Tuesday, November 27, 2012

സഹദേവന്റെ പേക്കിനാവുകള്‍ -7

ഏഴ്‌

മേശപ്പുറത്ത്  വച്ചിരുന്ന യന്ത്ര സാമഗ്രികളില്‍ നിന്ന് ആദ്യം എടുത്തത് ഒരു ബെല്ടായിരുന്നു . നല്ല വീതിയുള്ള ഒരു തരം ബെല്‍റ്റ്‌ .

ബെല്‍റ്റിന്റെ ഒരറ്റത്ത് ചെറിയ ബാറ്ററി എന്ന് തോന്നിപ്പിക്കുന്ന മൂന്നോ നാലോ എണ്ണം കുറുകെ ഘടിപ്പിച്ചിട്ടുണ്ട് . മറ്റേ അറ്റത്ത്‌  ഒരു വാച്ചും പിടിപ്പിച്ചിരുന്നു .

"ഈ ബെല്‍റ്റ്‌ സൂക്ഷിക്കണം . അപകടം പിടിച്ച ഒരു തരം ബെല്ട്ടാണിത് . ഇത് ധരിച്ചാല്‍ പിന്നെ ശരീരത്തിന്റെ ഗതി വിഗതികള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് ." X നും Y നും പിന്നെ എനിക്കും ബെല്‍ട്ട്‌  കെട്ടിത്തന്ന ആള്‍ പറഞ്ഞു .

പിന്നീട് ഓരോ  റിമോട്ടുകള്‍  ഞങ്ങളുടെ ഷര്‍ട്ടിന്റെ താഴെയുള്ള കീശയില്‍ വച്ചുകൊണ്ടയാള്‍ തുടര്‍ന്നു , " വളരെ ഗൗരവമുള്ള ചില വിവരങ്ങളും കണക്കുകളും കൂട്ടിയും കിഴിച്ചും രേഖപ്പെടുത്തി വച്ചിട്ടുള്ള ഒരു യന്ത്രമാണിത് . ഈ യന്ത്രത്തില്‍ ഇനി നിങ്ങള്ക്ക് ഒന്നും കൂട്ടാനോ കിഴിയ്ക്കാനോ  ഇല്ല . നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം . ഈ ചുവന്ന ബട്ടന്‍ ഒന്നമര്‍ത്തുക , അതും ഞാന്‍ പറയുന്നതുപോലെ , കാണിച്ചുതരുന്നതുപോലെ ."

സഹദേവന്  ഇവരുടെ വഴിക്കണക്ക് അത്ര ഇഷ്ടപ്പെട്ടില്ല . ഇനി ഞങ്ങള്‍ മൂന്ന് പേര്‍ക്ക് കൂട്ടാനോ കിഴിക്കാനോ  ഇല്ലെന്ന അയാളുടെ പരാമര്‍ശത്തില്‍ സഹദേവന് നല്ല വിഷമം തോന്നി . ഒന്നും കിഴിക്കണമെന്നില്ല, കൂട്ടാന്‍ പാടില്ല എന്ന് പറയുന്നത് സഹദേവന്റെ കണക്കിനെ അപമാനിക്കലല്ലേ .അത് സഹദേവന്റെ മനസ്സിനെ വല്ലാതെ നീറിപ്പിടിച്ചു .

അല്ലെങ്കില്‍ തന്നെ  ഒന്നും കൂട്ടാതെ തന്നെ ഇക്കൂട്ടര്‍ എല്ലാം തന്നതല്ലേ . സുമിത്രയുടെ കല്യാണത്തിന്  ഒരു ലക്ഷം രൂപ അവര്‍ തന്നത് ഒന്നും കൂട്ടാതെയും കിഴിക്കാതെയും അല്ലെ . അതുപോലെ ഇനിയും ഒന്നും കൂട്ടാതെ തന്നെ ഇവര്‍ തനിക്ക്  ലക്ഷങ്ങള്‍ തരുമായിരിക്കും . സഹദേവന്റെ സമാധാനം മനസ്സിനെ തണുപ്പിച്ചു .

