Wednesday, March 28, 2012

അഴീക്കോട് മാഷ്‌ പുസ്തകത്തിലൂടെ കണ്ണുകളും വിരലുകളും ഓടിച്ചു . ബാലചന്ദ്രന്‍ വടക്കേടത്ത് എഴുതിയ അവതാരിക കണ്ടതും മാഷിന്റെ മുഖം പ്രക്ഷുബ്ദമായി.



അഴീക്കോട് മാഷേ കുറിച്ചുള്ള എന്റെ ഓര്‍മകുറിപ്പുകള്‍ ഗുരുപ്രണാമം ഒമ്പതാം ഭാഗം തുടരുന്നു ...
രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടേറെ വീക്ഷണ വൈചിത്ര്യമുള്ള എന്റെ "ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ " എന്ന പുസ്തകത്തിന് അവതാരിക എഴുതാന്‍ ഞാന്‍ മനസ്സ് കൊണ്ട് ഉദ്യേശിച്ചത്‌ അന്നത്തെ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ്  മന്ത്രി  ശ്രി.എം . എ . ബേബിയെ  ആയിരുന്നു. ശ്രി .എം .എ . ബേബി അത് സവിനയം സമ്മതിക്കുകയും ചെയ്തിരുന്നു .

എന്റെ "ഇതുവരെ " എന്ന കവിത പുസ്തകം പ്രകാശനം ചെയ്തത്  ശ്രി .എം .എ . ബേബി ആയിരുന്നു . "ഇതുവരെ "യുടെ ഒരു  പ്രസിദ്ധീകൃത പ്രതിയും "ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ " എന്ന പുസ്തകത്തിന്റെ ഒരു കയ്യെഴുത്തു പ്രതിയും ഞാന്‍ നേരത്തെ തന്നെ ശ്രി .എം .എ . ബേബിക്ക് കൊടുത്തിരുന്നു. 
എന്നാല്‍ തിരക്കിനിടയില്‍ കയ്യെഴുത്തുപ്രതി എവിടെയോ വച്ചു നഷ്ടപ്പെട്ടുവെന്ന്  പറഞ്ഞ ബേബി ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ പിന്നീട് ഒരു പ്രതി കൂടി കൊടുക്കുകയുണ്ടായി. തിരക്ക്  മൂലമോ മനപൂര്‍വ്വകമോ എന്നെനിക്കറിയില്ല , ശ്രി .ബേബി അവതാരിക എഴുതിതന്നില്ല .

"ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍" വായിച്ചുനോക്കിയ പലരും പുസ്തകം പെട്ടെന്ന് അച്ചടിച്ചിറക്കണമെന്ന നിര്‍ദേശം വയ്ക്കുകയുണ്ടായി. കാരണം , ഒട്ടേറെ ആനുകാലിക സംഭവങ്ങളുമായി ആ പുസ്തകത്തിന് ആത്മബന്ധമുണ്ടായിരുന്നു . അച്ചടി വൈകിയാല്‍ അതിന്റെ ആനുകാലിക പ്രസക്തി നഷ്ടപ്പെടുമായിരുന്നു.

അങ്ങനെയാണ് അക്കാദമിയിലെ ചില സുഹൃത്തുക്കളും എന്റെ ചില അഭ്യുദയകാംഷികളും പറഞ്ഞതനുസരിച്ച് ഈ പുസ്തകത്തിന്റെ അവതാരിക എഴുതാന്‍ ശ്രി .ബാലചന്ദ്രന്‍ വടക്കേട ത്തിനെ ഏല്പിച്ചത്. പുതിയ തലമുറയിലെ ഒരു നിരൂപകന്‍ എന്ന നിലയില്‍ അയാള്‍ തീര്‍ത്തും യോഗ്യനാണെന്നും എനിക്ക് ബോധ്യമുണ്ടായിരുന്നു .

ശ്രി .ബാലചന്ദ്രന്‍ വടക്കേടത്ത് അധികം വൈകാതെ തന്നെ അവതാരിക എഴുതി  തന്നു . ഞാനത് നന്നായി  വായിച്ചുനോക്കിയിരുന്നു. അവതാരികാകാരന് ധര്‍മഭ്രംശമൊന്നും സംഭവിച്ചതായി അന്നും ഇന്നും എനിക്ക് തോന്നിയിട്ടില്ല. പുസ്തകം അധികം വൈകാതെ അച്ചടിക്കുകയും ചെയ്തു.
 ആസ്വാദനത്തിനും, നിരൂപണത്തിനും, വിമര്‍ശനത്തിനും ഇടയി ലെവിടെയോ ആയിരുന്നു  എന്റെ പുസ്തകത്തിന്റെ സ്ഥാനം. എന്നിരുന്നാലും ഈ പുസ്തകം എഴുതാനുള്ള പ്രേരക ശക്തിയും വ്യക്തിയും എന്റെ പ്രിയപ്പെട്ട അഴീക്കോട് മാഷ്‌ തന്നെയായിരുന്നു എന്നതുകൊണ്ടും മലയാള സാഹിത്യത്തില്‍ മാഷ്‌ എന്റെ ഗുരുവായതുകൊണ്ടും ഈ പുസ്തകം ഞാന്‍ എന്റെ പ്രിയപ്പെട്ട അഴീക്കോട് മാഷിന് സമര്‍പ്പിക്കുകയായിരുന്നു. 

