Thursday, February 9, 2012

അയാളുടെ പുസ്തകം നല്ല പുസ്തകമാണ് . വളരെ നന്നായിട്ടുണ്ട്. എനിക്ക് ലഭിച്ച ആദ്യത്തെ സാഹിത്യ പുരസ്കാരമായിരുന്നു ഇത് .

ഗുരുപ്രണാമം -മൂന്നാം ഭാഗം    
അഴീക്കോട് മാഷിന്റെ ചിന്താപരിണാമത്തിന്റെ  രണ്ടാം  ഘട്ട ത്തിലെഴുതപ്പെട്ട തത്ത്വമസി കാണിച്ചുതന്ന പ്രകാശ ഗോപുരമാണ് എന്റെ ആദ്യ പുസ്തകത്തിന്റെ ശ്രീകോവിലായത്. ഉപനിഷത്തു ക്കളുടെ സുസ്ഥിരമായ വ്യാഖ്യാനങ്ങളെ പുനര്‍ വ്യാഖ്യാനം നടത്തി കടഞ്ഞെടുത്ത  മറ്റൊരു സര്‍വ്വോപനിഷത്തായി മാറുകയായിരുന്നു അഴീക്കോടിന്റെ തത്ത്വമസി .
സംസ്കൃതത്തിലുള്ള  തുച്ചമായ അറിവുവച്ച് ചാണക്ക്യന്റെ അര്‍ത്ഥശാസ്ത്രത്തെ അധികരിച്ച് ഞാന്‍ എഴുതിയ മാനവ വിഭവ വികസന തത്ത്വചിന്തയും അര്‍ത്ഥശാസ്ത്രവും എന്ന ഗവേഷണ ഗ്രന്ഥം ഞാന്‍  എഴുതുന്നത്‌ തത്ത്വമസി പകര്‍ന്നുതന്ന ആത്മവീര്യം കൊണ്ടായിരുന്നു. ഈ ഗവേഷണ ഗ്രന്ഥമാണ് പിന്നീട് എനിക്ക് മാസ്റ്റര്‍ ഓഫ് ഫിലോസഫിയും (M.Phil) ഡോക്ടര്‍ ഓഫ് ഫിലോസഫിയും (Ph.D) നേടിത്തന്നത് .

അഴീക്കോട്‌ തത്ത്വമസി യുടെ ആമുഖത്തില്‍ ഇങ്ങനെ എഴുതുകയുണ്ടായി - തത്ത്വമസി എന്ന ഗ്രന്ഥമെഴുതി നടുനിവര്‍ക്കുന്ന ഈ നിമിഷത്തില്‍, സംസ്കൃതം പഠിച്ചുവെന്നുള്ള ആശ്വാസമോ അഹങ്കാരമോ ഒന്നുമല്ല എനിക്കനുഭവപ്പെടുന്നത്. അതി വിനീതമായ ഒരു കൃതാര്‍ത്ഥതയാണ് . 

ഞാന്‍ മാനവ വിഭവ വികസന തത്ത്വചിന്തയും അര്‍ത്ഥശാസ്ത്രവും എന്ന എന്റെ പുസ്തകത്തിന്റെ അവസാനഭാഗത്ത് ഏതാണ്ട് ഇങ്ങനെയും എഴുതി - ജെയാഹാന്‍ മേയര്‍ സംസ്കൃത സാഹിത്യ ത്തിലെ ഭീമാകാരമായ പടകപ്പല്‍ ഓടിക്കുന്ന കപ്പിത്താനും ഞാന്‍ ആ മഹാ സാഗരത്തിന്റെ ഏതോ കൈവഴിയില്‍ കരക്കിരുന്നു കടലാസ് തോണി ഒഴുക്കുന്ന കൊച്ചുകുട്ടിയുമാണ് . അതുകൊണ്ടുതന്നെ പൂര്‍ണത തേടുന്ന ഈ അപൂര്‍ണ പഠനം അര്‍ത്ഥശാസ്ത്രത്തിന്റെ ഒരു വിദൂര ദര്‍ശനമായിരിക്കാം . എങ്കിലും അര്‍ത്ഥശാസ്ത്രത്തെ ആദ്യമായി അനുഭവിക്കുന്നവര്‍ക്ക് ഈ പഠനം ഒരു സമീപ ദര്‍ശനമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു .

ഏറ്റെടുത്ത വിഷയങ്ങളിലും എഴുത്തിലും സംഭവിച്ച ഈ സമവായം ആകസ്മികമായിരുന്നില്ല . ഗുരുവിനോട് ചേര്‍ന്ന് നിന്ന ഒരു ശിഷ്യന് ലഭിച്ച ഗുരുത്തം തന്നെയായിരുന്നു . അഴീക്കോടിന്റെ തത്ത്വമസിയും എന്റെ മാനവ വികസന തത്ത്വചിന്തയും അര്‍ത്ഥശാസ്ത്രവും വൈജ്ഞാനിക  തലങ്ങളാണ്  സ്വീകരിച്ചതെങ്കിലും തത്ത്വമസി ഉയരങ്ങളിലും എന്റെ പുസ്തകം താഴ്വാരങ്ങളി ലുമാണ് നിലയുറപ്പിച്ചത് . എന്നിരുന്നാലും അഴീക്കോടിന് തത്ത്വമസി പോലെ തന്നെ എനിക്ക് പ്രശസ്തി ഉണ്ടാകിതന്നതും എന്റെ മാനവ വിഭവ വികസന തത്ത്വചിന്തയും അര്‍ത്ഥശാസ്ത്രവും എന്ന പുസ്തകമാണ്. 

