Monday, February 27, 2012

മാഷിന്റെ മുഖത്തെ വിഷാദം മാഞ്ഞു. പ്രസംഗത്തട്ടിലെ സുകുമാര്‍ അഴീക്കോട് ഉണര്‍ന്നു. പിന്നെ പറഞ്ഞു. എഴുതിക്കോളൂ. ഞങ്ങള്‍ എഴുതിയെടുത്തത് ഇങ്ങനെ.

യനാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്ന കാലം (ഇപ്പോഴും അത് തുടരുന്നു). എന്‍ഡോസള്‍ഫാന്‍  വിഷം തുപ്പികൊണ്ടിരിക്കുന്ന കാലം. രണ്ടു ദുരന്തങ്ങള്‍ക്കും ഉത്തരവാദി യായ കാര്‍ഷിക സര്‍വ്വകലാശാല അതിന്റെ ഹരിതാഭമായ പ്രദേശത്തെ ഔഷധ സസ്യ തോട്ടം വെട്ടി നശിപ്പിച്ച കാലം. ഇതിനോടൊക്കെ പ്രതികരിച്ചതിന് സര്‍വ്വ കലാശാല എനിക്കെ തിരെ അച്ചടക്ക നടപടി എടുത്ത കാലം. ഹൃദയ വേദന കൊണ്ട് ഞാന്‍ ഒരു കവിത എഴുതുകയുണ്ടായി. "അച്ഛന്‍ കര്‍ഷകനല്ലാതാവുക യായിരുന്നു" എന്നായിരുന്നു ആ കവിതയുടെ പേര് . ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്കും വെട്ടി നശിപ്പിക്കപ്പെട്ട ഔഷധ സസ്യ ചെടികള്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ട ഈ കവിത ഞാന്‍ അഴീക്കോട് മാഷിന്റെ എരവിമംഗലത്തെ വീട്ടില്‍ ചോല്ലുകയുണ്ടായി. തൃശൂരിലെ സാമൂഹ്യ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും അവിടെ സന്നിഹിതരായിരുന്നു. കവിത സശ്രദ്ധം കേട്ട മാഷ്‌ അല്‍പ സമയം വിഷാദാത്മകനായി  കാണപ്പെട്ടു. എന്നിട്ട് ആ കവിതയുടെ കയ്യെഴുത്തു പ്രതി വാങ്ങി ഇങ്ങനെ എഴുതി " വളരെ നല്ല  കവിത " ഒരു കയ്യൊപ്പും ചേര്‍ത്തിരുന്നു.

കര്‍ഷക ആത്മഹത്യ, എന്‍ഡോസള്‍ഫാന്‍ , കാര്‍ഷിക സര്‍വ്വകലാശാല ഔഷധ സസ്യത്തോട്ടം വെട്ടി നശിപ്പിക്കല്‍ തുടങ്ങി എല്ലാത്തിനോടും പ്രതികരിക്കണമെന്ന ഞങ്ങളുടെ ആവശ്യത്തിനോട്‌ മാഷ്‌ ഇങ്ങനെ പ്രതികരിച്ചു;

"ഞാന്‍ ഒരു എഴുത്തുകാരനും പ്രഭാഷകനുമൊക്കെയാണ്. എന്റെ ജീവിതം മുഴുവന്‍ അതാണ്‌. ഞാന്‍ ഈ രീതിയില്‍ സമരത്തിനു നേതൃത്തം കൊടുക്കണ്ട ആളല്ല. പിന്നെ ഒരു നിവര്‍ത്തിയുമില്ലാതെ വരുമ്പോള്‍ ചിലതൊക്കെ ചെയ്തുപോകുന്നതാണ്. അല്ലാതെ എനിക്ക് ഈ രീതിയില്‍ സമരം ചെയ്യാനുള്ള ശാരീരികവും മാനസീകവുമായ താല്പര്യമില്ല. ഇത്രയൊക്കെ ആള്‍കൂട്ടത്തിനിടയില്‍ പ്രവര്‍ത്തിക്കുന്നതും എനിക്ക് ഇഷ്ടമല്ല. ഇതിന്റെയൊക്കെ പ്രയാസങ്ങള്‍ എന്താണെന്നറിയാമോ ? ഇതിലൊക്കെ ഇടപെട്ടാല്‍, ഈ മന്ത്രിമാരെയൊക്കെ ഒരു നൂറു തവണ വിളിക്കണം. എനിക്ക് ഇവരോടൊന്നും സംസാരിക്കുന്നത് ഇഷ്ടമല്ല. ഈ മുഖ്യ മന്ത്രിയെയൊക്കെ കിട്ടണമെങ്കില്‍ ഒരു നൂറു തവണ വിളിക്കേണ്ടിവരും. ഇതൊക്കെ രാഷ്ട്രീയക്കാര്‍ക്കെ സാധിക്കൂ. നമ്മള്‍ ഇതൊക്കെ ശീലവത്താക്കാത്തവര്‍ അല്പം കഴിയുമ്പോള്‍ മടുത്തു പിന്‍വാങ്ങും. എല്ലാ കാര്യത്തിനും ഇവരെ വിളിക്കണം. പിന്നെ കുറച്ചു കഴിയുമ്പോള്‍ പോലീസ് സ്റ്റേഷനില്‍ പോകേണ്ടതായും വരും. ഞാന്‍ ഇതൊക്കെ നിയന്ത്രിക്കാന്‍ പോവുകയാണ്. ഈ പ്രായത്തിലൊക്കെ നാട് നന്നാക്കേണ്ട ഉത്തരവാദിത്തം എനിക്കുള്ളതല്ല. എന്നെക്കാള്‍ പ്രായം കുറഞ്ഞ തലമുറ ഇതൊക്കെ ഏറ്റെടുക്കണം. "

ഇത്രയും പറഞ്ഞു മാഷ്‌ എഴുനേറ്റ്  പോയി. ഞങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും അവിടെ തന്നെ  ഇരുന്നു. യഥാര്‍ഥത്തില്‍ ഞങ്ങളും ഏതാണ്ട് മാഷ്‌ പറഞ്ഞ അവസ്ഥയില്‍ തന്നെയായിരുന്നു. സാമൂഹികമായ ഇടപെടലുകള്‍ മടുത്തുപോയ കാലമായിരുന്നു  അത്. മനുഷ്യാവകാശക്കാരെയും, പൌരാവകാശപ്രവര്‍ത്തകരെയും സര്‍ക്കാര്‍ വേട്ടയാടുന്ന കാലമായിരുന്നു അത്. ബിനായക് സെന്‍ , ഇറോം ഷര്‍മിള, ഗോവിന്ദന്‍ കുട്ടി തുടങ്ങിയവരൊക്കെ വേട്ടയാടപ്പെട്ട കാലം.

അല്പം സമയം കഴിഞ്ഞു മാഷ്‌ തിരിച്ചു വന്നു. നിശബ്ദമായി സോഫയിലിരുന്നു. ഞാന്‍ ക്ഷമാപണത്തോടെ പറഞ്ഞു , " മാഷേ ..മാഷ്‌ പറഞ്ഞത് ശരിയാണ്. പക്ഷെ ഇനി ഞങ്ങള്‍ എവിടെ പോകണം? ആരോട് ഇതൊക്കെ പറയണം ? എന്തിന്റെയും ഏതിന്റെയും മുന്‍പില്‍ ഞങ്ങള്‍ക്ക് പിടിച്ചുനിര്‍ത്താന്‍ ഒരു സുകുമാര്‍ അഴീക്കോട് മാഷേ ഞങ്ങള്‍ക്കുള്ളൂ ".

