Thursday, March 8, 2012

വീടിന്റെ നാല് തൂണുകള്‍ക്കും കിടപ്പറക്കും അപ്പുറത്ത് സ്ത്രീക്ക് ഒരിടം ഉണ്ട് . അത് തിരിച്ചറിയാന്‍ സ്ത്രീക്ക് കഴിയണം.

ഒരു വനിതാ ദിനം കൂടി കടന്നുപോകുന്നു. പതിവുപോലെ. പ്രത്യേക ദിനങ്ങളില്‍ മാത്രം നാം പ്രത്യേകം  ചിന്തിക്കുന്ന  കുറെ കാര്യങ്ങളുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ നമുക്ക് ചിന്തിക്കണമെങ്കില്‍ ചില പ്രത്യേക ദിനങ്ങളൊക്കെ വേണം. അങ്ങനെ നമ്മുടെ ചിന്തകളെ ചില പ്രത്യേക ദിനങ്ങളിലേക്ക് മാത്രം തളച്ചിടുന്ന ചില ആഗോള ശക്തികലുണ്ട് നമുക്കുചുറ്റും.

വനിതാദിന ചിന്തകള്‍ കുത്തിനിറച്ച പത്ര-തരംഗ-ചാനല്‍ മാധ്യമങ്ങളിലൂടെയെല്ലാം വായിച്ചും, കേട്ടും, കണ്ടും ഈ വനിതാദിനത്തെയും നാം സ്വീകരിക്കുന്നു. ഈ മാധ്യമങ്ങളിലൂടെയെല്ലാം പ്രതിഫലിക്കപ്പെട്ടത്‌ പെണ്ണിന്റെ ഒരിക്കലും ഒടുങ്ങാത്ത കണ്ണീര്‍ച്ചാലുകള്‍ തന്നെ. കണ്ണീരിനെയും പെണ്ണിനേയും ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ചുകൊണ്ട് അവരൊക്കെ നിര്‍വൃതി അടയുന്നു. അടിച്ചമര്‍ത്തപ്പെട്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, മുതലെടുക്കപ്പെട്ട, പെണ്‍ വര്‍ഗ്ഗത്തിന്റെ ദീനരോദന ങ്ങളാണ് നാം എന്നും കേട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ പെണ്ണുങ്ങളും ഈ മൃദുരോദനങ്ങള്‍ക്ക്  സര്‍വ്വാത്മനാ വിധേയരുമാണ് . അതുകൊണ്ടാണല്ലോ തിങ്കള്‍ മുതല്‍ വെള്ളി വരെ നമ്മുടെ ചാനലുകള്‍ നിലനിന്നുപോകുന്നത്.

ഈ വര്‍ഷത്തെ വനിതാദിനത്തില്‍ പക്ഷെ ഒരു സ്പെഷ്യല്‍ ഐറ്റം വിളമ്പാനുള്ളത് നമ്മുടെയൊക്കെ മഹാഭാഗ്യം. എരിപുളിയോടെ സൌമ്യയും, ശാരിയും, കൂട്ടരും ഇലയുടെ ഒരു മൂലയില്‍ കിടപ്പുണ്ട്. ചൂടും മധുരവും ഇണചേര്‍ന്ന ജയഗീതയുടെ റെയില്‍ തടയല്‍ പാല്‍പായസം ഇലയുടെ നടുക്ക് തന്നെ വിളമ്പിയിട്ടുണ്ട്. ആദ്യത്തെ എരിപുളികള്‍ക്ക് നാടകവും, ഡോക്യുമെന്‍ററിയും, സെമിനാറും; രണ്ടാമത്തെ പാല്പായസത്തിന് ചാനലുകളില്‍ ചര്‍ച്ച തകൃതി. രണ്ടിന്റെയും ആഘാതപ്രത്യാഘാതങ്ങള്‍ ഏതാണ്ട് ശൂന്യം.

