Tuesday, May 24, 2016

തെരഞ്ഞെടുപ്പും തുടര്‍ ചലനങ്ങളും

പിണറായി മുഖ്യമന്ത്രി 

ഏതൊരു ഉത്തരവാദിത്തപ്പെട്ട ജോലിയില്‍നിന്നും വിരമിക്കേണ്ടത് അനിവാര്യമാണ്. കാരണം പ്രായാധിക്യം നമ്മുടെ ഊര്‍ജ്ജസ്വലതയെ കുറക്കും. ഊര്‍ജ്ജസ്വലത എന്നാല്‍ കായികമായ ചലനാത്മകത മാത്രമല്ല. നമ്മുടെ ചിന്തയിലും, പ്രവര്‍ത്തിയിലും, മനോനിലയിലെ സന്തുലിതാവസ്ഥയിലും ഊര്‍ജ്ജസ്വലത ഉണ്ട്. പ്രായം ചെല്ലുന്നതോടെ ഇത്തരം ഊര്‍ജ്ജസ്വലത നാമറിയാതെ തന്നെ കുറയും. മാത്രമല്ല, അസാധാരണമായ കാര്‍ക്കശ്യവും, നിര്‍ബന്ധബുദ്ധിയും, വാശിയും പ്രായമേറുമ്പോള്‍ കൂടും. ഭക്ഷണവും വ്യായാമവും ശ്രദ്ധിച്ചാല്‍ കായികമായ ഊര്‍ജ്ജസ്വലതയെ നിലനിര്‍ത്താം. പക്ഷെ ചിന്തയിലും പ്രവര്‍ത്തിയിലും മനോനിലയിലെ സന്തുലിതാവസ്ഥയിലും നിര്‍ബന്ധമായും ഉണ്ടാവേണ്ട ഊര്‍ജ്ജസ്വലത നിലനില്‍ക്കണമെന്നില്ല.
ഏതാണ്ട് അമ്പത് വയസ്സോടെ ഒരു ശരാശരി മനുഷ്യന്‍റെ സര്‍വ്വതല സ്പര്‍ശിയായ ഊര്‍ജ്ജസ്വലത കുറയാനാണ് സാധ്യത. എന്നുപറഞ്ഞാല്‍ ഏതൊരു ഉത്തരവാദിത്തപ്പെട്ട ജോലിയില്‍നിന്നും വിരമിക്കേണ്ടത് ഈ പ്രായത്തിലാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും അമ്പത് വയസ്സാക്കണം. ഇപ്പോള്‍ അത് അമ്പത്താറ് ആണ്. ശരാശരി ആഗോളാന്തര വിരമിക്കല്‍ പ്രായം കണക്കിലെടുക്കുമ്പോള്‍ അത് 45 മുതല്‍ 62 വയസ്സ് വരെ എന്ന് കാണാം.
ഈ വിരമിക്കല്‍ പ്രായം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ബാധകമാക്കണം. വടിയുടെയോ ഒരു സഹായിയുടെയോ പരാശ്രയത്തോടെ സമൂഹത്തോട് ഉത്തരവാദിത്തമുള്ളവര്‍ ജോലിയോ സേവനമോ നടത്തുന്നത് നിയന്ത്രിക്കണം. ഇതിന്നാവശ്യമായ നിയമനിര്‍മ്മാണം കൊണ്ടുവരണം.
കേരളത്തിലെ തെരഞ്ഞെടുപ്പിനുശേഷം ഇപ്പോള്‍ മുഖ്യമന്ത്രി കസേരക്കുവേണ്ടിയുള്ള ചര്‍ച്ചയിന്മേലും രാഷ്ട്രീയപ്രവര്‍ത്തകന്റെ പ്രായം പ്രശ്നമാവുന്നു. വി.എസ്. അച്യുതാനന്ദന് തൊണ്ണൂറ്റിമൂന്നും പിണറായി വിജയന് എഴുപത്തിരണ്ടും വയസ്സായി. അവസാനം ഇരുപത്തൊന്നു വയസ്സിന്റെ വ്യത്യാസത്തില്‍ ചെറുപ്പമായ പിണറായി വിജയന്‍റെ ഭരണസാമര്‍ത്ഥ്യവും സംഘടനാപാടവവും കൂടി കണക്കിലെടുത്ത് മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. അതുതന്നെയാണ് ശരിയും.
എങ്കിലും വിരമിക്കല്‍ പ്രായം എന്ന പ്രശ്നത്തില്‍ ഇനിയും തീരുമാനമായില്ല. ഇനിയും ഈ വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ ഭാവിയിലും ഇത് സംബന്ധിച്ച രാഷ്ട്രീയ-സാമൂഹ്യ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാവും.