മാഷിന്റെ മുഖത്തെ വിഷാദം മാഞ്ഞു. പ്രസംഗത്തട്ടിലെ സുകുമാര്‍ അഴീക്കോട് ഉണര്‍ന്നു. പിന്നെ പറഞ്ഞു. എഴുതിക്കോളൂ. ഞങ്ങള്‍ എഴുതിയെടുത്തത് ഇങ്ങനെ.


"ദൃശ്യമാധ്യമങ്ങളുടെ വിചാരണയില്‍ എല്ലാ സാമൂഹ്യ പ്രശ്നങ്ങളും തീരുന്നു. അത് അവരുടെ അജണ്ടയുടെ ഒരു ഭാഗമാണ്. ഇപ്പോള്‍ കണ്ടില്ലേ, കാര്‍ഷിക സര്‍വ്വകലാശാലയുടെ ഔഷധ സസ്യത്തോട്ടം വെട്ടിനശിപ്പിച്ച വാര്‍ത്തയെ കുറിച്ച് - തോട്ടം വെട്ടി നശിപ്പിച്ചെന്ന് മാധ്യമങ്ങളും നശിപ്പിച്ചിട്ടില്ലെന്ന് സര്‍വ്വകലാശാലയും വാദിക്കുന്നു. കള്ളം രണ്ടു പ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ കള്ളം സത്യമാകുമെന്ന വിശ്വാസമാണ് കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്സലര്‍ക്കുള്ളത്. സ്ഥാപനങ്ങള്‍ കള്ളം പറയാന്‍ പാടില്ല. ഇവിടെ ജഡീഷ്യല്‍ ആക്റ്റിവിസം പോലെ ജെര്‍ണലിസ്ടിക് ആക്റ്റിവിസവും  വേണം. പത്രങ്ങള്‍ക്ക് സെമി  ജഡീഷ്യല്‍ പവറുണ്ട്. എന്നാല്‍ പ്രോഫഷനലിസത്തിലെ എത്തിക്സ് നഷ്ടപ്പെടാനും പാടില്ല. അതിനു മൂന്നാമതൊരാള്‍ രംഗത്ത് വരേണ്ടതുണ്ട്. ജനങ്ങള്‍ക്ക്‌ അതിനാവില്ല. പത്രപ്രവര്‍ത്തകരുടെ സംഘടനകള്‍ മുന്നോട്ടു വരണം.

പകരമില്ലാത്ത വസ്തുക്കളാണ് മണ്ണും വെള്ളവും. മണ്ണിന്റെ മേല്‍ത്തട്ടിലെ കുറച്ചു അളവിലുള്ള മണ്ണില്‍ മാത്രമാണ് ജീവന്‍ നിലനില്‍ക്കുന്നത്. ഈ ടോപ്‌ സോയില്‍ ആണ് നാം ബുള്‍  ഡോസ്സര്‍ വച്ച് നിരത്തുന്നത്. കേരളത്തിന്റെ കാര്‍ഷിക സംസ്കാരമാണ് ഇവിടെ അന്യം നിന്ന് പോകുന്നത്.  ഗവര്‍മെണ്ടിന് ഒരു പോളിസിയും നിയമവും വേണം. എത്ര വിദഗ്ദന്മാരുണ്ട്. നമ്മളെ പോലെയാണോ ഗവര്‍മെണ്ട്‌ ? ചുരുക്കം വ്യക്തികള്‍ക്കൊന്നും തടയാന്‍ പറ്റാത്ത കാട്ടുതീ പോലെയാണ് ഈ പ്രശ്നങ്ങളെല്ലാം പടരുന്നത്‌ ".

ഡോ. സി.ടി. വില്യം

ഗുരുപ്രണാമം ആറാം ഭാഗം അടുത്ത ബ്ലോഗ്ഗില്‍ തുടരും.

Wednesday, February 22, 2012

ദേശീയ മാലിന്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

ദേശീയ  മാലിന്യ സംസ്കരണ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള മഹാരഥന്‍മാര്‍ക്കുള്ളതാണ് ദേശീയ മാലിന്യ പുരസ്കാരങ്ങള്‍. മാലിന്യ ഭൂഷണ്‍, മാലിന്യ രത്ന, മാലിന്യ സര്‍ഗ്ഗ എന്നീ മൂന്നു പുരസ്കാരങ്ങളാണുള്ളത്. 2011 -2012 വര്‍ഷത്തേക്കുള്ള പുരസ്കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിലെ വര്‍ഷങ്ങളായുള്ള  മാലിന്യ പ്രശ്നത്തില്‍, കഴിഞ്ഞ എട്ടു ദിവസമായി നിരാഹാര സമരം നടത്തിവരുന്ന ശ്രി.കെ.വേണുവിനെ അതിസമര്‍ത്ഥമായി അറസ്റ്റ്  ചെയ്തുനീക്കുകയും അടുത്ത ഒരു വര്‍ഷം കൊണ്ട് 50 ആളെ വച്ച് മാലിന്യം മുഴുവനും ആരാന്റെ വളപ്പിലേക്ക് നീക്കം ചെയ്യാമെന്നും പ്രഖ്യാപിച്ച കര്‍മധീരനായ തൃശൂര്‍ മേയറെയാണ് മാലിന്യ ഭൂഷണ്‍ നല്‍കി ആദരിക്കുന്നത്.

കേരളത്തിലെ വര്‍ഷങ്ങളായുള്ള  മാലിന്യ പ്രശ്നത്തില്‍, അവരവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് രാജ്യത്തെ മാലിന്യ പ്രശ്നം ഈ വിധത്തില്‍ ഒരു ബഹുജന പ്രശ്നപരിഹാര രഹിതമായ അവസ്ഥയിലേക്ക് കൂപ്പു കുത്തിച്ച സര്‍വ്വകഷി അംഗങ്ങള്‍ക്കാണ്‌ മാലിന്യ രത്ന പുരസ്കാരം സമ്മാനിക്കുന്നത് .

കേരളത്തിലെ ഏക്കാലത്തേയും സാമൂഹ്യ പ്രശ്നങ്ങള്‍ സ്വന്തം എഴുത്ത് മേശയിലിരുന്നു കൊണ്ട് ഒരു കയ്യൊപ്പോടെ പരിഹരിച്ച് സാംസ്കാരിക മികവു പ്രകടിപ്പിച്ചിട്ടുള്ള സാംസ്കാരിക നായകന്മാര്‍ക്കുള്ളതാണ് മാലിന്യ സര്‍ഗ്ഗ പുരസ്കാരം .

ദേശീയ മാലിന്യ പുരസ്കാരങ്ങള്‍ പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാവാനിടയുള്ള തിരുപ്പിറവി നാളില്‍ പിറവത്ത് വച്ചുതന്നെ  ഈ മാലിന്യ ശ്രേഷ്ടര്‍ക്ക് സമ്മാനിക്കുന്നതാണ് .