" ദാ  ഇതിലേക്ക് ശ്രദ്ധിക്കുക" , ഒരിക്കല്‍കൂടി  മുന്നില്‍  നിവര്‍ത്തിവച്ച സുമിത്രയുടെ കണക്കുപുസ്തകത്തിന്റെ താളിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു . കണക്കുപുസ്തകത്തില്‍ X ഉം Y ഉം Z ഉം ചുവന്ന മൂന്ന് നക്ഷത്രങ്ങളായി തെളിഞ്ഞു . ഞങ്ങള്‍ നക്ഷത്രങ്ങളാവുകയായിരുന്നു.

" ഈ മൂന്ന് നക്ഷത്രങ്ങള്‍ ജ്വലിക്കുന്നിടത്തും ഒരു നേതാവ് വരും പ്രസംഗിക്കാന്‍ . നിങ്ങള്‍ ആ നേതാവിന്റെ പ്രസംഗം ശ്രധിച്ചുകേള്‍ക്കണം . നിങ്ങള്‍ പ്രസംഗം ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ഈ യന്ത്രം ശബ്ധിച്ചുകൊണ്ടിരിക്കും.ഈ ശബ്ദം ശരിക്കും കേള്‍ക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തിയതിന് ശേഷം 10 അടി  മുന്നോട്ട് കയറി ഈ ചുവന്ന ബട്ടന്‍ അമര്‍ത്തണം . ഇതൊക്കെ പെട്ടെന്ന് തന്നെ തീരണം . നിങ്ങള്‍ പ്രസംഗം ശരിക്ക് കേട്ടിരുന്നുവെന്ന്  ഞങ്ങള്‍ മനസ്സിലാക്കുന്നത് അപ്പോള്‍ മാത്രമാണ് .ഇവിടെ നിങ്ങളുടെ ജോലി അവസാനിക്കുകയാണ് .......ഒരു കാര്യം കൂടി . നിങ്ങളുടെ  ഘടിപ്പിച്ചിട്ടുള്ള വാച്ചിന്റെ സൂചി 12 ല്‍ എത്തിനിന്നിട്ടും നിങ്ങളുടെ റിമോട്ടുകള്‍  ശബ്ധിച്ചില്ലെങ്കില്‍ പിന്നെ നിങ്ങള്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല . നിങ്ങള്ക്ക് നിങ്ങളുടെ വാഹനത്തില്‍ തന്നെ കയറി യാത്ര തുടരാം. "  അയാള്‍ പറഞ്ഞവസാനിപ്പിച്ചു .

എന്തൊരു അനായാസവും അയത്നലളിതവുമായ ജോലിയാണ് തന്റേതെന്ന്  ഓര്‍ത്ത്‌ സഹദേവന്‍ തെല്ലൊന്ന് അഹങ്കരിച്ചു .

ഇനിയും വരാനിരിക്കുന്ന ഉയര്‍ന്ന ജോലികളില്‍ ഇനിയും അമര്‍ത്താനുള്ള ചുവന്ന ബട്ടണുകളില്‍ സഹദേവന്റെ കണ്ണുകള്‍ സ്വപ്നാടനം നടത്തി .

യന്ത്രങ്ങള്‍ കൂടുന്നതോടെ മനുഷ്യന്റെ ജോലികള്‍ എളുതാവുന്നതും എന്തിന്  ജോലി തന്നെ ഇല്ലാതാവുന്ന മഹാത്ഭുതത്തില്‍ സഹദേവന്റെ ചിന്തകള്‍ സ്തംഭിച്ചുനിന്നുപോയി .

കഥ തുടരും .....
ഡോ .സി. ടി. വില്യം

No comments:

Post a Comment