വ്യാകരണങ്ങളെ പൊളിച്ചെഴുതി ദര്‍ശനങ്ങള്‍ക്ക് വിമോചനം പ്രഖ്യാപിച്ച കാലഘട്ടമായിരുന്നു ഇത്.

സാഹിത്യവും വിമോചനദര്‍ശനവും പിന്നീട് സമന്വയിപ്പിച്ച് സാമൂഹ്യ വിമര്‍ശനത്തിന്റെ മറ്റൊരു ഉദാത്തമായ സാമൂഹ്യതലത്തിലേക്ക് അഴീക്കോട് എത്തുകയായിരുന്നു മൂന്നാം ഘട്ടത്തില്‍. ശബ്ദാഘോഷത്തിന്റെ  നാള്‍വഴികള്‍ കണ്ടെത്തിയ ഈ ഘട്ടമാണ് അഴീക്കോടിന്റെ വിശേഷാല്‍ സാഗരഗര്‍ജനത്തിന്റെ മൂന്നാം ഘട്ടം. വിമര്‍ശനകലയും, പ്രസംഗകലയും, വിമോചനദര്‍ശനവും സമരസപ്പെടുത്തി അഴീക്കോട് പ്രസംഗം വിട്ട് പ്രഭാഷകന്റെ സ്വന്തം ഇടം സ്വീകരിക്കുകയായിരുന്നു ഈ ഘട്ടത്തില്‍.

അഴീക്കോട് ജനകീയവല്‍ക്കരിക്കപ്പെട്ടത്‌ ഈ ഘട്ടത്തിലാണ്. തന്റെ ശബ്ദത്തിന്റെ സൌകുമാര്യം കൊണ്ടും മുഴക്കം കൊണ്ടും സ്വന്തം പേരിന്റെ പൂര്‍വ്വാംശത്തെ സാര്‍ത്ഥകമാക്കിയ ഒരു വസന്ത കാലമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ആശയ വൈരുധ്യങ്ങള്‍ കൊണ്ട് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ നിറഭേദങ്ങള്‍ വിരിയിച്ച അഴീക്കോടിന്റെ അവസാനത്തെ ഘട്ടമായിരുന്നു ഈ കാലഘട്ടം.

സാധാരണ ജനപക്ഷത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത സ്വാധീനം കൊണ്ട് ഗുരുത്തം അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു ഘട്ടമായിരുന്നു ഇത്. ആശയങ്ങളിലെ രാഷ്ട്രീയ വൈചിത്ര്യം കൊണ്ടും തന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഗുരുത്തത്തെ നിലനിര്‍ത്തേണ്ടത് കൊണ്ടും ആശയവൈരുധ്യങ്ങളാല്‍ നിറസംപുഷ്ടമായിരുന്ന ഈ കാലഘട്ടത്തെ ആത്മരതിയുടെ (Narcissism) കാലഘട്ടമായി കണക്കാക്കാവുന്നതാണ്. ഇത് അഴീക്കോട് തന്നെ സമ്മതിച്ചിട്ടുള്ളതുമാണ് .

ഈ മാറ്റങ്ങളൊക്കെ തന്നെ ഒരാരാധകന്‍ എന്നാ നിലയില്‍ എന്നിലും പ്രകടമായിരുന്നു. ചെറിയ ചെറിയ ക്രമഭേദങ്ങളോടെ. ജി ശങ്കരക്കുറുപ്പ് വിമര്‍ശിയ്ക്കപ്പെടുന്നു എന്ന നിരൂപണ രീതിശാസ്ത്രത്തെ സമര്‍ത്തിക്കുന്നതിനുവേണ്ടി  അഴീക്കോട് സാഹിത്യ ചര്‍ച്ചാവേദികളിലെ നിരൂപണത്തിന്റെ എഴുതപ്പെടാത്ത ഗര്‍ജനങ്ങള്‍ ആവുകയായിരുന്നു.

ഞാന്‍ തുടങ്ങി വച്ച പരീക്ഷണാത്മക പത്രപ്രവര്‍ത്തനം എന്റെ മനസ്സിനെ പൊള്ളല്‍ ഏല്‍പ്പിച്ചപ്പോള്‍ ഞാനും ക്ലാസ്സുമുറികളിലെ കൊച്ചുകൊച്ചു സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടും മാഷിന്റെ പ്രസംഗകല ഉള്‍കൊണ്ടും  അധ്യാപനത്തെ ജനകീയവല്‍ക്കരിക്കുകയായിരുന്നു. അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തിരുന്നു. ( തുടരും)

ഡോ. സി.ടി. വില്യം 

No comments:

Post a Comment