ഡോ. സി.ടി. വില്യം

Saturday, February 18, 2012

കാളിദാസന്‍ ഇങ്ങനെ പറയുന്നു ......ഷെയ്ക്ക്സ്പിയര്‍ ഇങ്ങനെ പറയുന്നു.....എന്നതിലല്ല കാര്യം. അഴീക്കോട് എന്ത് പറയുന്നു എന്നതിലാണ് കാര്യം.


ഗുരുപ്രണാമം നാലാം ഭാഗം

ജനകീയ പ്രശ്നങ്ങളില്‍ മാഷിന്റെ ഇടപെടലുകളും ശബ്ദവും വേറിട്ടുനിന്നു. മാറ്റത്തിന്റെ ഗതിവേഗത്തില്‍ സാഹിത്യനിരൂപണ നിപുണതയും വിമോചനദര്‍ശന കാഴ്ചപ്പാടും സോഷ്യല്‍ ആക്ടിവിസത്തിന് വഴി മാറുകയായിരുന്നു. അഴീക്കോട് മാഷ്‌ സോഷ്യല്‍ ആക്ടിവിസ്റ്റായി. പിന്നീട് വാര്‍ത്താ മാധ്യമങ്ങളും അഴീക്കോടിന് നല്‍കിയ മേല്‍വിലാസവും ഇത് തന്നെയായിരുന്നു.

ഇതിനിടെ എന്റെ മനസ്സില്‍ പതിഞ്ഞു കിടന്ന മാഷിന്റെ രണ്ടു പ്രസംഗങ്ങള്‍ എന്റെ എഴുത്തിന്റെ വഴിയെ സോഷ്യല്‍ ആക്ടിവിസത്തിന്റെ വഴിയിലേക്ക് തിരിച്ചു വിട്ടു.

കേരള സാഹിത്യ അക്കാദമിയില്‍ നടത്തിയ പ്രസംഗം ഇങ്ങനെ.. " കാളിദാസന്‍ ഇങ്ങനെ പറയുന്നു ......ഷെയ്ക്ക്സ്പിയര്‍ ഇങ്ങനെ പറയുന്നു.....എന്നതിലല്ല കാര്യം. അഴീക്കോട് എന്ത് പറയുന്നു എന്നതിലാണ് കാര്യം ". മറ്റൊരിക്കല്‍ സ്വാമി ചിന്മയാനന്ദന്റെ ഗീതാജ്ഞാനയജ്ഞം  ഉത്ഘാടനം ചെയ്ത വേളയില്‍ പറഞ്ഞതിങ്ങനെ.."ഈ പ്രപഞ്ചത്തില്‍ ഏറ്റവും വലിയ ദൂരം ഭൂമിയില്‍ നിന്ന് ചന്ദ്രനിലെക്കോ, ചോവ്വയിലെക്കോ, വ്യാഴത്തിലെക്കോ ഉള്ള ദൂരമല്ല; മറിച്ച്, മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കുള്ള ദൂരമാണ്".
 
ഈ പ്രസംഗങ്ങളില്‍ ഞാന്‍ എന്റെ ശബ്ദത്തെയും സ്വത്തത്തെയും തിരിച്ചറിയുകയായിരുന്നു. ഞാന്‍ ലോക മനുഷ്യാവകാശ സംഘടനയായ ആമ്നസ്ടി ഇന്റര്‍ നാഷണല്‍ (Amnesty International) മെമ്പറായി. ഒരുപാട് മനുഷ്യാവകാശ-പൌരാവകാശ പ്രശ്നങ്ങളില്‍ ഇടപെടുകയും പ്രതികരി ക്കുകയുമുണ്ടായി. മാഷിന്റെ സ്വാധീനവും സാന്നിധ്യവും പലേടത്തും ഉണ്ടായിരുന്നു.

ഇത്തരം ഇടപെടലുകളില്‍ ആദ്യമൊക്കെ ജനപക്ഷത്തു നിന്ന് വിശുദ്ധമായി പോരാടുന്ന ഒരു പോരാളിയുടെ സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. പിന്നെപ്പിന്നെ ഈ സ്വാതന്ത്ര്യം രാഷ്ട്രീയ പാര്‍ട്ടികളുടെ റാഞ്ചല്‍ പ്രക്രിയക്ക് വിധേയമായി നഷ്ടപ്പെടുന്നതായി എനിക്ക് അനുഭവപ്പെട്ടു. കൂണുപോലെ മുളച്ചുപൊന്തിയ ആത്മാര്‍ഥതയില്ലാത്ത  മനുഷ്യാവകാശ സംഘടനകളുടെ ആധിക്യവും വലിയൊരളവില്‍ എന്നെപോലുള്ളവരുടെ സ്വാതന്ത്ര്യത്തെ കടിഞ്ഞാണ്‍ ഇട്ടിരുന്നു. ഈയൊരു വൈകാരിക പ്രതിസന്ധിയാണ് എന്നെ അഴീക്കോടിലേക്ക് കൂടുതല്‍ അടുപ്പിച്ചത്.

ഗുജറാത്ത്‌ കലാപത്തിലും, സിന്ഗൂര്‍ കുടിയൊഴിപ്പിക്കലിലും, പ്ലാച്ചിമട ജല ചൂഷണത്തിലും, കൈനൂര്‍  പരിസ്ഥിതി പ്രശ്നത്തിലും, ചെങ്ങറ - മൂലമ്പിള്ളി കുടിയൊഴിപ്പിക്കലിലും, ലാലൂര്‍ മാലിന്യ പ്രശ്നത്തിലുമൊക്കെ ഉണ്ടായ രാഷ്ട്രീയ പാര്‍ട്ടികളുടെ റാഞ്ചല്‍ പ്രക്രിയയുടെ അപകടങ്ങളെക്കുറിച്ച് ഞാന്‍ മാഷുമായി ചര്‍ച്ച ചെയ്തിരുന്നു. മാഷിനും ഈ അപകടങ്ങളെക്കുറിച്ച് വളരെ കൃത്യമായ അറിവുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ മാഷും അതില്‍ ദുഖിതനും നിരാശനും ആയിരുന്നു.

ഡോ. സി. ടി.വില്യം
ഗുരുപ്രണാമം അഞ്ചാം ഭാഗം അടുത്ത ബ്ലോഗ്ഗില്‍ തുടരും. 

Wednesday, February 15, 2012

ലാലൂര്‍ മാലിന്യം : മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് .


പക്ഷികള്‍ ചാവണോ മനുഷ്യര്‍ക്ക്‌ ജീവിക്കാന്‍ ?

ആഗോള മനുഷ്യ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യ സംസ്കരണം . കരയിലും, കടലിലും, ശൂന്യാകാശത്തുപോലും മാലിന്യം സംസ്കരിക്കപ്പെടാതെ കിടക്കുന്നത് ആഗോള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. എന്നിരുന്നാലും പുതിയ ശാസ്ത്രീയ-സാങ്കേതിക പരിജ്ഞാനം കൊണ്ട് ഈ മാലിന്യത്തെ സംസ്കാര സമ്പന്നമായ പുതിയ ഭരണകൂടങ്ങള്‍ അതിവിദഗ്ദമായി സംസ്കരിക്കാന്‍ തുടങ്ങി യിരിക്കുന്നു.