നോട്ടക്ക് ചോദിക്കാനും പറയാനും ആളുണ്ട് 

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ നോട്ട അക്കൌന്റ് തുറക്കുന്നതിന്റെ ഫലസൂചനകള്‍ കാണാതെപോവുന്നത് ശരിയല്ല.
മൊത്തം 26019284 വോട്ടര്‍മാരുള്ള കേരളത്തില്‍ 107218 വോട്ടര്‍മാര്‍ നോട്ടക്ക് വോട്ടുചെയ്തു. അതായത് 0.5 ശതമാനം വോട്ട്. എല്ലാ മണ്ഡലങ്ങളിലും ശരാശരി 1000 വോട്ടുകള്‍ വീതം നോട്ടക്ക് കിട്ടി. കുറച്ചുകൂടി വിശദമാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒമ്പത് കഷികള്‍ക്ക് നോട്ടയെക്കാള്‍ കുറവ് വോട്ടാണ് ലഭിച്ചിരിക്കുന്നത് എന്ന്‍ വ്യക്തം.
മറ്റ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കോടികള്‍ നിക്ഷേപിച്ചുകൊണ്ട്‌, സംഘടനയുടെ കായികവും താന്ത്രികവും സൈദ്ധാന്തികവുമായ ശക്തി പ്രയോഗിച്ചപ്പോള്‍ നോട്ടയുടെ വോട്ടര്‍മാര്‍ മാത്രമാണ് സര്‍വ്വതന്ത്രസ്വതന്ത്രമായി വോട്ടുകള്‍ രേഖപ്പെടുത്തിയതെന്നും നമുക്ക് സമ്മതിക്കേണ്ടിവരും.
രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ സ്ഥാനാര്‍ത്ഥികളും തങ്ങളെ തൃപ്തിപ്പെടുത്താത്ത സാഹചര്യങ്ങളിലാണ് നോട്ടയുടെ വോട്ടര്‍മാര്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കപ്പുറം ജനങ്ങള്‍ക്കുവേണ്ടി സമൂഹത്തില്‍ നിലയുറപ്പിച്ച വി.എസ്. അച്ചുതാനന്ദനും പി.സി. ജോര്‍ജ്ജിനും വോട്ടുകള്‍ നല്‍കി വിജയിപ്പിച്ചവരും നോട്ടയുടെ വോട്ടര്‍മാര്‍ ആണെന്ന് പറയേണ്ടിവരും. ഈ മണ്ഡലങ്ങളിലൊക്കെ നോട്ടയുടെ വോട്ടുകള്‍ കുറവായിരുന്നു. കാരണം അവിടെ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്താന്‍ തക്ക അര്‍ഹതയുള്ള സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദന് കിട്ടിയ 73299 വോട്ടും പി.സി. ജോര്‍ജ്ജിന് കിട്ടിയ 63621 വോട്ടും നോട്ടയുടെതെന്നുതന്നെ സമ്മതിക്കേണ്ടിവരും.
അപ്പോള്‍ നോട്ടക്ക് കിട്ടിയ വോട്ടിംഗ് ശതമാനം ഏതാണ്ട് ഒരു ശതമാനമാവും. അങ്ങനെ വരുമ്പോള്‍ നോട്ട ഏകദേശം 13 കക്ഷികളെയെങ്കിലും പിന്നിലാക്കിയെന്നും അവകാശപ്പെടാവുന്നതാണ്.
നോട്ടക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ടാണ് നോട്ട ഇത്തരത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത്‌.










ഫിദല്‍ കാസ്ട്രോവിനും ചിലത് പറയാനുണ്ട് 

താന്‍ ജനങ്ങളുടെ കാവലാള്‍ എന്നുപറയുമ്പോള്‍ തന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഫിദല്‍ കാസ്ട്രോ പദവി ഉപേക്ഷിക്കുന്നതായ ധ്വനി വീയെസ്സില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. മുഖം കൊടുക്കാതെ വേദനയോടെ ആവര്‍ത്തിച്ചുപറഞ്ഞ ആ ഗുഡ്ബൈ ആരോടായിരുന്നു.
ജനങ്ങളുടെ സംശയം തീര്‍ത്ത്‌ വീയെസ് ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെ ............
"കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചും നവമാദ്ധ്യമങ്ങൾ വഴിയും പോരാട്ടം നടത്തി. ഉമ്മൻ ചാണ്ടി മുതൽ നരേന്ദ്ര മോദി
വരെയുളള കളളക്കൂട്ടങ്ങളെ തുറന്നു കാട്ടാൻ ഞാൻ ശ്രമിച്ചപ്പോൾ എന്നെ ടാർജറ്റ് ചെയ്‌ത് ആക്രമിക്കാനും കേസിൽ കുടുക്കാനുമാണ് അവർ ശ്രമിച്ചത്.
എന്നും പോർമുഖങ്ങളിൽ എന്നെ പിന്തുണച്ച ജനങ്ങൾ ഇത്തവണയും വലിയ പിന്തുണയാണ് നൽകിയത്. 91 സീറ്റിലെ ഉജ്ജ്വല വിജയം നൽകിയാണ് ജനങ്ങൾ ഇടതു മുന്നണിയെ സ്വീകരിച്ചത്.
ഇതുവരെയുള്ള എന്റെ പോരാട്ടങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. എന്റെ കൊക്കിൽ ശ്വാസമുളളിടത്തോളം പോരാട്ടം തുടരും. അഴിമതിക്കും വർഗീയതയ്ക്കും എതിരായ പോരാട്ടങ്ങൾ... കേരളത്തിന്റെ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാൻ വേണ്ടിയുളള പോരാട്ടങ്ങൾ..."
വി.എസ്. അച്ചുതാനന്ദന്‍












