Monday, October 1, 2012

വേലായുധേട്ടന്‍ വെളിപ്പെടുത്തുന്നു, തൊണ്ണൂറ്റിയഞ്ചാം വയസ്സില്‍ !

പതിനാറാമത്തെ വയസ്സില്‍ ശ്രീനാരായണ ഗുരുവിന്റെ പരിവര്‍ത്തനാശയങ്ങളെ സ്വീകരിച്ച പി .കെ. വേലായുധന്‍ . പിന്നീട് സമഗ്രമായൊരു സാമൂഹ്യവിപ്ലയാശങ്ങല്‍ക്കായ് കമ്മ്യുണിസ്റ്റുകാരനായി. വിപ്ലവത്തിന്റെ എരിതീയിലൂടെ കുതിയ്കവേ 1967 -ല്‍ കോണ്‍ഗ്രസ്സുകാരും അവരുടെ ഗുണ്ടകളും എയ്തു വീഴ്ത്തി. പോലീസ് മരണമൊഴി എടുത്തു . എന്നിട്ടും സഖാവ് . പി .കെ. വേലായുധന്‍  മരിച്ചില്ല. തൊണ്ണൂറ്റിയഞ്ചു  വയസ്സ് വരെ. ദുര്‍ബ്ബലമായ ശരീരത്തിലെ ബലമുള്ള ശബ്ദത്തില്‍ വേലായുധേട്ടന്‍ പലതും വെളിപ്പെടുത്തുന്നു . പൊള്ളുന്ന പത്ത് വെളിപ്പെടുത്തലുകള്‍ .
ഒന്ന്
ജയില്‍വാസം
1964 -ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇടതും വലതുമായി പിളര്‍ന്നതിനെ തുടര്‍ന്ന്, വലതുകാര്‍ ലിസ്റ്റ് കൊടുത്ത തനുസരിച്ച് ഞങ്ങളെയൊക്കെ വേട്ടയാടി പിടിച്ചു . സഖാവ് ടി .പി .കൃഷ്ണന്റെ വീട്ടില്‍ പി.ബി. കൂടിക്കൊണ്ടിരിയ്കുമ്പോഴാണ്  ഞങ്ങളെയൊക്കെ ജയിലിലടച്ചത്. ഇ.എം.എസ്സിനെ മാത്രം പിടിച്ചില്ല. പ്രായം, കോണ്‍ഗ്രസ്സിനോട്  അന്ന് പുലര്‍ത്തിവന്ന ആനുകൂല്യം, ഒളിവില്‍പോയി പ്രവര്‍ത്തിയ്ക്കില്ല എന്ന വിശ്വാസം എന്നിവ കണക്കിലെടുത്ത്  ഇ.എം.എസ്സിനെ അവര്‍ ഒഴിവാക്കി .

രണ്ട്
മരണമൊഴി
1967 -ല്‍ ഓട്ടുകമ്പനി തൊഴിലാളികള്‍ക്ക് മിനിമം കൂലി നടപ്പാക്കുന്നത് സംബന്ധിച്ച് സി.പി.എമ്മിന്റെ നേതൃത്ത്വത്തില്‍ ശക്തമായ സമരങ്ങളുണ്ടായി. എ.സി. ചാക്കുവിന്റെ ഓട്ടുകമ്പനിയെ കേന്ദ്രീകരിച്ചായിരുന്നു സമരം നടന്നത് . എ .സി . ചാക്കുവും കോണ്‍ഗ്രസ്സും ചേര്‍ന്ന് യെങ്ങ് മെന്‍സ് അസോസിയേഷന്‍ (Young Men's Association ) എന്ന പേരിലൊരു ഗുണ്ടാ സംഘമുണ്ടാക്കി . അവര്‍ക്ക് ആയുധ പരിശീലനവും കൊടുത്തു. അവരാണ് എന്നെ ആക്രമിച്ചത് . പിന്നില്‍നിന്നായിരുന്നു ആക്രമണം . ഒല്ലൂരിലെ മൊയലന്‍ ജോര്‍ജാണ് ആക്രമിച്ചത് . ചത്തെന്ന് കരുതി പോയതാണ് അവര്‍.  പക്ഷെ ഞാന്‍ ചത്തിരുന്നില്ല. പോലീസ് മരണമൊഴിയും എടുത്തതാണ് . ഇതൊക്കെ പറയാന്‍ മാത്രം ഞാന്‍ ഇന്നും ജീവിയ്ക്കുന്നു .