ഭൂമിയിലെ കൊച്ചുകൊച്ചു രാജ്യങ്ങള്‍ പോലും സംസ്കാര സമ്പന്നമായ പുതിയ ഭരണകൂടങ്ങളുടെ പരിധിയില്‍ വരുമ്പോഴും ഇന്ത്യയും സംസ്ഥാനങ്ങളും അതിന്റെ ഏഴു അയല്‍പക്കം പോലും എത്തുന്നില്ല. മാലിന്യ സംസ്കരണം എന്ന അതി ഗൗരവമുള്ള ഈ പ്രശ്നത്തെ വളരെ നിസ്സാരമായും സംസ്കാരശൂന്യമായുമാണ് ഇന്ത്യയും സംസ്ഥാനങ്ങളും കാണുന്നത്. മാലിന്യ സംസ്കരണം എന്നത് നമ്മുടെ കേന്ദ്ര-സംസ്ഥാനങ്ങളുടെ ഒരു അജണ്ട പോലുമല്ലാതായിരിക്കുന്നു.

വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ തന്നെ അപൂര്‍വ്വം കോര്‍പറേഷനു കളിലും, മുനിസിപ്പാലിറ്റികളിലും, എന്തിന് ചില പഞ്ചായത്തുകളില്‍ പോലും വളരെ കാര്യക്ഷമമായി തന്നെ മാലിന്യ സംസ്കരണം നടന്നുപോരുന്നു. സ്വന്തം ജനങ്ങളോടും, ചുറ്റുപാടുകളോടുമുള്ള പ്രതിബദ്ധതയും, പുതിയ ശാസ്ത്ര-സാങ്കേതിക പരിജ്ഞാനവും, നിസ്വാര്‍ത്ഥമായ  ഇച്ഛാശക്തിയു മാണ്  ഈ   കോര്‍പറേഷനുകളിലെയും , മുനിസിപ്പാലിറ്റികളിലെയും, പഞ്ചായത്തുകളിലെയും ഭരണ കര്‍ത്താക്കള്‍ക്ക് ഇത്തരത്തിലുള്ള  ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശാക്തികോര്‍ജ്ജ മാവുന്നത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങ് മുഖ്യമന്ത്രിയായിരിക്കുന്ന ഈ കൊച്ചു കേരളത്തില്‍ മാലിന്യ പ്രശ്നം മാലിന്യത്തെക്കാള്‍ ദുര്‍ഗന്ധത്തോടെ ചീഞ്ഞു നാറുന്നു. വിളപ്പില്‍ ശാലയും, ഞെളിയാം പറമ്പും, ലാലൂരും, വടവാതൂരും,....എല്ലാം ദൈവത്തിന്റെ സ്വന്തം നാടിന്റെ ദുര്‍ഗന്ധ തലസ്ഥാന നഗരികളായിരിക്കുന്നു.  അങ്ങ് സദുദ്യേശത്തോടെ    നടപ്പിലാക്കികൊണ്ടിരിക്കുന്ന കര്‍മ്മദിന പരി പാടികള്‍ പോലും ഈ ദുര്‍ഗന്ധത്തിന്റെ പരിവേഷത്തിലാണിപ്പോള്‍ . അങ്ങ് ഇതൊക്കെ അറിഞ്ഞിട്ടോ , അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ ഭരണക്കസേരയില്‍ ഇരിക്കുന്നതാണോ എന്നൊക്കെയുള്ള ന്യായമായ സംശയങ്ങള്‍ ഞങ്ങളെ വേട്ടയാടുന്നു.

ഞാന്‍ തൃശൂരില്‍ നിന്നാണ് ഈ കത്തെഴുതുന്നത്. ഇവിടെ ഇരുപത്തഞ്ചു വര്‍ഷമായി മാലിന്യം നെഞ്ചോട്‌ ചേര്‍ത്തുവച്ച ഒരു സമൂഹമുണ്ട്‌. ലാലൂരിലെ പാവപ്പെട്ട ജനസമൂഹം. ഇവര്‍ക്ക് ജീവിതത്തിന്റെ  തന്നെ  പ്രാരാബ്ദങ്ങളും, പരാധീനതകളും, പരിമിതികളും മാറിമാറി വന്ന ഭരണകൂടങ്ങള്‍ കൊടുത്തുപോരുന്നുണ്ട്. അതിനുപുറമേയാണ് ദുര്‍ഗന്ധത്തിന്റെ ഈ ഒഴിയാഭാണ്ടാവും. ഞങ്ങള്‍ കുറെ മനുഷ്യ സ്നേഹികള്‍ രാഷ്ട്രീയതക്ക് അപ്പുറം ഇവരെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങയെപോലുള്ളവരുടെ ആത്മാര്‍ഥമായ സഹകരണവും പ്രവര്‍ത്തനവും കൂടിയുണ്ടെങ്കിലെ ലാലൂരിലെ ഈ പാവപ്പെട്ട ജനതയെ രക്ഷിക്കാനാവൂ.

കഴിഞ്ഞ സര്‍ക്കാര്‍ ഈ പാവങ്ങള്‍ക്ക് ഒരു സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതി സമ്മാനിക്കുകയുണ്ടായെങ്കിലും ഒന്നും തന്നെ ഫലത്തില്‍ വന്നില്ല. ആ സര്‍ക്കാരിന്റെയും പോഷക ഘടകമായ നഗരസഭാ ഭരണകൂടം തന്നെയായിരുന്നു പദ്ധതി പൊളിച്ചതിലെ  ഒന്നാം പ്രതി. പിന്നീട് അതെ പദ്ധതി അങ്ങയുടെ നേതൃത്തത്തില്‍ പുനര്‍ ജീവിപ്പിക്കുകയുണ്ടായി. നാളിതുവരെ ഫലം കണ്ടില്ല. അങ്ങയുടെ സര്‍ക്കാരിന്റെ പോഷക ഘടകമായ നഗരസഭാ ഭരണകൂടം തന്നെയാണ് ഇപ്പോഴും ഒന്നാം പ്രതിസ്ഥാനത്ത് . ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇനി ഈ നഗരസഭ ഭരണകൂടത്തെ ഞങ്ങള്‍ക്ക് വിശ്വസിക്കാനാവില്ല. ഇത്  ജനദ്രോഹ നഗരസഭയാണ്. ഞങ്ങള്‍ക്ക് ഈ മേയറിലും ചെയര്‍മാനിലോന്നും വിശ്വാസമില്ല. ഇവര്‍ ഞങ്ങളോട് പറഞ്ഞത് , ഇവിടുത്തെ മാലിന്യങ്ങളുമായി സഹവസിക്കുന്ന പക്ഷി മൃഗാതികളൊന്നും  ചാവാത്ത സാഹചര്യത്തില്‍ ഇവിടുത്തെ മനുഷ്യര്‍ക്കും മാലിന്യത്തോട് സഹവസിക്കാമെന്ന വൃത്തികെട്ട യുക്തിയാണ് . ഇത്രയും മ്ലേച്ചവും മനുഷ്യത്ത രഹിതവുമായ ഒരു ജനപക്ഷ സമീപനം അങ്ങയോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് ഉണ്ടാവുന്നത് അത്യന്തം ഖേദകരമാണ് .


