Wednesday, August 7, 2013

യശോധര നഗ്നയാണ്‌ : രണ്ട്സ്വാതന്ത്ര്യവും പുഞ്ചിരിയും കവര്‍ന്നെടുത്ത തായലണ്ട്സുവര്‍ണ്ണ ഭൂമി വിമാനത്താവളം പേരുപോലെ സുവര്‍ണ്ണമായിരുന്നില്ല . ഒരു സാധാരണ വിമാനത്താവളമായിരുന്നു അത് . പതിവുപോലെ പാസ്പോര്‍ട്ട് ക ണ്ട്രോള്‍  കടമ്പയുണ്ട് .  യാത്രയുടെ എല്ലാ ത്രില്ലും കിനാക്കളും നശിപ്പിക്കുന്നതാണ് ഈ  പാസ്പോര്‍ട്ട് കണ്ട്രോള്‍ . മുമ്പ് ചൈനയിലും ഈയടുത്തകാലത്ത് ഗള്‍ഫിലുമായി ഞാന്‍ ഇതനുഭവിച്ചതാണ് . എന്റെ മുഴുവന്‍ കണ്ട്രോളും പോവുക പതിവാണ് ഇത്തരം പാസ്പോര്‍ട്ട് കണ്ട്രോള്‍ കടമ്പകളില്‍ .

എന്തായാലും നമ്മുടെ സാങ്കേതിക വിദ്യകള്‍ പുരോഗമിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണാനായി തുടങ്ങിയിരിക്കുന്നു .ഇപ്പോള്‍ പാസ്പോര്‍ട്ട് കണ്ട്രോള്‍ എളുപ്പത്തിലാക്കുന്ന ഇ-ഗേറ്റ്സ് സംവിധാനങ്ങള്‍ വന്നിരിക്കുന്നു . ഇതിന്നായി പ്രത്യേകം സജ്ജമാക്കിയ ഒരു സ്മാര്‍ട്ട് കാര്‍ഡിന്റെ സഹായത്തോടെ നമുക്ക് പാസ്പോര്‍ട്ട് കണ്ട്രോള്‍ കടമ്പ എളുപ്പത്തില്‍ കടക്കാമത്രേ. ഗള്‍ഫിലും മറ്റും ഇത് നടപ്പായിക്കഴിഞ്ഞു . സുവര്‍ണ്ണ ഭൂമിയില്‍ പക്ഷെ പാസ്പോര്‍ട്ട് കണ്ട്രോള്‍ കടമ്പ കടക്കുക തന്നെ വേണം .

ഓരോ രാജ്യത്തും ഓരോ കാലത്തും ഓരോരോ നിയമങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത് . സുവര്‍ണ്ണ ഭൂമിയില്‍ ഇതാ പുതിയൊരു നിയമം വന്നിരിക്കുന്നു . വിദേശികള്‍ക്ക് വിസ മുദ്ര വച്ചുകിട്ടണമെങ്കി ല്‍ ഫോട്ടോ പതിപ്പിച്ച ഒരു അപേക്ഷ സമര്‍പ്പിക്കണം . എന്റെ സംഘത്തില്‍ ഞാനൊഴിച്ച്‌ ആരുടെ കയ്യിലും ഫോട്ടോ ഉണ്ടായിരുന്നില്ല . ഫോട്ടോ എടുക്കുന്നതിനുള്ള സംവിധാനങ്ങള്‍ അവിടെത്തന്നെ ഉണ്ടായിരുന്നു . ഫോട്ടോ ഒന്നിന് 200 ബാത്ത് . ബാത്ത് , അതാണ്‌ തായലണ്ടിലെ പണം . 200 ബാത്ത് എന്നുപറയുമ്പോള്‍ ഏതാണ്ട് നമ്മുടെ 400 രൂപയോളം വരും . വിസ മുദ്ര വയ്ക്കുന്നതിനും രണ്ടു വഴികളുണ്ടിവിടെ . ഒന്ന് വേഗത്തിന്റെ വഴി. രണ്ട് വേഗത കുറഞ്ഞ വഴി . ഒന്നാമത്തെ വഴിക്ക് 1200 ബാത്ത് . രണ്ടാമത്തെ വഴിക്ക് 1000 ബാത്ത് . സന്ദര്‍ശകരുടെ പണം പിഴിഞ്ഞെടുക്കുന്നതിനുള്ള ഓരോരോ വഴികള്‍ .