നമ്മുടെ പെണ്‍ശക്തി  പ്രസ്ഥാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പെണ്ണിന്റെ ലിംഗപരമായ മേല്‍ക്കോയ്മ ഉറപ്പിച്ചെടുക്കുന്നതിനാണ് . ഈ മേല്‍ക്കോയ്മ കൊണ്ടാണ് അവള്‍ ഭര്‍ത്താവിനെ സമ്പാദിക്കുന്നതും, സമ്പാദിച്ച ഭര്‍ത്താവിനെ നഷ്ടപ്പെടുത്താതിരിക്കുന്നതും, നഷ്ടപ്പെടുത്താതിരുന്ന ഭര്‍ത്താവിനെ ആവശ്യംപോലെ ഉപേക്ഷിക്കുന്നതും , അങ്ങനെ ഉപേക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ കോടതി കയറ്റുന്നതും  ശിക്ഷിക്കുന്നതും. അങ്ങനെ മൊത്തം 50000 ഡിവോഴ്സുകള്‍. ഈ അളവുകോല്‍ വച്ചാണ് നമ്മുടെ പെണ്‍ശക്തി പ്രസ്ഥാനങ്ങള്‍ പെണ്ണിന്റെ വളര്‍ച്ചയെ അളക്കുന്നത്.
 
എന്നാല്‍ ഇവിടെയാണോ പെണ്‍ ശാക്തീകരണം വേണ്ടത് ? ഇവിടെയും ആകാമെന്നെയുള്ളൂ. പെണ്‍ശക്തിയുടെ യഥാര്‍ത്ഥ ശക്തിപ്രഭാവം പ്രകടമാകേണ്ടത് പക്ഷെ നമ്മുടെ സാമൂഹ്യ ഘടനകളിലാണ്. നമ്മുടെ പുരുഷന്മാര്‍ ഇട്ടിക്കണ്ണികളെപോലെ അപരാന്നജീവികളായി രിക്കുകയാണ് . അവര്‍ പലരും പലതിന്റെയും തണലില്‍ സസുഖം വാഴുന്നവരാണ്. അവരുടെ ഏറ്റവും സുരക്ഷിതമായ തണല്‍ സ്വന്തം ഭാര്യയോ കാമുകിയോ ഒക്കെയാണ്. ഇവര്‍ക്ക് അക്ഷരാര്‍ഥത്തില്‍ നാലും കൂട്ടി വിളമ്പുന്ന ഭോഗവസ്തുവാണ് ഇന്ന് സ്ത്രീ.  ഇതറിയാവുന്ന സ്ത്രീ അതിനനുസരിച്ച് വളരെ ചെറുതാവുന്നുമുണ്ട്. ഇങ്ങനെ ചെറുതാവുന്നതുകൊണ്ടാണ് സ്ത്രീകള്‍ ചരക്കാവുന്നതും കമ്പോളങ്ങളില്‍ ക്രയവിക്രയം നടത്തപ്പെടുന്നതും.

അതുകൊണ്ട് സ്ത്രീപക്ഷം സാമൂഹികമായ  കാഴ്ച്ചപ്പാടുകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വീടിന്റെ നാല് തൂണുകള്‍ക്കും കിടപ്പറക്കും അപ്പുറത്ത് സ്ത്രീക്ക്  ഒരിടം ഉണ്ട് . അത് തിരിച്ചറിയാന്‍ സ്ത്രീക്ക് കഴിയണം. ഈ തിരിച്ചറിവ് സ്ത്രീ പക്ഷത്തിന് പതുക്കെ പതുക്കെ കൈവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. അതിനെ തിരിച്ചറിയാന്‍ നമ്മുടെ പെണ്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ കഴിയട്ടെ. ഈ വനിതാദിനം അതിനായിരിക്കട്ടെ .
 
ഡോ. സി.ടി. വില്യം
ഗുരുപ്രണാമം അടുത്ത ബ്ലോഗ്ഗില്‍ പ്രതീക്ഷിക്കുക.

No comments:

Post a Comment