ഈ സമരം അതിന്റെ ഏറ്റവും മൂര്‍ത്തമായ ഒരു ഘട്ടത്തിലാണ് ഇപ്പോള്‍ . ഞങ്ങള്‍ മരിക്കാന്‍ തയ്യാറായാണ് ഈ സമര മുഖത്തിപ്പോള്‍ നില്‍ക്കുന്നത്. ശാശ്വതമായ ഒരു പരിഹാരം ഉണ്ടാവും വരെ ഈ സമരം തുടരും. അതുകൊണ്ട് അങ്ങ് ലാലൂര്‍ ജനതയുമായി സഹകരിച്ച് ഒപ്പിട്ട കരാര്‍ നടപ്പിലാക്കണമെന്ന് ജനപക്ഷത്തുനിന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ഡോ. സി. ടി. വില്യം 

Monday, February 13, 2012

ഈ പ്രണയദിനത്തില്‍ വിലാസിനിക്ക്‌ പറയാനുള്ളത് .


നാല്‍പ്പത്തിനാലു വര്‍ഷം മുമ്പ്
ഇതേ പ്രണയദിനത്തില്‍
കൃത്യമായി പറഞ്ഞാല്‍ 1968 ഫെബ്രുവരി 14 ന്
പ്രണയത്തിന്റെ പ്രതികൂട്ടിലെ ആ 
പ്രണയ ഗര്‍ജ്ജനത്തില്‍ നിന്നുതന്നെ തുടങ്ങാം -

"സത്യമാണ്.
എന്റെ മനസ്സിന് അല്‍പ്പം മാറ്റം ഉണ്ടായിരിക്കുന്നു.
എന്റെ അമ്മ ഈ ബന്ധത്തിന് സമ്മതിക്കുന്നില്ല.
അവരെ വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്യേശിക്കുന്നില്ല.
ഇത് എന്റെ അന്തിമ തീരുമാനമാണ്. "

നീ എല്ലാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
നാല്‍പ്പത്തിനാലു വര്‍ഷം മുമ്പ്
ഇതേ പ്രണയദിനത്തിന് മുമ്പുള്ള
ഒരു ജനുവരി മാസത്തില്‍
കൃത്യമായി പറഞ്ഞാല്‍ 1968 ജനുവരി 18 ന്
നീ എന്നെ പെണ്ണുകാണാന്‍ വന്നപ്പോള്‍
ആരും കാണാതെ
എന്റെ അന്തപുരത്തില്‍ വന്ന്
എന്റെ കവിള്‍ത്തടങ്ങള്‍ തലോടി
നീ എന്നോട് ചോദിച്ചതോര്‍മയുണ്ടോ ?

"ഈ വീടും പ്രോപര്‍ടിയുമൊക്കെ ആരുടേത് ?
അനിയത്തിയില്ലേ ?
ആങ്ങള ഏത് ക്ലാസ്സില്‍ ?"

ഈ ചോദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരങ്ങള്‍ക്ക്
നീ നിന്റെ ഉത്തരങ്ങള്‍ പകരം വച്ചു.
നീ എന്നും അങ്ങനെയായിരുന്നല്ലോ
നിന്റെ ഉത്തരങ്ങള്‍ സാഗരഗര്‍ജ്ജനങ്ങളായിരുന്നല്ലോ.
എങ്കിലും നിന്നെ ഓര്‍മപ്പെടുത്തട്ടെ-

"വിവാഹം വെറും സ്നേഹം കൊണ്ട് മാത്രം നടക്കുന്നതല്ല.
നേരിട്ട് അനുഭവിക്കുമ്പോള്‍ ഇതെല്ലാം ഭയങ്കരമായി തോന്നും."

നീ എല്ലാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
നീ രോഗശയ്യയില്‍ കിടക്കുമ്പോഴും
ഗര്‍ജ്ജിച്ചുകൊണ്ടിരുന്നു.
ഗര്‍ജ്ജനം കൊണ്ട് നീ എല്ലാം സാധിക്കുകയായിരുന്നു.
എങ്കിലും നിന്നെ ഓര്‍മപ്പെടുത്തട്ടെ-

"എനിക്ക് ആധ്യാല്മികമായ ഒരാഭിമുഖ്യം
പണ്ടേയുള്ളതാണ്.
വാഗ്ഭടാനന്ദന്റെ സ്വാധീനവും.
അതുകൊണ്ട്
വിവാഹത്തോടുള്ള ആഭിമുഖ്യം ഇല്ലാതെപോയി. "

നീ എല്ലാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
നിനക്ക് പണ്ട് എന്നോടുണ്ടായിരുന്ന ആഭിമുഖ്യം പോലും.
എങ്കിലും നിന്നെ ഓര്‍മപ്പെടുത്തട്ടെ-

" എന്റെ വിലാസിനി !
നീ എവിടെയാണ്.
കത്ത് കിട്ടാതെ ഞാന്‍ വലഞ്ഞു.
വിലാസിനി !
ഞാന്‍ നിന്നെ ഇഷ്ടപ്പെട്ടത്
എന്തുകൊണ്ടാണെന്നറിയണ്ടേ ?
കേട്ടോളു-
നിന്റെ തികഞ്ഞ സൌന്ദര്യം.
നിറഞ്ഞ യൌവനം.
അതിരറ്റ സ്നേഹം.
എതിരറ്റ  സംസ്കാരം.
വാരുറ്റ ഭാഷാശൈലി.
വടിവൊത്ത കയ്യക്ഷരം.
അസാധാരണ തന്റേടം."

നീ എല്ലാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
പ്രശസ്തിയുടെ ഹിമാലയത്തില്‍ നിന്ന്
നീ പറഞ്ഞതോര്‍മയുണ്ടോ ?

"നീ സംസാരിച്ചത്
എന്റെ പ്രശസ്തിയെ വളരെയധികം ബാധിച്ചു."

നീ എല്ലാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
മൃത്യുവിന്റെ ഹിമാലയത്തെ കീഴടക്കാനിരിക്കെ
നീ ഇങ്ങനെയും പറഞ്ഞു-

"എനിക്ക് ആകാശത്തില്‍
ഉയര്‍ന്നുപൊങ്ങി  പറന്നുപ്പോവാന്‍
നീ സഹായിക്കണം."

നീ എല്ലാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
നിനക്ക് ഉയര്‍ന്നുപൊങ്ങി  പറന്നുപ്പോവാന്‍
ഞാന്‍ സഹായഹസ്തം നീട്ടിയപ്പോള്‍
ആത്മരതിയോടെ നീ പറഞ്ഞു -

" ഇന്ന് ക്രിസ്തുമസ്സാണ്.
നാളെ ആന്റണി വരും.
അത് കഴിഞ്ഞു വന്നാല്‍ മതി."

