Monday, November 5, 2012

കവിത -വാനപ്രസ്ഥം


വാനപ്രസ്ഥം

പച്ച മരുന്ന് മണക്കുന്ന
പച്ച ഋതുമതികളെ
ബലാല്‍സംഗം ചെയ്തവന്റെ തലയ്ക്ക്
ബലികല്ലെറിഞ്ഞവനാണ്  ഞാന്‍ .

പുല്ലുവിലയ്ക്ക്  നെല്‍വിത്തിന്റെ ഗര്‍ഭം വിറ്റ
പല്ല് കൊഴിഞാടിയ
പുല്ലാനി മൂര്‍ഖന്റെ
പുല്ക്കാട്ടില്‍ കഴിഞ്ഞവനാണ് ഞാന്‍.

പുര കത്തുമ്പോള്‍ വാഴ വെട്ടിയവന്റെ
പുറമ്പോക്കില്‍ പതുങ്ങിയിരുന്ന്
വാഴ വെട്ടിയവന്റെ
കുലയ്ക്ക്‌ പിടിച്ചവനാണ് ഞാന്‍ .

മൂത്രമടക്കം പാല്‍
മുന്നാഴി കറന്നെടുത്ത
പ്രാന്തന്‍ പശുപതിയെ
പാലാഴിയില്‍  മുക്കിയെടുത്തവനാണ് ഞാന്‍ .

വാനപ്രസ്ഥം കുറിയ്ക്കാന്‍
വനം തേടിയിറങ്ങി
റബ്ബര്‍ക്കാടുകളില്‍
റബ്ബേ എന്ന് വിളിച്ചവനാണ് ഞാന്‍ .

പാല്‍ കുമ്പിളിന്റെ മുലരൂപം കണ്ട്
ഹാലിളകിയ വനജാക്ഷന്‍
മരങ്ങളെ പീഡിപ്പിയ്ക്കുന്നത് കണ്ട്
മരവിച്ച് നിന്നവനാണ്  ഞാന്‍ .

മര പീഡനക്കേസ്സിലെ വനജാക്ഷന്‍
മരത്തോലുകൊണ്ട് നാണം മറച്ച്
മരത്താളുകളില്‍ പ്രത്യക്ഷനാവുന്നതും
മഞ്ഞ പ്രഭയില്‍ അപ്രത്യക്ഷനാവുന്നതും കണ്ടവന്‍ ഞാന്‍ .

വനങ്ങളില്ലാത്തിടത്ത്
വാനപ്രസ്ഥം കുറിയ്ക്കാനാവുമോ ?
വാനപ്രസ്ഥം ഒഴിവാക്കാനാവുമോ ?
വനസ്ഥലി തേടി അലയട്ടെ ഞാന്‍ .

ഡോ. സി. ടി .വില്യം 

No comments:

Post a Comment