Thursday, November 15, 2012

സഹദേവന്റെ പേക്കിനാവുകള്‍ - 4

നാല്

ആവശ്യത്തിന്  പൊന്നും മിന്നുന്ന പട്ടും ചുറ്റിയപ്പോള്‍ സുമിത്ര മണവാട്ടിയെക്കാള്‍ സുന്ദരിയായി .

വീട് നിറയെ ബന്ധുജനങ്ങളും, മുറ്റം നിറയെ അയല്‍വാസികളും വിവിധ വര്‍ണങ്ങളിലും ഭാവങ്ങളിലും നിറഞ്ഞൊഴുകി .

സുമിത്രയുടെ സമൃദ്ധിയില്‍ കണ്ണെറിഞ്ഞ ബന്ധുക്കളും നാട്ടുകാരും സഹദേവന്റെ പ്രാപ്തിയെയും പ്രൌഡിയെയും പ്രകീര്‍ത്തിച്ചു .

ജോലിയൊക്കെ സുഖം തന്നെ , ഇനിയെന്ന് തിരിച്ചുപോകുന്നു , ഇനിയെന്ന് വരും , മക്കള്‍ക്ക്‌ എന്തെങ്കിലും സ്കോപ്പ്   ഉണ്ടെങ്കില്‍  പറയണം , അറിയിക്കണം ....തുടങ്ങി സുഖാന്വേഷണങ്ങളില്‍ ബന്ധുക്കളും നാട്ടുകാരും സഹദേവന്റെ കൈ കുടഞ്ഞ്‌  കടന്ന്  പൊയ്ക്കൊണ്ടിരുന്നു .

സുമിത്രയുടെ കണ്ണുകളിലെ അത്ഭുതത്തിന്റെ  തിളക്കവും സന്തോഷത്തിന്റെ ഹൃദയമിടിപ്പും മുഹൂത്തമടുക്കുന്നതോടെ  കൂടിക്കൂടി വന്നു . അത് അവളെ കൂടുതല്‍ സുന്ദരിയാക്കി .

അവള്‍ മനസ്സുകൊണ്ട് അനേകം തവണ തട്ടകത്തിലെ അമ്പലത്തിലെ കൃഷ്ണശിലയില്‍ പുഷ്പാര്‍ച്ചന നടത്തി തിരിച്ചുവന്നുകൊണ്ടിരുന്നു .

ഒപ്പം സഹദേവേട്ടന്  കൈവന്ന ഐശ്വര്യത്തില്‍ ഈശ്വരനോട് പ്രാര്‍ഥിച്ച് ഏട്ടനെ മനസ്സാ വണങ്ങികൊണ്ടിരുന്നു.

താളമേളങ്ങളുടെ അകമ്പടിയോടെ, അനേകരുടെ കണ്ണുകളിലെ അഴകായി, അത്ഭുതമായി സുമിത്ര സുമംഗലിയായി.

ഉത്സവമൊഴിഞ്ഞ  അമ്പലമുറ്റം പോലെ സഹദേവന്റെ വീടും മനസ്സും വെറുതെ കിടന്നു .

അയാള്‍ ആരോടൊക്കെയോ യാത്ര പറഞ്ഞു . ആരോടൊക്കെയോ മറുമൊഴി ചൊല്ലിയത് അയാള്‍ അറിഞ്ഞതേയില്ല .

സഹദേവന്‍ മടക്കയാത്രയായി .

കഥ തുടരും .......

ഡോ .സി.ടി.വില്യം 

No comments:

Post a Comment