നീ എല്ലാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
' എന്റെ വിലാസിനി ! ' എന്ന് നീ വിളിച്ച
നിന്റെ വിലാസിനിയെപോലും.
നിനക്ക് വേണ്ടിയിരുന്നത്
വിശുദ്ധ ഗര്‍ഭം ധരിക്കാന്‍ ശേഷിയുള്ള
കന്യകാ മറിയത്തെയായിരുന്നു.
പൊന്നും കാഴ്ചയും കൊണ്ടുവരുന്ന
രാജാക്കന്മാരെയും
നക്ഷത്രങ്ങളെയുമായിരുന്നു.

നീയോര്‍ക്കുക,
എനിക്ക് നിന്റെ സ്വപ്നലോകങ്ങള്‍ വേണ്ട
സ്വപ്നസാഗരങ്ങളും വേണ്ട
എനിക്ക് നിന്നെയാണ് വേണ്ടത് .
നിന്നെയാണ് ഞാന്‍ ധ്യാനിച്ചത്.
നിനക്കാണെന്റെ ജന്മം ബലിയര്‍പ്പിച്ചത്.

ഈ പ്രണയദിനത്തിലും
ഞാന്‍ നിന്നെ കാത്തിരിക്കുന്നു
നിയതിക്ക് നീതിയുണ്ടെങ്കില്‍
ചേരും നാം വീണ്ടും.
ഇത് നീ നാടുകടത്തിയ
സീതയുടെ ഗര്‍ജ്ജനമല്ല,
നിനക്ക് നേരെ നില്‍ക്കാന്‍ വേണ്ടി
ഉഴവുചാലിലേക്ക്  തിരിച്ചു നടന്ന
സീതയുടെ ഗര്‍ജ്ജനമാണ് .

ഡോ. സി .ടി . വില്യം  
കടപ്പാട്: മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ഫെബ്രുവരി 5 .
 ഗുരുപ്രണാമം ഭാഗം നാല് അടുത്ത ലക്കം തുടരും .

Thursday, February 9, 2012

അയാളുടെ പുസ്തകം നല്ല പുസ്തകമാണ് . വളരെ നന്നായിട്ടുണ്ട്. എനിക്ക് ലഭിച്ച ആദ്യത്തെ സാഹിത്യ പുരസ്കാരമായിരുന്നു ഇത് .

ഗുരുപ്രണാമം -മൂന്നാം ഭാഗം    
അഴീക്കോട് മാഷിന്റെ ചിന്താപരിണാമത്തിന്റെ  രണ്ടാം  ഘട്ട ത്തിലെഴുതപ്പെട്ട തത്ത്വമസി കാണിച്ചുതന്ന പ്രകാശ ഗോപുരമാണ് എന്റെ ആദ്യ പുസ്തകത്തിന്റെ ശ്രീകോവിലായത്. ഉപനിഷത്തു ക്കളുടെ സുസ്ഥിരമായ വ്യാഖ്യാനങ്ങളെ പുനര്‍ വ്യാഖ്യാനം നടത്തി കടഞ്ഞെടുത്ത  മറ്റൊരു സര്‍വ്വോപനിഷത്തായി മാറുകയായിരുന്നു അഴീക്കോടിന്റെ തത്ത്വമസി .
സംസ്കൃതത്തിലുള്ള  തുച്ചമായ അറിവുവച്ച് ചാണക്ക്യന്റെ അര്‍ത്ഥശാസ്ത്രത്തെ അധികരിച്ച് ഞാന്‍ എഴുതിയ മാനവ വിഭവ വികസന തത്ത്വചിന്തയും അര്‍ത്ഥശാസ്ത്രവും എന്ന ഗവേഷണ ഗ്രന്ഥം ഞാന്‍  എഴുതുന്നത്‌ തത്ത്വമസി പകര്‍ന്നുതന്ന ആത്മവീര്യം കൊണ്ടായിരുന്നു. ഈ ഗവേഷണ ഗ്രന്ഥമാണ് പിന്നീട് എനിക്ക് മാസ്റ്റര്‍ ഓഫ് ഫിലോസഫിയും (M.Phil) ഡോക്ടര്‍ ഓഫ് ഫിലോസഫിയും (Ph.D) നേടിത്തന്നത് .

അഴീക്കോട്‌ തത്ത്വമസി യുടെ ആമുഖത്തില്‍ ഇങ്ങനെ എഴുതുകയുണ്ടായി - തത്ത്വമസി എന്ന ഗ്രന്ഥമെഴുതി നടുനിവര്‍ക്കുന്ന ഈ നിമിഷത്തില്‍, സംസ്കൃതം പഠിച്ചുവെന്നുള്ള ആശ്വാസമോ അഹങ്കാരമോ ഒന്നുമല്ല എനിക്കനുഭവപ്പെടുന്നത്. അതി വിനീതമായ ഒരു കൃതാര്‍ത്ഥതയാണ് . 

ഞാന്‍ മാനവ വിഭവ വികസന തത്ത്വചിന്തയും അര്‍ത്ഥശാസ്ത്രവും എന്ന എന്റെ പുസ്തകത്തിന്റെ അവസാനഭാഗത്ത് ഏതാണ്ട് ഇങ്ങനെയും എഴുതി - ജെയാഹാന്‍ മേയര്‍ സംസ്കൃത സാഹിത്യ ത്തിലെ ഭീമാകാരമായ പടകപ്പല്‍ ഓടിക്കുന്ന കപ്പിത്താനും ഞാന്‍ ആ മഹാ സാഗരത്തിന്റെ ഏതോ കൈവഴിയില്‍ കരക്കിരുന്നു കടലാസ് തോണി ഒഴുക്കുന്ന കൊച്ചുകുട്ടിയുമാണ് . അതുകൊണ്ടുതന്നെ പൂര്‍ണത തേടുന്ന ഈ അപൂര്‍ണ പഠനം അര്‍ത്ഥശാസ്ത്രത്തിന്റെ ഒരു വിദൂര ദര്‍ശനമായിരിക്കാം . എങ്കിലും അര്‍ത്ഥശാസ്ത്രത്തെ ആദ്യമായി അനുഭവിക്കുന്നവര്‍ക്ക് ഈ പഠനം ഒരു സമീപ ദര്‍ശനമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു .

ഏറ്റെടുത്ത വിഷയങ്ങളിലും എഴുത്തിലും സംഭവിച്ച ഈ സമവായം ആകസ്മികമായിരുന്നില്ല . ഗുരുവിനോട് ചേര്‍ന്ന് നിന്ന ഒരു ശിഷ്യന് ലഭിച്ച ഗുരുത്തം തന്നെയായിരുന്നു . അഴീക്കോടിന്റെ തത്ത്വമസിയും എന്റെ മാനവ വികസന തത്ത്വചിന്തയും അര്‍ത്ഥശാസ്ത്രവും വൈജ്ഞാനിക  തലങ്ങളാണ്  സ്വീകരിച്ചതെങ്കിലും തത്ത്വമസി ഉയരങ്ങളിലും എന്റെ പുസ്തകം താഴ്വാരങ്ങളി ലുമാണ് നിലയുറപ്പിച്ചത് . എന്നിരുന്നാലും അഴീക്കോടിന് തത്ത്വമസി പോലെ തന്നെ എനിക്ക് പ്രശസ്തി ഉണ്ടാകിതന്നതും എന്റെ മാനവ വിഭവ വികസന തത്ത്വചിന്തയും അര്‍ത്ഥശാസ്ത്രവും എന്ന പുസ്തകമാണ്. 

