Monday, October 29, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ?

 തിരുത്താനിടവരാതെ തല ഉയര്‍ത്തിനിന്നു എഴുതുന്നവനാണ് പത്രപ്രവര്‍ത്തകന്‍. തിരുത്തപ്പെടാതെ നട്ടെല്ലോടെ നിവര്‍ന്നുനില്‍ക്കുന്നവനാണ് യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍. യഥാര്‍ത്ഥ പത്രപ്രവര്‍ത്തനവും അതുതന്നെ.വെട്ടിത്തിരുത്തുക പത്രധര്‍മ്മമല്ല. പത്രാധിപധര്‍മ്മവുമല്ല. അവിടവിടെ ചെത്താനും മിനുക്കാനുമുള്ള അവകാശമേ പത്രാധിപര്‍ക്കുള്ളൂ. ഇതേക്കുറിച്ചൊക്കെ സവിസ്തരം പഠിച്ചെഴുതിയ വിലാസിനിയുടെ  'സ്വ .ലെ' അക്കാദമി ലൈബ്രറിയില്‍ വിശ്രമിയ്ക്കുന്നുണ്ട് . ആ പുസ്തകത്തിന്റെ നൂറാമത്തെ പുറമെങ്കിലും അക്കാദമി സെക്രട്ടറിയോ, പത്രാധിപരോ, പബ്ലിക്കേഷന്‍ ആപ്പീസരോ വായിച്ചിരുന്നെങ്കില്‍ അവര്‍ എന്റെ പുസ്തകം മടക്കില്ലായിരുന്നു. ഇനിയും എഴുത്തുകാരന്റെ കൈപ്പത്തി വെട്ടാതിരിയ്ക്കാനും പുസ്തകങ്ങള്‍ മടക്കാതിരിയ്ക്കാനുമായി ഞാന്‍ വിലാസിനിയുടെ സ്വ .ലെ യുടെ നൂറാമത്തെ പുറം ഇവിടെ ഉദ്ധരിയ്ക്കട്ടെ.

"സ്വന്തമായി നാലുവാചകമെഴുതുന്നതിനേക്കാള്‍ ഏറെ ക്ലേശകരമാണ് അന്യന്റെ ഒരു വാചകം തിരുത്തുന്നത്. സ്വന്തമായെഴുതുമ്പോള്‍ ആശയവും ആവേശവും സ്വന്തമാണ്. അവയെ ആവിഷ്കരിയ്ക്കാന്‍ വാക്കുകള്‍ തിരഞ്ഞെടുക്കുകയെ വേണ്ടൂ. മറ്റൊരാള്‍ എഴുതിയത് തിരുത്തേണ്ടിവരുമ്പോള്‍ സംഗതി കുറേക്കൂടി ദുര്‍ഘടമാണ് .ആശയവും ആവേശവും അന്യന്റെതാണ്. ഉപയോഗിയ്ക്കുന്ന വാക്കുകളും സ്വന്തമല്ല. അങ്ങിങ്ങ് ചെത്താനും ചിനക്കാനുമേ അവകാശമുള്ളൂ. കൈവിലങ്ങ് ധരിച്ച് വാള്‍പ്പയറ്റ്  നടത്തുന്നതിനു തുല്യമായ ഒരനുഭവമാണത് ." (സ്വ.ലെ .പുറം 100 )
വിലാസിനിയുടെത് പത്രപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗരേഖയായിരുന്നു. പത്രപ്രവര്‍ത്തന മേഖലയില്‍ പത്രാധിപര്‍ക്ക് കുറേക്കൂടി സ്വാതന്ത്ര്യമുണ്ട് . എന്നാല്‍ ഒരു സാഹിത്യകൃതിയില്‍ പത്രാധിപത്യം ഉറപ്പിയ്ക്കുന്നതിന് പരിധികളും പരിമിതികളും ഏറെയുണ്ട്. അതും ഒരു ജീവചരിത്ര ഗ്രന്ഥം കൂടിയാവുമ്പോള്‍ പ്രശ്നം സങ്കീര്‍ണവുമാണ്. ജീവചരിത്ര ഗ്രന്ഥമെന്നത്  ഒരു ജീവചരിത്രകാരന്റെ ഭാവനാവിലാസത്തിന്റെയോ അലങ്കാര വിന്യാസത്തിന്റെയോ സൃഷ്ടിതലമല്ല. അവിടെ ജീവചരിത്രകാരന്‍ ഒരു വ്യക്തിയുടെ ജീവിതകാലത്തിലെയ്ക്ക് കടന്നുചെന്ന് അയാളോടൊപ്പം ജീവിയ്ക്കുകയാണ്. എന്നിട്ട്, അയാള്‍ ചരിത്രത്തില്‍ വീഴ്ത്തിയ കാല്‍പാടുകളെ സത്യസന്ധമായി രേഖപ്പെടുത്തുകയാണ്. ഇവിടെയും സത്യപ്രസ്ഥാവന നടത്തുന്നത് ജീവച്ചരിത്രകാരനല്ല. മറിച്ച്, ജീവചരിത്രത്തിന് വിധേയനാവുന്ന വ്യക്തിയുടെ രക്തബന്ധുക്കളൊ, സുഹൃത്തുക്കളോ, സമകാലീനരോ ആണ്. അവര്‍ പകര്‍ന്നുതരുന്നതിന്റെ  വൈവിധ്യമാര്‍ന്ന അനുഭവ സാക്ഷ്യങ്ങളുടെയും രേഖാചിത്രങ്ങളുടെയും പ്രതിഫലനങ്ങളാണത്  . ഇത്തരത്തിലുള്ള അനുഭവ സാക്ഷ്യങ്ങളും, രേഖാചിത്രങ്ങളും, സത്യപ്രസ്ഥാവനകളുമാണ്  ഞാനെഴുതിയ പുസ്തകത്തില്‍ നിന്ന് അക്കാദമി വെട്ടി മാറ്റിയത്.

ഈ സംഭവങ്ങള്‍ക്കൊക്കെ മാപ്പുസാക്ഷികളായ അക്കാദമിയിലെ എന്റെ സുഹൃത്തുക്കളാണ് അക്കാദമി രാഷ്ട്രീയത്തിന്റെ തെക്കുവടക്ക് രാഷ്ട്രീയ സങ്കേതങ്ങളെക്കുറിച്ചും സംജ്ഞകളെക്കുറിച്ചും എനിയ്ക്ക് പറഞ്ഞുതന്നത് . അക്കാദമി സെക്രട്ടറി ഉണ്ടായതും തെക്കന്‍ നാമ നിര്‍ദേശത്തെ  തോല്‍പ്പിച്ചു വടക്കന്‍ നാമ നിര്‍ദേശം ജയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നുവത്രേ.

ഡോ.സി.ടി.വില്യം
തുടരും  

No comments:

Post a Comment