അഴീക്കോട്  മാഷല്ലാതെ ഈ പുസ്തകം ഏറ്റുവാങ്ങി പ്രകാശിപ്പിക്കാന്‍  അര്‍ഹതയും  യോഗ്യതയും ഉള്ള ഒരാളും ഇന്ധ്യയിലില്ലെന്ന വിശ്വാസമാണ് എനിക്കുള്ളത് . മാഷ്‌ അത് നിര്‍വഹിക്കുമെന്ന  വിശ്വാസവും എനിക്കുണ്ടായിരുന്നു .

പുസ്തകം അച്ഛടിച്ചുകിട്ടിയ ഉടന്‍ ഞാന്‍ മാഷിന്റെ ഡ്രൈവറും സെക്രട്ടറിയുമായ സുരേഷിനെ വിളിച്ചു .മാഷിന് പുസ്തകത്തിന്റെ ഒരു  കോപ്പി കൊടുക്കണം. ചടങ്ങിന് ക്ഷണിക്കണം . ഇതായിരുന്നു ഉദ്യേശം. സുരേഷ് എന്നോട് ഇങ്ങനെ പറഞ്ഞു ," നാളെ മാഷിന് അക്കാദമിയില്‍ പരിപാടി ഉണ്ട് .അപ്പോള്‍ നേരില്‍ കാണാം. "

ഞാന്‍ പിറ്റേന്ന് അക്കാദമിയിലെത്തി. കോയമ്പത്തൂര്‍ ഈറോഡിലുള്ള ഏതോ ശ്രീനാരായണീ യരുടെ ഒരു സുവനീര്‍ പ്രകാശന ചടങ്ങായിരുന്നു അത്. അഴീക്കോട് സമയത്തിനുതന്നെ എത്തിയിരുന്നു.അഴീക്കോട് എന്നും അങ്ങനെയാണ് . പരിപാടികളില്‍  കൃത്യത പാലിക്കും. പരിപാടി കഴിയും വരെ വേദിയിലിരിക്കും. വേദിയിലെ എല്ലാവരെയും സ്വാഗതം ചെയ്യും. അവിടെ  വലിയവനെന്നോ ചെറിയവനെന്നോ ഭേദം ഇല്ല. വേദികളില്‍ അഴീക്കോട് ആദരണീയ നാവുന്നതിന്റെ പൊരുള്‍ ഇതാണ്.

അഴീക്കോടിന്റെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആളുകള്‍ വളരെ കുറവായിരുന്നു. അഴീക്കോട് മാഷിന്റെ ഏതാണ്ട് എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന ഒരാളാണ് ഞാന്‍ . എന്നാല്‍ ഇത്രയും   ശുഷ്കമായ ഒരു അഴീക്കോട് വേദി ഞാന്‍ ആദ്യമായി കാണുകയായിരുന്നു. ഇത്തരം വേദികള്‍ നിയന്ത്രിക്കണമെന്നും ഞാന്‍ അന്ന് അഴീക്കോടിനോടും  സുരേഷിനോടും പറയുകയുണ്ടായി . നിര്‍വാഹമില്ലാത്തതുകൊണ്ടാണ്  ഇങ്ങനെയൊക്കെ സംഭവിക്കുന്നത്‌ എന്ന് അഴീക്കോട് എന്നോട് പറയുകയും ചെയ്തു. 


ശ്രോതാക്കളെ പ്രതീക്ഷിച്ച് സംഘാടകര്‍ പരിപാടി വൈകിച്ഛതുകൊണ്ട് എനിക്കും മാഷിനും സംസാരിക്കാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും വേണ്ടത്ര സമയം കിട്ടി. ഞാന്‍ വിനയപുരസ്സരം മാഷിന് പുസ്തകത്തിന്റെ ആദ്യ പ്രതി സമ്മാനിച്ചു. "മാഷിനാണ് സമര്‍പ്പണം " എന്ന് വികാരവായ്പ്പോടെ ഓര്‍മിപ്പിച്ചു.


അഴീക്കോട് മാഷ്‌ പുസ്തകത്തിലൂടെ കണ്ണുകളും വിരലുകളും ഓടിച്ചു . ബാലചന്ദ്രന്‍ വടക്കേടത്ത് എഴുതിയ അവതാരിക കണ്ടതും മാഷിന്റെ മുഖം പ്രക്ഷുബ്ദമായി. ആ മുഖത്തു ഒരു കര്‍ക്കിടകം ഇടിവെട്ടി പെയ്തു .  പിന്നെ  മാഷ്‌ പറഞ്ഞതൊന്നും ഇവിടെ  പറയാനാവില്ല . പറഞ്ഞാല്‍ അത് മാഷിനോടും എന്നോടും ചെയ്യുന്ന മഹാപാതകമായിരിക്കും.

ഡോ. സി.ടി. വില്യം

ഗുരുപ്രണാമം പത്താം ഭാഗം അടുത്ത ബ്ലോഗ്ഗില്‍ തുടരും .

No comments:

Post a Comment