എന്റെ ഈ പുസ്തകത്തിന്റെ പ്രകാശനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തിയത് അഴീക്കോടാ യിരുന്നു. ഞാന്‍ ആദ്യമായി അഴീക്കോടിനെ അടുത്തറിയുന്നതും ഈ ചടങ്ങില്‍ വച്ചാണ് . പിന്നീട് ആ സൌഹൃദം ആത്മബന്ധമാവുകയായിരുന്നു. നാളിതുവരെ അതങ്ങനെ തന്നെ തുടരുന്നു. 

അന്ന് അഴീക്കോട് താമസിച്ചിരുന്നത് വിയ്യൂരായിരുന്നു. മാതൃഭൂമിയിലെ എന്റെ സുഹൃത്ത് സലാഹുദീനാണ് എന്നെ അഴീക്കോടിന് പരിചയപ്പെടുത്തിയത്. ഞാന്‍ അഴീക്കോടിന്റെ വിയ്യൂരിലെ വീട്ടില്‍ പുസ്തക പ്രകാശനത്തിന്റെ ക്ഷണക്കത്തുമായി  ചെല്ലുമ്പോള്‍ അഴീക്കോട് എഴുത്തിലായിരുന്നു. വാതില്‍ തുറന്നിരുന്നില്ല. പരിചാരിക അറിയിച്ചതിനെ തുടര്‍ന്ന് വീടിന്റെ ഇടതു വശത്തെ ജന്നല്‍ പാളി പാതി തുറന്നു അഴീക്കോട് പ്രത്യക്ഷനായി. ക്ഷണക്കത്ത് സ്വീകരിച്ചു. 

നേരില്‍ കാണാം , കുറെ സംസാരിക്കാം എന്നൊക്കെ കരുതിയാണ് അഴീക്കോട് മാഷേ കാണാന്‍ പോയത്. പക്ഷെ ഒന്നും നടന്നില്ല. പിന്നെ കാണുന്നത് ചടങ്ങില്‍ വച്ചാണ്. അന്ന് അഴീക്കോട് നടത്തിയ ആ മുഖ്യ പ്രഭാഷണമാണ് പിന്നീട് എന്നെ സാഹിത്യത്തിന്റെ മുഖ്യ ധാരയിലെത്തിച്ചത് .

എല്ലാ പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിര്‍ജീവമായികൊണ്ടിരിക്കുന്ന മലയാള സാഹിത്യത്തിന് ആ പ്രഭാഷണം ഒരു ഓര്‍മപ്പെടുത്തലായിരുന്നു. ആസ്വാദനത്തിന്റെ പേരില്‍ ഉപരിപ്ലവമായ പുസ്തകങ്ങള്‍ പെരുകുന്നുവെന്നും , വായനക്കാരന്റെ ബുദ്ധിയേയും ചിന്തയേയും വെല്ലുവിളിക്കുന്ന പുസ്തകങ്ങള്‍ ഉണ്ടാവുന്നില്ലെന്നും , നാലിലൊന്നും ജീര്‍ണമായ ഭരണഘടന യാണ്  ഇന്ത്യക്കുള്ളതെന്നും എന്റെ പുസ്തകം ഒരു പുതിയ വഴിത്തിരിവാണെന്നും  അന്ന് അഴീക്കോട് പറഞ്ഞു. 

ഡി ഹിന്ദു ഇങ്ങനെ റിപ്പോര്‍ട്ട് ചെയതു- Emphasizing the need for ending the practice of writing naive books, Dr. Azhikode said the book like that written by Dr.William would be helpful in assimilating the truth of the past cultures and enquiries. 

ഒരു ഉപഹാരമായി എന്റെ സുഹൃത്ത് 500 രൂപ മാഷിനു കൊടുത്തു. മാഷ്‌ അത് വാങ്ങിയില്ല. പകരം സുഹൃത്തിനോട് എന്നോട് പറയാന്‍ ഇങ്ങനെ പറഞ്ഞു - അയാളുടെ പുസ്തകം നല്ല പുസ്തകമാണ് . വളരെ നന്നായിട്ടുണ്ട്. എനിക്ക് ലഭിച്ച ആദ്യത്തെ സാഹിത്യ പുരസ്കാരമായിരുന്നു ഇത് 


പുസ്തകത്തെ കുറിച്ചുള്ള നല്ല അഭിപ്രായം പിന്നെയും അഴീക്കോട് മാഷ്‌ പലരോടും പറഞ്ഞു. ഈ ഒരു സ്നേഹപൂര്‍വമായ നിലപാട് എന്നെ അഴീക്കോടിലേക്ക് കുറേകൂടി അടുക്കുന്നതിനും കൂടുതല്‍ സ്വാതന്ത്ര്യം എടുക്കുന്നതിനും സഹായകമായി. അതില്‍പിന്നെ ഞാന്‍ കൂടെക്കൂടെ അഴീക്കോടിനെ കാണാന്‍ തുടങ്ങി. വളരെ വൈകിയും ഞാന്‍ മാഷിന്റെ എരവിമങ്ങലത്തെ  വീട്ടില്‍ സംസാരിച്ചിരുന്നിട്ടുണ്ട്. എല്ലാ വിഷയവും മാഷ്‌  സംസാരിക്കും. ഏതെങ്കിലും ഒരു വിഷയത്തില്‍ ഒതുങ്ങുതല്ല അഴീക്കോട് മാഷിന്റെ വ്യക്തിത്തവും പാണ്ഡിത്യവും . (തുടരും)

ഡോ. സി.ടി.വില്യം

Friday, February 3, 2012

അഴീക്കോട് സമ്മതിച്ചാലും ഇല്ലെങ്കിലും ഇതിനിടെ അഴീക്കോട് മാറുകയായിരുന്നു. ആശയപരമായും, സ്വതപരമായും, സാമൂഹ്യപരമായും, സര്‍ഗ്ഗപ്രക്രിയാപരമായും

