Sunday, July 28, 2013

സരിത വായിച്ചറിയുവാന്‍ എഴുതുന്നതെന്തെന്നാല്‍ .......


പ്രിയപ്പെട്ട സരിതെ ,

നമ്മള്‍ പരസ്പരം ഭൌതികമായി കണ്ടിട്ടില്ല . ശബ്ധം പരസ്പരം വാമൊഴിയായി സ്വീകരിച്ചിട്ടുമില്ല . സൈബര്‍ മാദ്ധ്യമവുമായി വാക്കും നോക്കും കൈമാറിയിട്ടുമില്ല . ഇത്രയും മുഖവുരയായി എഴുതുന്നത്‌ നമ്മുടെ ജോര്‍ജ്ജിന്റെ ഉറക്കം കെടാതിരിക്കാനും ഭരണ – പ്രതിപക്ഷങ്ങളുടെ ഉന്നം പിഴക്കാതിരിക്കാനുമാണ് . എല്ലാവരേയും കാരുണ്യ നിധികളായ ദൈവങ്ങള്‍ രക്ഷിക്കട്ടെ .

ആദ്യമായി , നമ്മുടെ കൊച്ചുകേരളത്തെ അത്യുന്നതങ്ങളിലെ സൂര്യഭഗവാന്റെ കൃപാകടാക്ഷങ്ങളാല്‍ ഊര്‍ജ്ജിതമാക്കാന്‍ നീ കൈകൊണ്ട സല്‍ക്കര്‍മ്മങ്ങളെ സ്നേഹപൂര്‍വ്വം സ്മരിക്കുകയും അതിന് ആത്മാര്‍ഥമായി നന്ദിയും പറയട്ടെ . പിന്നെ ഏത് നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും പ്രത്യേകിച്ച് കേരളത്തില്‍ തടസ്സങ്ങളും വിവാദങ്ങളും ഉണ്ടാവുക സ്വാഭാവികമാണല്ലോ . തടസ്സങ്ങളും വിവാദങ്ങളും തീരട്ടെ .ദൈവം നിന്നെ അനുഗ്രഹിക്കട്ടെ .

ഇനി കാര്യത്തിലേക്ക് കടക്കാം . സരിത ഇപ്പോള്‍ കൂടുതലും ജയിലിലും കോ ടതികളിലും പോലീസ് വാഹനങ്ങളിലുമൊക്കെയാണ് സമയം കഴിച്ചു കൂട്ടു ന്നതെന്നറിയാം . അതുകൊണ്ടുതന്നെ ഞാന്‍ എഴുതാന്‍ പോകുന്ന വിഷയങ്ങള്‍ മനസ്സിലായിക്കോളണമെന്നില്ല . എന്നിരുന്നാലും സരിതയ്ക്ക് ഈ വിഷയങ്ങളുമായി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു .

