Thursday, October 4, 2012

"ഓനൊരു മഹാ സംഭവമാണ് ചേട്ടാ ! ഓന് ലാപ്ടോപ്പുണ്ട്! അത് നിറയെ പെണ്ണുങ്ങളാണ്. എല്ലാം ഫോറിന്‍ പെണ്ണുങ്ങളാണ് ചേട്ടാ !"


  (ഗോവന്‍ യാത്രാനുഭവം മൂന്നാം ഭാഗം)

സോമെഷിന് വിദ്യാഭ്യാസമില്ല. ആകര്‍ഷകമായ സൌന്ദര്യമില്ല. എന്നാല്‍ എവിടെയോ ശ്രദ്ധിയ്ക്കപ്പെടുന്ന വ്യക്തിത്തമുണ്ട് . ആകെ അറിയുന്ന പണി ഡ്രൈവിംഗ് ആണ് . വീതി കൂയിയ മൂന്നുനാല് പല്ലുകളില്‍ തിളങ്ങുന്ന ചിരിയില്‍ നിഷ്കളങ്കതയും വെളിച്ചവുമുണ്ട് . ഒരു കാതില്‍ വജ്രം പതിപ്പിച്ച കമ്മലുണ്ട് . ചെറുനാരങ്ങാ നിറത്തില്‍  അലങ്കാര ചാര്‍ത്തുള്ള ഒരു മാരുതി എസ്ടീം കാറുണ്ട് . രണ്ടു മൊബൈല്‍ ഫോണുകള്‍ മാറി മാറി ഉപയോഗിയ്ക്കുന്നു. കൊങ്കണിയും, മറാത്തിയും, ഇംഗ്ലീഷും, സ്പാനിഷും, ഫ്രെഞ്ചും, ഭാഷകള്‍.. സൌമ്യതയുടെയും ചിരിയുടെയും അകമ്പടിയോടെ അടര്‍ന്നുവീഴുന്നു. ഇതെല്ലാം സോമേഷ് അജ്ഞതയില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്തതാണെന്ന്  അറിയുമ്പോള്‍ സോമേഷിന്റെ വ്യക്തിത്തം കൂടുതല്‍ തിളങ്ങുന്നു.



"ഓനൊരു  മഹാ സംഭവമാണ് ചേട്ടാ !" സോമെഷിനെ കുറിച്ച് ഗോവയിലെ എന്റെ തലശേരിക്കാരന്‍ സുഹൃത്ത് പറഞ്ഞുകൊണ്ടിരുന്നു. "ഓന് ലാപ്ടോപ്പുണ്ട് ! അത് നിറയെ പെണ്ണുങ്ങളാണ്. എല്ലാം ഫോറിന്‍ പെണ്ണുങ്ങളാണ് ചേട്ടാ ! സീസണ്‍ കഴിഞ്ഞാല്‍ അവര്‍ അവനെ ഫോറിനിലെയ്ക്ക് കൊണ്ടുപോകും. പിന്നെ അടുത്ത സീസണിലെ ഓന്‍ വരൂ . ഓന്‍ സ്കൂളില്‍ പോയിട്ടില്ല ചേട്ടാ . ഓന്‍ എല്ലാ ഭാഷേം പറയും...." തലശേരിക്കാരന്‍ ശ്വാസമടക്കി തുടരുകയാണ്.

ഇത്തരം കാര്യങ്ങളിലൊക്കെ കൌതുകമുള്ളവരാണല്ലോ നമ്മള്‍ ശരാശരി കേരളത്തുകാര്‍. സോമെഷിലെ ഈ മഹാ സംഭവത്തെ അറിയാനും ആസ്വദിയ്ക്കാനുമായി ഞാന്‍ സോമെഷിനെ കണ്ടു. ഒരു ഗോവന്‍ മദ്യശാലയില്‍ വച്ച് . യഥാര്‍ഥത്തില്‍ മദ്യശാലയെന്നൊന്നും പറയാനാവില്ല. ഒരു വീട്ടുമുറ്റം. അല്ലെങ്കില്‍ ഒരു വീടിന്റെ പിന്നാമ്പുറം. എന്തായാലും കടലിന്റെ ദൃശ്യ - ശ്രാവ്യ സാമീപ്യമുണ്ട് . ഗോവയിലെ മദ്യശാലകള്‍ അങ്ങനെയാണ് . എല്ലാ വീട്ടുമുറ്റത്തും പിന്നാമ്പുറങ്ങളിലും അവിടെ മദ്യം വിളമ്പും. ഒപ്പം ഭക്ഷണവും. ഇത്തരം വീട്ടുമുറ്റങ്ങളുടെയും പിന്നാമ്പുറങ്ങളുടെയും വലുപ്പചെറുപ്പമനുസരിച്ച് അവിടെ പാട്ടും നൃത്തവും ക്യാമ്പ് ഫയരുമെല്ലാം ഉണ്ടാവും.

ഒരു ഡസ്സനിലേറെ വിദേശ കൂട്ടുകാരികളുള്ള സോമേഷിന്റെ ആകര്‍ഷണ തന്ത്രം അറിയാനായി ചോദിച്ചപ്പോള്‍, സോമേഷ് തന്റെ ലാപ്ടോപ്പിലെ പ്രണയ ദൃശ്യങ്ങളെ സാക്ഷ്യപ്പെടുത്തി ഒറ്റ വാക്കില്‍ പറഞ്ഞു , "ഐ ലവ് ദെം . കിസ്സ്‌ ദെം . എമ്ബ്രയ്സ് ദെം .ഐ ഹെല്പ് ദെം ." അതെ, സോമേഷിന്റെ രതിയും ലൈങ്ഗീകതയും ഒരു ചുംബനത്തിലും ആലിന്ഗനത്തിലും  പരിശുദ്ധമായി അവസാനിയ്ക്കുന്നു. സോമേഷ് നമ്മുടെ പ്രണയ സങ്കല്‍പ്പത്തെ അട്ടിമറിയ്ക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും വിദേശ കൂട്ടുകാരികളെ കുറിച്ച് വളരെ വ്യക്തമായ ധാരണകളുണ്ട് സോമെഷിന് . "ദേ ആര്‍ ഓള്‍ സെല്‍ഫിഷ് . ബട്ട്‌ ഇന്നോസിന്റ്റ് . ഐ ഡോണ്ട് മൈന്‍ഡ് . വൈ ഷുഡ്‌ ഐ ? " വിദേശീയരുടെ സ്വാര്‍ഥതയെയും നിഷ്കളങ്കതയെയും ഒരേ തട്ടില്‍വച്ചു വിലയിരുത്തുന്ന സോമെഷിനെ ഞാന്‍ ഇപ്പോള്‍ അറിയുന്നു . സോമേഷ് ഒരു മഹാ സംഭവമല്ല, തത്വചിന്തയുടെ ഒരു പരിചേദമാണ്.

ഡോ.സി.ടി.വില്യം

(അടുത്ത ബ്ലോഗ്ഗില്‍ തുടരും)

No comments:

Post a Comment