മൂന്ന്
രാഷ്ട്രീയ നേട്ടം
നാലാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ബാലവൈദ്ധ്യം പഠിച്ചിട്ടുണ്ട്. ഇന്നും വൈദ്ധ്യം പ്രയോഗിയ്ക്കുന്നുണ്ട് .എ .കെ .ജി .യുടെ ആത്മകഥയും , ചെഗ്വെരയും , മറ്റു കമ്മ്യുണിസ്റ്റ് സാഹിത്യവും വായിച്ചുപഠിച്ചിട്ടുണ്ട്. പതിനാറാം വയസ്സില്‍ ശ്രീനാരായണ ഗുരുവിന്റെ സാമൂഹ്യ പരിവര്‍ത്തനാശയങ്ങള്‍ പിന്തുടര്‍ന്ന് പ്രവര്‍ത്തിച്ചുവന്നതാണ് . ഇതിനിടയില്‍ കല്ലാശാരിയായി. കാളവണ്ടിപണിക്കാരനായി. ലോക മഹായുദ്ധത്തില്‍ ആസ്സാം യുനിറ്റില്‍ പട്ടാളക്കാരനായി. 1954 -ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി  പ്രവര്‍ത്തകനായി. ജയില്‍വാസമനുഭവിച്ചു . മാരകമായ പരിക്ക് പറ്റി. പാര്‍ട്ടി സഹായിച്ചില്ലെന്ന് പറയാന്‍ പറ്റില്ല .മകള്‍ക്ക് ദേവസ്വം ബോര്‍ഡില്‍ ജോലി കൊടുത്തു . രാഷ്ട്രീയ നേട്ടം അത്രതന്നെ .

നാല്
സഖാക്കള്‍ പുറത്ത്
പരിക്കുപറ്റി കിടന്നപ്പോഴും നിരാലംബനായി കിടക്കുന്ന ഇപ്പോഴും പഴയ പാര്‍ട്ടി പ്രവര്‍ത്തകരൊന്നും വരാറില്ല. പലര്‍ക്കും വയസ്സായി. പലരും മരിച്ചു . പിന്നെ നല്ല പ്രവര്‍ത്തകരൊക്കെ പോയി . സഖാവ് മാമക്കുട്ടി നല്ല പ്രവര്‍ത്തകനായിരുന്നു. അയാളെ പാര്‍ട്ടി പുറത്താക്കി . ഗ്രൂപ്പ് കളിതന്നെ . അല്ലാതെന്തുപറയാന്‍ ?

അഞ്ച്
പാര്‍ട്ടി പോയി, ഗ്രൂപ്പ് വന്നു
ഇന്ന് പാര്‍ട്ടിയുടെ ക്വാളിറ്റി പോയിരിയ്ക്കുന്നു .ക്വാളിറ്റി ഉള്ളവരും ഇന്ന് പാര്‍ട്ടിയിലില്ല . കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇന്ന് മുതലാളി വര്‍ഗ്ഗ പാര്‍ട്ടിയായി . തൊഴിലാളി യുണിയന്‍ പോലെ ഇന്ന് പാര്‍ട്ടിയ്ക്ക് മുതലാളി യുണിയനുണ്ട്. ഇന്ന് പാര്‍ട്ടിയല്ല ഉള്ളത് . ഗ്രൂപ്പാണ് . പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലെയ്കല്ല വരുന്നത് . അവരൊക്കെ ഗ്രൂപ്പിലെയ്കാണ് വരുന്നത് .

ആറ്
ആശയത്തിന് പകരം ആയുധം
ഇന്ന് നല്ല കമ്മ്യുനിസ്റ്റുകാര്‍ക്ക് അധികം ആയുസ്സില്ല . ഇന്നത്തെ കമ്മ്യുനിസ്റ്റുകളില്‍ കൂടുതല്‍ പേരും സ്വാര്‍ത്ഥമോഹികളാണ്. ആത്മാര്‍ഥതയില്ല പലര്‍ക്കും. പണ്ടൊന്നും ഇത്രയധികം കൊലപാതകങ്ങള്‍ ഉണ്ടായിരുന്നില്ല . അന്നൊക്കെ ആശയങ്ങള്‍ കൊണ്ടാണ് പ്രതിയോഗികളെ നേരിട്ടിരുന്നത് , ആയുധം കൊണ്ടായിരുന്നില്ല. അന്നത്തെ ക്വാളിറ്റിയെല്ലാം പോയിരിക്കുന്നു . പാര്‍ട്ടിയും വളരെ പുറകോട്ട് പോയി .