സരിതെ , ഞാന്‍ പ്രധാനമായും പറയാന്‍ ഉദ്യേശിക്കുന്നത് കേരളത്തിലെ റോഡുകളെ കുറിച്ചാണ് . നമ്മുടെ റോഡുകളെല്ലാം തോടുകളും കൊക്കരണികളുമായി മാറിയിട്ട് സരിതയുടെ റിമാണ്ട് കാലത്തോളമായി . പാചക വാതകത്തി ന്റെയും പെട്രോളിന്റെയും നിത്യോപയോഗ സാധന സാമഗ്രികളുടെയും വില കുതിച്ചുകയറിയിരിക്കുകയാണ് . സരിത ഇതൊക്കെ അറിയുന്നുണ്ടോ ആവോ . കാരണം സരിതയുടെ സാധാരണ ജീവിതം നിലച്ചിട്ട് കുറച്ചു കാലമായില്ലേ . ഓരോരോ വിധികള്‍ . അല്ലാതെന്തുപറയാന്‍ . എല്ലാം കലങ്ങി തെളിഞ്ഞ് സമാധാനവും സന്തോഷവും നിനക്ക് തിരിച്ചു കിട്ടട്ടെ എന്ന് ഞങ്ങളില്‍ ചിലരെങ്കിലും ദൈവത്തോട് പ്രാര്‍ഥിക്കുന്നുണ്ട് .
സരിതെ , ഞാന്‍ സരിതയെക്കുറിച്ച് വായിച്ചും കേട്ടും കണ്ടും മനസ്സിലാക്കി യതിന്റെ അടിസ്ഥാനത്തിലാണ് ഈ കത്തെഴുതുന്നത് . സരിതയ്ക്ക് കേരള ത്തിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കന്മാരെയും മാധ്യമങ്ങളെയുമെല്ലാം നല്ലപോലെ അറിയാമെന്നാണ് ഞാന്‍ മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കിയത് . അതില്‍ ശരിയും സത്യവുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു . അതുകൊണ്ട് സരിത ഞങ്ങള്‍ക്കുവേണ്ടി ഒരു ഉത്തരവാദിത്ത്വം കൂടി ഏറ്റെടുക്കണം .കേരള ജനതക്ക് അതൊരു വലിയ ഉപകാരം കൂടിയായിരിക്കും . കേരളത്തിലെ പൊട്ടി പ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കിയെടുക്കുന്നതിനും പാചകവാതകത്തിന്‍റെയും പെട്രോളിന്‍റെയും മറ്റ് നിത്യോപയോഗ സാധന സാമഗ്രികളുടെയും വില നിയന്ത്രിക്കുന്നതിനും കേരളത്തിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കന്മാരോടും മാധ്യമങ്ങളോടും ശുപാര്‍ശ ചെയ്യണം . കഴിഞ്ഞ ഒരുപാട് നാളുകളായി ഞങ്ങളൊക്കെ മുറവിളി കൂട്ടിയിട്ടൊന്നും ഒരു ഫലവുമുണ്ടായില്ല . സരിത പറഞ്ഞാല്‍ അവര്‍ കേള്‍ക്കും . സരിത പറഞ്ഞാല്‍ മാത്രമെ ഇനി അവര്‍ കേള്‍ക്കൂ. ബുദ്ധിമുട്ടിക്കുകയാണെന്ന് തോന്നരുത് . വേറെ ഒരു വഴിയുമില്ലാത്തതുകൊണ്ടാണ് ഞങ്ങള്‍ സരിതയോട് ഇങ്ങനെ അപേക്ഷിക്കു ന്നത് . ഞങ്ങളുടെ അപേക്ഷ തള്ളരുത് .

നീ ഇതുവരെ ഞങ്ങള്‍ക്കുവേണ്ടി ചെയ്തതൊന്നും ഞങ്ങള്‍ മറക്കില്ല . അറിഞ്ഞുകൊണ്ട് നീ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ വിസ്വിക്കുന്നു . നിന്റെ കൂടെ യുള്ളവര്‍ നിന്നെ ചതിച്ചു . അതുകൊണ്ടാണ് നിനക്ക് ഈ അവസ്ഥ വന്നത് . നിന്നെ സഹായിക്കാനോ നിന്നിലെ സ്ത്രീപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാനോ, മനുഷ്യാവകാശപ്രവര്‍ത്തകാരോ സ്ത്രീപക്ഷപ്രവര്‍ത്തകരോ ഇല്ലാതെ പോയതില്‍ ഞങ്ങള്‍ക്ക് ദുഖമുണ്ട് . എല്ലാം കാണുന്ന ജഗദീശ്വരന്‍ നിന്നെ രക്ഷിക്കട്ടെ . അനുഗ്രഹിക്കട്ടെ .

സ്നേഹപൂര്‍വ്വം

 ഒരു സാധാരണ കേരളീയന്‍   

No comments:

Post a Comment