Friday, November 9, 2012

സഹദേവന്റെ പേക്കിനാവുകള്‍ -2

രണ്ട്

ഇപ്പോള്‍ ശരിയ്ക്കും ഇരുട്ടാണ്‌ . കട്ടിപിടിച്ച ഇരുട്ട് .സഹദേവന്റെ അവ്യക്തമായ പ്രതീക്ഷയുടെ നാളങ്ങള്‍ കാറ്റിലെന്നോണം ഇളകിയുലഞ്ഞു .

വീര്‍ത്തുപൊങ്ങിയ ഇരുട്ടിനെ, മുമ്പേ നടന്നവന്‍ പെന്‍ടോര്‍ച്ചു കൊണ്ട്  കീറി മുറിച്ചു .

സഹദേവന്റെ അസ്വസ്ഥത മനസിലാക്കിയതിനാലാവണം അയാള്‍ പറഞ്ഞു : "നമുക്ക് വിശ്രമിയ്ക്കാനുള്ള സ്ഥലം എത്തിക്കഴിഞ്ഞു ."

സ്ഥലം എത്തിക്കഴിഞ്ഞുവെന്ന്‌  പറഞ്ഞുവെങ്കിലും കുറെ കൂടി നടന്നുകയറിയതിന് ശേഷമാണ് വിശ്രമ സ്ഥലം എത്തിയത് .

ഏതോ അജ്ഞാത ജീവിയുടെ, രാത്രിയില്‍ തിളങ്ങുന്ന കണ്ണുപോലെ ഒരു കുടില്‍ .സാധാരണയില്‍ കവിഞ്ഞ്  ഒന്ന് കുനിഞാലെ കുടിലിനകത്ത്  കടക്കാനാവൂ .

സഹദേവനും കൂട്ടരും കുടിലിനകത്തെ  അരണ്ട പ്രകാശത്തില്‍ തെളിഞ്ഞു .

ചുവന്ന ചില്ലു കുപ്പിയില്‍ നിന്ന് ഫണം വിരിച്ചാടിയ നാളത്തിന് ചുറ്റും അവര്‍ തളര്‍ന്നിരുന്നു .

കുടിലിനകം  നിറയെ പനങ്കള്ളിന്റെ മൂത്ത മണം . പനയോലകള്‍ ച്ചുരുട്ടി തിരുകിയ കന്നാസ്സില്‍ നിന്ന് പനങ്കള്ള് പതഞ്ഞ്  ഒഴുകിയപ്പോള്‍ സഹദേവന്റെ വിശപ്പും ദാഹവും ആളിക്കത്തി .

തടിച്ചു കൊഴുത്ത ഒരുവളാണ് കോപ്പ നിറയെ കള്ളും ആവി പറക്കുന്ന പുഴുങ്ങിയ കപ്പലണ്ടിയും അവര്‍ക്ക് വിളമ്പിയത് .

ഒഴിഞ്ഞ കോപ്പകളില്‍ കള്ള്  നിറയ്ക്കാന്‍ അവള്‍ കുനിഞ്ഞപ്പോഴൊക്കെ സഹദേവന്‍ അവളുടെ കണ്ണുകളിലെ വെളിച്ചത്തിന്റെ പൊട്ടിനേയും  ഒഴുകിയിറങ്ങിയ മുലകള്‍ക്കിടിയിലെ ഇരുട്ടിനെയും ആസ്വദിച്ചു .

പിന്നീട്  അവരില്‍ ആരൊക്കെയോ ഉറങ്ങുകയും ഉണരുകയും ചെയ്തു .അവളുടെ കണ്ണുകളിലെ വെളിച്ചത്തിന്റെ പൊട്ടില്‍ ഇരുട്ട് പടരും വരെ . മുലകള്‍ക്കിടയിലെ ഇരുട്ടില്‍ വെളിച്ചം പടരും വരെ .

കഥ തുടരും .....

ഡോ .സി.ടി.വില്യം

No comments:

Post a Comment