 ഗുരുപ്രണാമം-രണ്ടാം ഭാഗം .
അഴീക്കോടിന്റെ വാക്കും, വാചകങ്ങളും, നോട്ടവും, കൈവിരലുകള്‍ തൊടുത്തുവിടുന്ന മുദ്രകളും, ഭാഷയും ഞാന്‍ ആവാഹിച്ചെടുത്തിരുന്നു. ആ പ്രസംഗ കലയുടെ ഗ്രാഫാണ് പിന്നീട് എന്നെ ആരാധ്യനായ അധ്യാപകനാക്കിയത്. ഇന്നും എന്റെ ക്ലാസ്സുകളില്‍ അഴീക്കോടിന്റെ സര്‍വ്വാംഗചലനങ്ങളും ശബ്ദ പാളികളുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും പ്രകടമാണ്. എന്റെ പ്രസംഗങ്ങളിലും അഴീക്കോട് അവിടവിടെ പറന്നെത്താറുണ്ടെന്ന്  കേള്‍വിക്കാര്‍ അഭിപ്രായപ്പെടാറുണ്ട്‌.
അഴീക്കോട് സമ്മതിച്ചാലും ഇല്ലെങ്കിലും ഇതിനിടെ അഴീക്കോട് മാറുകയായിരുന്നു. ആശയപരമായും, സ്വതപരമായും, സാമൂഹ്യപരമായും, സര്‍ഗ്ഗപ്രക്രിയാപരമായും അഴീക്കോട് മാറുന്നത് ഞാന്‍ നിരീക്ഷിച്ചറിഞ്ഞിട്ടുണ്ട്. ഈ പരിണാമത്തെ ഞാന്‍ മൂന്ന് ഘട്ടങ്ങളായ് കാണുന്നു.
ഗുരുത്ത ശൂന്യമായ സാഹിത്യവിമര്‍ശനം കൊണ്ട്  ജി. ശങ്കരക്കുറുപ്പെന്ന മഹാക്കവിയെ ഇല്ലാതാക്കിയ ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആദ്യ ഘട്ടമായിരുന്നു. 1984 -ല്‍ പുറത്തിറങ്ങിയ ജി ശങ്കരക്കുറുപ്പ് വിമര്‍ശിയ്ക്കപ്പെടുന്നു എന്ന കൃതിയുടെ കാലം. ഒരുപക്ഷെ ഈ കാലഘട്ടമായിരിക്കും ഡോ .സുകുമാര്‍ അഴീക്കോടിനെ മലയാള സാഹിത്യ ചരിത്രം അടയാളപ്പെടുത്തിയ ഒന്നാം ഘട്ടം. ഇത് വിഗ്രഹ ധ്വംസനത്തിന്റെ (Iconoclasm) ഒരു കാലഘട്ടമായിരുന്നു. 

സാഹിത്യം ദര്‍ശനങ്ങള്‍ക്ക് നിര്‍ബന്ധിതമായി കീഴടങ്ങിയ അഴീക്കോടിന്റെ രണ്ടാം ഘട്ടം വിഗ്രഹധ്വംസനത്തിന്റെ പ്രായശ്ചിത്തമായി സംഭവിച്ചതായിരിക്കണം. തത്ത്വമസി എഴുതിയ ഈ കാലഘട്ടമാണ് അഴീക്കോടിന്റെ രണ്ടാം ഘട്ടം. മികച്ച പുരസ്കാരങ്ങളുടെ അകമ്പടികളോടെ ഈ ഘട്ടം തത്ത്വമസിയിലൊതുങ്ങി കടന്നു പോയി. നവ ദര്‍ശനങ്ങളുടെയും ആധ്യാല്മീകതയുടെയും ഈ കാലഘട്ടം ഏതാണ്ട് വിമോചന ദര്‍ശനത്തിന്റെ (Liberation philosophy) ഒരു കാലഘട്ടമായിരുന്നു. നിലനിന്നിരുന്ന ദാര്‍ശനിക വ്യാകരണങ്ങളെ പൊളിച്ചെഴുതി ദര്‍ശനങ്ങള്‍ക്ക് വിമോചനം പ്രഖ്യാപിച്ച കാലഘട്ടമായിരുന്നു ഇത്.

സാഹിത്യവും വിമോചനദര്‍ശനവും പിന്നീട് സമന്വയിപ്പിച്ച് സാമൂഹ്യ വിമര്‍ശനത്തിന്റെ മറ്റൊരു ഉദാത്തമായ സാമൂഹ്യതലത്തിലേക്ക് അഴീക്കോട് എത്തുകയായിരുന്നു മൂന്നാം ഘട്ടത്തില്‍. ശബ്ദാഘോഷത്തിന്റെ  നാള്‍വഴികള്‍ കണ്ടെത്തിയ ഈ ഘട്ടമാണ് അഴീക്കോടിന്റെ വിശേഷാല്‍ സാഗരഗര്‍ജനത്തിന്റെ മൂന്നാം ഘട്ടം. വിമര്‍ശനകലയും, പ്രസംഗകലയും, വിമോചനദര്‍ശനവും സമരസപ്പെടുത്തി അഴീക്കോട് പ്രസംഗം വിട്ട് പ്രഭാഷകന്റെ സ്വന്തം ഇടം സ്വീകരിക്കുകയായിരുന്നു ഈ ഘട്ടത്തില്‍.

അഴീക്കോട് ജനകീയവല്‍ക്കരിക്കപ്പെട്ടത്‌ ഈ ഘട്ടത്തിലാണ്. തന്റെ ശബ്ദത്തിന്റെ സൌകുമാര്യം കൊണ്ടും മുഴക്കം കൊണ്ടും സ്വന്തം പേരിന്റെ പൂര്‍വ്വാംശത്തെ സാര്‍ത്ഥകമാക്കിയ ഒരു വസന്ത കാലമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ആശയ വൈരുധ്യങ്ങള്‍ കൊണ്ട് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ നിറഭേദങ്ങള്‍ വിരിയിച്ച അഴീക്കോടിന്റെ അവസാനത്തെ ഘട്ടമായിരുന്നു ഈ കാലഘട്ടം.

സാധാരണ ജനപക്ഷത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത സ്വാധീനം കൊണ്ട് ഗുരുത്തം അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു ഘട്ടമായിരുന്നു ഇത്. ആശയങ്ങളിലെ രാഷ്ട്രീയ വൈചിത്ര്യം കൊണ്ടും തന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഗുരുത്തത്തെ നിലനിര്‍ത്തേണ്ടത് കൊണ്ടും ആശയവൈരുധ്യങ്ങളാല്‍ നിറസംപുഷ്ടമായിരുന്ന ഈ കാലഘട്ടത്തെ ആത്മരതിയുടെ (Narcissism) കാലഘട്ടമായി കണക്കാക്കാവുന്നതാണ്. ഇത് അഴീക്കോട് തന്നെ സമ്മതിച്ചിട്ടുള്ളതുമാണ് .

ഈ മാറ്റങ്ങളൊക്കെ തന്നെ ഒരാരാധകന്‍ എന്നാ നിലയില്‍ എന്നിലും പ്രകടമായിരുന്നു. ചെറിയ ചെറിയ ക്രമഭേദങ്ങളോടെ. ജി ശങ്കരക്കുറുപ്പ് വിമര്‍ശിയ്ക്കപ്പെടുന്നു എന്ന നിരൂപണ രീതിശാസ്ത്രത്തെ സമര്‍ത്തിക്കുന്നതിനുവേണ്ടി  അഴീക്കോട് സാഹിത്യ ചര്‍ച്ചാവേദികളിലെ നിരൂപണത്തിന്റെ എഴുതപ്പെടാത്ത ഗര്‍ജനങ്ങള്‍ ആവുകയായിരുന്നു.

ഞാന്‍ തുടങ്ങി വച്ച പരീക്ഷണാത്മക പത്രപ്രവര്‍ത്തനം എന്റെ മനസ്സിനെ പൊള്ളല്‍ ഏല്‍പ്പിച്ചപ്പോള്‍ ഞാനും ക്ലാസ്സുമുറികളിലെ കൊച്ചുകൊച്ചു സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടും മാഷിന്റെ പ്രസംഗകല ഉള്‍കൊണ്ടും  അധ്യാപനത്തെ ജനകീയവല്‍ക്കരിക്കുകയായിരുന്നു. അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തിരുന്നു. ( തുടരും)

ഡോ. സി.ടി. വില്യം