എന്റെ ഈ പുസ്തകത്തിന്റെ പ്രകാശനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തിയത് അഴീക്കോടാ യിരുന്നു. ഞാന്‍ ആദ്യമായി അഴീക്കോടിനെ അടുത്തറിയുന്നതും ഈ ചടങ്ങില്‍ വച്ചാണ് . പിന്നീട് ആ സൌഹൃദം ആത്മബന്ധമാവുകയായിരുന്നു. നാളിതുവരെ അതങ്ങനെ തന്നെ തുടരുന്നു. 

അന്ന് അഴീക്കോട് താമസിച്ചിരുന്നത് വിയ്യൂരായിരുന്നു. മാതൃഭൂമിയിലെ എന്റെ സുഹൃത്ത് സലാഹുദീനാണ് എന്നെ അഴീക്കോടിന് പരിചയപ്പെടുത്തിയത്. ഞാന്‍ അഴീക്കോടിന്റെ വിയ്യൂരിലെ വീട്ടില്‍ പുസ്തക പ്രകാശനത്തിന്റെ ക്ഷണക്കത്തുമായി  ചെല്ലുമ്പോള്‍ അഴീക്കോട് എഴുത്തിലായിരുന്നു. വാതില്‍ തുറന്നിരുന്നില്ല. പരിചാരിക അറിയിച്ചതിനെ തുടര്‍ന്ന് വീടിന്റെ ഇടതു വശത്തെ ജന്നല്‍ പാളി പാതി തുറന്നു അഴീക്കോട് പ്രത്യക്ഷനായി. ക്ഷണക്കത്ത് സ്വീകരിച്ചു. 

നേരില്‍ കാണാം , കുറെ സംസാരിക്കാം എന്നൊക്കെ കരുതിയാണ് അഴീക്കോട് മാഷേ കാണാന്‍ പോയത്. പക്ഷെ ഒന്നും നടന്നില്ല. പിന്നെ കാണുന്നത് ചടങ്ങില്‍ വച്ചാണ്. അന്ന് അഴീക്കോട് നടത്തിയ ആ മുഖ്യ പ്രഭാഷണമാണ് പിന്നീട് എന്നെ സാഹിത്യത്തിന്റെ മുഖ്യ ധാരയിലെത്തിച്ചത് .

എല്ലാ പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിര്‍ജീവമായികൊണ്ടിരിക്കുന്ന മലയാള സാഹിത്യത്തിന് ആ പ്രഭാഷണം ഒരു ഓര്‍മപ്പെടുത്തലായിരുന്നു. ആസ്വാദനത്തിന്റെ പേരില്‍ ഉപരിപ്ലവമായ പുസ്തകങ്ങള്‍ പെരുകുന്നുവെന്നും , വായനക്കാരന്റെ ബുദ്ധിയേയും ചിന്തയേയും വെല്ലുവിളിക്കുന്ന പുസ്തകങ്ങള്‍ ഉണ്ടാവുന്നില്ലെന്നും , നാലിലൊന്നും ജീര്‍ണമായ ഭരണഘടന യാണ്  ഇന്ത്യക്കുള്ളതെന്നും എന്റെ പുസ്തകം ഒരു പുതിയ വഴിത്തിരിവാണെന്നും  അന്ന് അഴീക്കോട് പറഞ്ഞു. 

ഡി ഹിന്ദു ഇങ്ങനെ റിപ്പോര്‍ട്ട് ചെയതു- Emphasizing the need for ending the practice of writing naive books, Dr. Azhikode said the book like that written by Dr.William would be helpful in assimilating the truth of the past cultures and enquiries. 

ഒരു ഉപഹാരമായി എന്റെ സുഹൃത്ത് 500 രൂപ മാഷിനു കൊടുത്തു. മാഷ്‌ അത് വാങ്ങിയില്ല. പകരം സുഹൃത്തിനോട് എന്നോട് പറയാന്‍ ഇങ്ങനെ പറഞ്ഞു - അയാളുടെ പുസ്തകം നല്ല പുസ്തകമാണ് . വളരെ നന്നായിട്ടുണ്ട്. എനിക്ക് ലഭിച്ച ആദ്യത്തെ സാഹിത്യ പുരസ്കാരമായിരുന്നു ഇത് 


പുസ്തകത്തെ കുറിച്ചുള്ള നല്ല അഭിപ്രായം പിന്നെയും അഴീക്കോട് മാഷ്‌ പലരോടും പറഞ്ഞു. ഈ ഒരു സ്നേഹപൂര്‍വമായ നിലപാട് എന്നെ അഴീക്കോടിലേക്ക് കുറേകൂടി അടുക്കുന്നതിനും കൂടുതല്‍ സ്വാതന്ത്ര്യം എടുക്കുന്നതിനും സഹായകമായി. അതില്‍പിന്നെ ഞാന്‍ കൂടെക്കൂടെ അഴീക്കോടിനെ കാണാന്‍ തുടങ്ങി. വളരെ വൈകിയും ഞാന്‍ മാഷിന്റെ എരവിമങ്ങലത്തെ  വീട്ടില്‍ സംസാരിച്ചിരുന്നിട്ടുണ്ട്. എല്ലാ വിഷയവും മാഷ്‌  സംസാരിക്കും. ഏതെങ്കിലും ഒരു വിഷയത്തില്‍ ഒതുങ്ങുതല്ല അഴീക്കോട് മാഷിന്റെ വ്യക്തിത്തവും പാണ്ഡിത്യവും . (തുടരും)

ഡോ. സി.ടി.വില്യം

No comments:

Post a Comment