തിരിച്ചറിവുള്ള ഒരു 
എം.എല്‍.എ. ജനിക്കുന്നു. 

എം.എല്‍.എ. ഫണ്ടെന്നാല്‍ അത് ജനങ്ങളുടെ ഫണ്ടാണെന്ന തിരിച്ചറിവുള്ള ഒരു ജനപ്രതിനിധി കേരളത്തില്‍ ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വടക്കാഞ്ചേരി മണ്ഡലത്തില്‍നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട അനില്‍ അക്കരയാണ് ഇക്കാര്യം പൊതുജനസമക്ഷം ഓര്‍മ്മപ്പെടുത്തിയത്‌.
എം.എല്‍.എ. ഫണ്ടുപയോഗിച്ച് തന്‍റെ മണ്ഡലത്തില്‍ നടത്തുന്ന ഒരു നിര്‍മ്മിതിയിന്മേലും തന്‍റെ പേരെഴുതി പരസ്യപ്പെടുത്തില്ല എന്ന്‍ അനില്‍ അക്കര ഏഷ്യനെറ്റ് സംഘടിപ്പിച്ച “യുവസഭ” പരിപാടിയില്‍ പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥവും പൊരുളും മനസ്സിലാക്കിയ അനില്‍ അക്കരക്ക് കേരളത്തിലെ മുഴുവന്‍ ജനാധ്യപത്യ വിശ്വാസികളുടെയും അഭിനന്ദനങള്‍.
രാജ്യത്ത് എം.എല്‍.എ. ഫണ്ടുപയോഗിച്ച് നടത്തിയ മുഴുവന്‍ നിര്‍മ്മിതികളുടെയും പ്രധാന ചുമരില്‍ സ്ഥലം എം.എല്‍.എ. യുടെ പേര്‍ മത്തങ്ങ വലുപ്പത്തില്‍ എഴുതിപ്പിടിപ്പിച്ച് ആത്മരതിയുടെ നിര്‍വൃതി അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ എം.എല്‍.എ. മാരേയും അനില്‍ അക്കര ജനസമക്ഷം തൊലിയുരിച്ചു കാണിച്ചു. ഇനിയെങ്കിലും അവര്‍ക്ക് നാണമുണ്ടെങ്കില്‍ നാണിക്കട്ടെ.
പഞ്ചായത്ത് കെട്ടിടങ്ങള്‍ മുതല്‍ പൊതു കക്കൂസ് വരെയുള്ള അത്തരം നിര്‍മ്മിതികളിന്മേല്‍ സ്ഥലം എം.എല്‍.എ. യുടെ നാണമില്ലാതെ ചിരിക്കുന്ന പടവും പേരും ഇപ്പോഴും അവിടവിടെ മരവിച്ചുകിടപ്പുണ്ട്. എം.എല്‍.എ. ഫണ്ടെന്നാല്‍ അത് ജനങ്ങളുടെ നികുതിപ്പണമാണെന്ന സാമാന്യബോധത്തെ മറച്ചുപിടിച്ച് അഹങ്കരിച്ച ഇവരില്‍ പലരേയും ജനം ഇക്കുറി ചവറ്റുകൊട്ടയിലേക്ക് തള്ളിയിരുന്നു.
ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന ഈവാര്‍ത്ത കേരളത്തിലെ ഒരു പത്രവും റിപ്പോര്‍ട്ട് ചെയ്തില്ല എന്നതാണ് സത്യം. കഷ്ടം! എന്നല്ലാതെ എന്തുപറയാന്‍.

1 comment:

  1. ഇത്രയും വിവരങ്ങൾ ഇത്‌ വരെ കേട്ടിട്ടില്ല.

    ReplyDelete