ഏഴ്
തൊഴിലാളികളോടുള്ള കടപ്പാട്
പണ്ട് ഞാന്‍ സംഘടിപ്പിച്ച തൊഴിലാളികള്‍ക്കൊക്കെ ഇന്ന് വയസ്സായി . അവരൊക്കെ ഇന്ന് വൃദ്ധരായി. അവരുടെ സഹായത്തിന് ഇന്നാരുമില്ല.അങ്ങനെ തുടങ്ങിയതാണ്‌ ആവണിശ്ശേരിയിലെ  ഈ വൃദ്ധജന ക്ഷേമ സമിതി . തൊഴിലാളികളോടുള്ള ആത്മാര്‍ത്ഥമായ ഒരു ബാധ്യതയാണ് ഈ വൃദ്ധജന ക്ഷേമ സമിതി. പഴയ സഖാവ് സുധാകരനും, ഞാനും പിന്നെ വീ .ആര്‍ . കൃഷ്ണനെഴുത്തച്ചനും കൂടി തുടങ്ങിയതാണ്‌  ഈ വൃദ്ധജന ക്ഷേമ സമിതി.

എട്ട്
വൃദ്ധജനം സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടിയ്ക്കും വേസ്റ്റ്‌
നമ്മുടെ നാട്ടില്‍ ശിശു ക്ഷേമമുണ്ട് . വനിതക്ഷേമുണ്ട് . സാമൂഹ്യ ക്ഷേമമുണ്ട്. വൃദ്ധജന ക്ഷേമം മാത്രമില്ല . സര്‍ക്കാരിന് അങ്ങനെയൊരു അജണ്ടയില്ല . രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് തീരെയില്ല . രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്നെ വൃദ്ധജനങ്ങളെകൊണ്ട്  കാര്യവുമില്ലല്ലോ . വൃദ്ധജനം ഇവര്‍ക്കൊക്കെ വേസ്റ്റ്‌ (Waste) ആണ് .

ഒമ്പത്
നിയന്ത്രണം വിദേശ പണത്തിനോ, വൃദ്ധജന ക്ഷേമത്തിനോ?
വൃദ്ധസദനങ്ങള്‍ ധാരാളമുണ്ട് . അവയില്‍ പലതും കച്ചവടസ്ഥാപനങ്ങളാണ്. ഈ മേഖലയില്‍ വിദേശ പണത്തിന്റെ  ഒഴുക്കുണ്ട് .അതാണ്‌ കച്ചവടത്തിന് സഹായകമാവുന്നത്‌ . ബി .ജെ. പി. സര്‍ക്കാര്‍ വന്നപ്പോള്‍ അവര്‍ വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചിരുന്നു . ഇത്തരം സ്ഥാപനങ്ങളെയും . അങ്ങനെ ഇത്തരം സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ പോലും ഇന്ന് വളരെ ബുദ്ധിമുട്ടായി .

പത്ത്
പുതിയ തലമുറയും, വിശുദ്ധ ആത്മഹത്യയും
വൃധജനക്ഷേമത്തിനായി പുതിയ തലമുറ മുന്നോട്ടുവരുന്നില്ല . സേവനത്തില്‍ ആര്‍ക്കും താത്പര്യമില്ല .സത്യം , ധര്‍മ്മം, നീതി ,സ്നേഹം, ഇതൊന്നും ഇന്നില്ല . അതുണ്ടാവണം. ആരും ആരെയും വിശ്വസിയ്ക്കുന്നില്ല . ആര്‍ക്കും ആരോടും കടപ്പാടില്ല . പ്രത്യേകിച്ച് ഒരു അടുപ്പവുമില്ല . സംന്യാസികള്‍ പോലും ആത്മഹത്യ ചെയ്യുന്ന ഈ സമൂഹത്തില്‍ ഇനി എന്ത് പ്രതീക്ഷ ? 

ഡോ.സി .ടി. വില്യം

No comments:

Post a Comment