Wednesday, March 14, 2012

'വില്യമിന്റെ കവിത ആലോചനയില്‍ സുഖാമൃതം നല്‍കുന്നു. ഈ കവിത നമ്മെ വായനയിലൂടെ മനനത്തില്‍ എത്തിച്ച് അവിടെ മേയാന്‍ വിടുന്നു. അതാണ്‌ ആലോചനാമൃതം.' ഡോ . സുകുമാര്‍ അഴീക്കോട്


ണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം മാഷിന്റെ സാരഥിയും സെക്രട്ടറിയുമായ സുരേഷ് എന്നെ വിളിച്ചു പറഞ്ഞു , 'മാഷ്‌ കാണണമെന്ന് പറഞ്ഞു. അവതാരിക എഴുതിവച്ചിട്ടുണ്ട്‌. '

അതിരില്ലാത്ത സന്തോഷം, അളവില്ലാത്ത നന്ദി എന്നൊക്കെയുള്ള പ്രയോഗങ്ങളുടെ നേര്‍കാഴ്ചയും അനുഭവവും എനിക്കുണ്ടായി. ഈ വികാരവും അനുഭവവും എഴുതിപിടിപ്പിക്കുവാന്‍ എന്റെ കയ്യില്‍ വാക്കുകളില്ല.

അന്നൊരു ഞായറാഴ്ചയായിരുന്നു. മാഷിന്റെ  വീട്ടിലെത്തിയപ്പോള്‍ സുരേഷ് മുറ്റത്ത്‌ നില്പുണ്ടായിരുന്നു. അകത്തേക്ക് ക്ഷണിച്ചിരുത്തുന്നതിനിടയില്‍ സുരേഷ് പറഞ്ഞു, 'തന്റെ പുസ്തകത്തെ കുറിച്ച് മാഷ്‌ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്.'

മാഷ്‌ സ്വീകരണ മുറിയില്‍ വന്നപ്പോള്‍ ഞാന്‍ എഴുനേറ്റ് കൈ കൂപ്പി. മാഷ്‌ എനിക്ക് ഒരു കവര്‍ തന്നു. എന്നിട്ട്  പറഞ്ഞു, 'വായിച്ചു നോക്കു. എന്റെ ഒരു അഭിപ്രായമാണ് .'

ഞാന്‍ ആ കവര്‍ തുറന്നു. മൂന്നു പേജ് കുറിപ്പുണ്ട്. സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞിരുന്നു. അറിയാതെന്റെ  കൈവിരലുകള്‍ കണ്ണീരൊപ്പിയെടുത്തു. വായിക്കാന്‍ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. മാഷിന്റെ ഭാഷയുടെ ഗഹനതയും മുഴക്കവും പേജില്‍ അവിടവിടെ നിറഞ്ഞു നിന്നിരുന്നു, പുറത്തേക്ക് വരാതെ. 

ഞാന്‍ എത്തിപെട്ട ദുര്‍ഘടാവസ്ഥ മനസ്സിലാക്കി കൊണ്ട് മാഷ്‌ പറഞ്ഞു, 'എന്റെ കയ്യക്ഷരം വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. ഞാന്‍ വായിച്ചു തരാം. '

മാഷ്‌ വായിച്ചു, ഞാന്‍ വായനയുടെ സ്വര്‍ഗ്ഗത്തിലായിരുന്നു.

വായന മാത്രമായിരുന്നില്ല അത്. ഇടയ്ക്കിടെ  വിശദീകരണങ്ങളും വിശകലനങ്ങളും ഉണ്ടായിരുന്നു.

വാങ്ങ്മയ  ചിത്രങ്ങളാക്കാനാവാത്ത മുഹൂര്‍ത്തങ്ങളുണ്ടാവും നമ്മുടെയൊക്കെ ജീവിതത്തില്‍. ഇത് അത്തരമൊരു മുഹൂര്‍ത്തമാണ് . അതുകൊണ്ടുതന്നെ മാഷിന്റെ അവതാരികയിലെ രണ്ടു വരി ഉദ്ധരിച്ച് ഞാന്‍ ഇതിവിടെ നിര്‍ത്തട്ടെ.

'ലോകത്തില്‍ മൂന്നു സത്യങ്ങളെയുള്ളൂ. അച്ചന്‍ , അമ്മ, കുട്ടി. ജീവിതാവസ്ഥകളും മൂന്നേ ഉള്ളൂ. കൌമാരം, യൌവനം, വാര്‍ധക്യം. മൂന്ന് കര്‍മങ്ങളെ ഉള്ളൂ. കിനാവ്‌, പ്രണയം, വിവാഹം. എല്ലാം  ഒരനുഭവത്തില്‍  ഒടുവില്‍ എത്തി ചേര്‍ന്ന്  ലയിച്ചുചേരുന്നത്‌ ഒന്നില്‍ മാത്രം - മരണത്തില്‍. ഈ പത്തു സങ്കല്പങ്ങളുടെ പരമാര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിന്തയുടെ  ജ്വാലയാണ് ഈ കവിതയുടെ സൌന്ദര്യം. കവിതയുടെ മുഖവാക്യത്തില്‍ സൂചിതമായ  കാവ്യാത്മക തത്വചിന്തയുടെ നിശബ്ദ സാന്നിധ്യമാണ് അത്. തത്വചിന്തയുടെ അസംസ്കൃത രൂപമല്ല. അനുഭവത്തിന്റെ ഊഷ്മളതയില്‍ ചിന്ത പരിപാകം പ്രാപിച്ച് ഭാവനയുമായി ലയിച്ചുചേരുന്ന രൂപപരിണതിയാണ് ഈ കവിത നമുക്ക് നല്‍കുന്നത്.

സാഹിത്യം ആലോചനാമൃതം ആണെന്ന് പണ്ട് ആരോ പറയുകയുണ്ടായി. ഭാരതീയ  കാവ്യ മീമാംസയില്‍ അത് പകര്‍ത്തപ്പെട്ടില്ല. വില്യമിന്റെ കവിത ആലോചനയില്‍ സുഖാമൃതം നല്‍കുന്നു. ഈ കവിത നമ്മെ വായനയിലൂടെ മനനത്തില്‍ എത്തിച്ച് അവിടെ മേയാന്‍ വിടുന്നു. അതാണ്‌ ആലോചനാമൃതം.'

'ഇതുവരെ ' അഴീക്കോടിന്റെ അവതാരികയോടെ ഇതുവരെയും ജ്വലിച്ചുനില്‍ക്കുന്നു. ജ്വലനം തുടരും.

ഡോ. സി.ടി. വില്യം

No comments:

Post a Comment