Friday, February 28, 2014

സരിത- സമനിലയില്‍ യുദ്ധം ചെയ്യുന്ന ലക്ഷ്മി





സൂര്യനെ ഭയക്കാത്തവള്‍ നീ 
സൂര്യതേജസ്സില്‍ ജ്വലിക്കുന്നവള്‍ നീ
സൂര്യനെ ചുറ്റുന്നവള്‍ നീ.

കണ്ണുകളില്‍ വന്‍കടലുള്ളവള്‍
കാതുകളില്‍ കൊടുങ്കാറ്റുള്ളവള്‍
ചുണ്ടുകളില്‍ പ്രവചനങ്ങളുള്ളവള്‍
രാഷ്ട്രീയത്തേനീച്ചകള്‍ക്ക്,
ഉറക്കംകെടുത്തുന്ന,
അരാഷ്ട്രീയ മഹാറാണി നീ.

കിഴക്കുനിന്ന് പടിഞ്ഞാട്ടും
പടിഞ്ഞാട്ടുനിന്ന്‍ കിഴക്കോട്ടും തിരിയുമ്പോള്‍
നിന്റെ പാവം കഴുത്ത്,
ഇടമ്പിരി-വലമ്പിരി ശംഖാവുന്നു.

ഗാന്ധാരത്തിന്റെ സിന്ദൂരവും
മദ്ധ്യമത്തിന്റെ പുണ്യവും
പഞ്ചമത്തിന്റെ വസന്തവും
ധൈവതത്തിന്റെ ത്രാസവും
നിഷാദത്തിന്റെ  ലയവും നഷ്ടമായ ശംഖ് നീ.

എഴുസ്വരങ്ങളില്‍,
അഞ്ചും നഷ്ടപ്പെട്ട ത്രിപുട താളമാണ് നീ.
ഷഡ്ജസൌകുമാര്യങ്ങളില്‍
ഋഷഭശോഭയാണ് നീ ലക്ഷ്മി.

സൂര്യനുദിച്ചാല്‍ നീ സൂര്യകാന്തി,
സൂര്യനുദിച്ചില്ലെങ്കില്‍ നീ സൂര്യകാന്തം.
നീ ഉദയവും അസ്തമനവുമാണ്.
രാവും പകലും നിനക്ക് സമമാണ്.
നീ ശരിയുടെ സമനിലയാണ്,
സമനിലയില്‍ യുദ്ധം ചെയ്യുന്ന ലക്ഷ്മി.


*ഷഡ്ജം, ഋഷഭം, ഗാന്ധാരം, മദ്ധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നിവ സപ്തസ്വരങ്ങള്‍.
*സരി ‘ത’ - സമനിലയില്‍ യുദ്ധം ചെയ്യുന്ന ലക്ഷ്മി എന്ന്‍ വ്യാഖ്യാനം.
*ത്രിപുട - ലഘു, ദ്രുതം, ദ്രുതം എന്നിങ്ങനെ താളം.    
    

  
 

1 comment:

  1. She is something. One can't write her off so easily.

    ReplyDelete