ഞങ്ങളുടെ സംഘത്തിലെ പലരും ആയിരത്തിന്റെയും ആയിരത്തിഅഞ്ഞൂറിന്റെയും “ബാത്ത് “ കഴിഞ്ഞ് പാസ്പോര്‍ട്ട് കണ്ട്രോള്‍ കടമ്പ കടന്നു .പക്ഷെ സംഘത്തിലെ രണ്ടുപേരെ മാത്രം കാണാനില്ലായിരുന്നു .അശോകനും പുഷ്പനും . പാസ്പോര്‍ട്ട് കണ്ട്രോള്‍ കഴിഞ്ഞു പുറത്തുകടന്നാല്‍ പിന്നെ വീണ്ടും പാസ്പോര്‍ട്ട് കണ്ട്രോള്‍ ലോബിയിലേക്ക് പോകാനാവില്ല .അതുകൊണ്ട് ഞങ്ങള്‍ക്ക് അശോ കനും പുഷ്പനും എന്തുപറ്റി എന്നറിയാനാവില്ല . ഭാഷയും ഒരു പ്രശ്നമായിരുന്നു . തായലണ്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അവരെ ചോദ്യം ചെയ്യുന്നതുകണ്ടു . പിന്നെപ്പിന്നെ അവര്‍ അപ്രത്യക്ഷരായി . മണിക്കൂറുകള്‍ക്കുശേഷം ഞങ്ങളറിഞ്ഞു, അവരെ ഇന്ത്യയിലേക്ക്‌ തന്നെ തിരിച്ചയക്കാന്‍  തായലണ്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചെന്ന് . ഞങ്ങളില്‍ പലരും തായലണ്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരോട് പലതും പറഞ്ഞുനോക്കി .ഫലമുണ്ടായില്ല .

പിന്നീട് അവര്‍ ഇന്ത്യയില്‍ നിന്ന് വിളിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത് . അവരുടെ പാസ്പോര്‍ട്ടിലെ ഫോട്ടോയും അവരുടെ നേര്‍ക്കാഴ്ചയും ഒത്തുവന്നില്ല എന്ന കാരണം കൊണ്ടാണത്രേ അവരെ മടക്കിയത് . അന്നേരം അവരുടെ കയ്യിലുണ്ടായിരുന്ന 16000 ബാത്തും അവര്‍ പിഴയിനത്തി ല്‍  വസൂല്‍ ചെയ്തത്രേ . അവര്‍ക്ക് ആ രാത്രി തായലണ്ടുകാര്‍ ഭക്ഷണം പോലും കൊടുത്തില്ലത്രെ .  അനീതി ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം മാത്രം അന്നാട്ടിലില്ലായിരുന്നു . അങ്ങനെ സ്വാതന്ത്ര്യത്തിന്റെയും പുഞ്ചിരിയുടെയും തായലണ്ട് ഞങ്ങളുടെ നിഷ്കളങ്കമായ സ്വാതന്ത്ര്യവും പുഞ്ചിരിയും ഒന്നാം ദിവസം തന്നെ കവര്‍ന്നെടുത്തു .

യാത്രാ സംഘത്തിലെ രണ്ടുപേര്‍ നഷ്ടപ്പെട്ടതിന്റെ അപമാനഭാരവും , ദുഖവും , സുവര്‍ണ്ണഭൂമി വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടിയ ആശങ്കകളുടെ മണിക്കൂറുകളും ഞങ്ങളെ നന്നേ ക്ഷീണിപ്പിച്ചിരുന്നു . വിമാനം തന്ന ഭക്ഷണത്തിന്റെ ഊര്‍ജ്ജവും മദ്യത്തിന്റെ വീര്യവും അപ്പോഴേക്കും നഷ്ടമായിരുന്നു .


ഇതിനിടെ ഞങ്ങളെ കാത്ത് തായലണ്ടുകാരന്‍ യാത്ര ഗൈഡ് ഭാസും, അയാളുടെ ഇരുനില ബസ്സും , ഡ്രൈവറും അവിടെ ഉണ്ടായിരുന്നു . അശോകനും പുഷ്പനുമില്ലാതെ ഞങ്ങള്‍ ആ ഇരുനില ബസ്സില്‍ കയറി . ആരുടെ മുഖത്തും അന്നേരം സ്വാതന്ത്ര്യവും പുഞ്ചിരിയും ഉണ്ടായിരുന്നില്ല . ആ രാത്രി ആ ബസ്സ്‌ ഞങ്ങള്‍ക്ക് ഒ രു ശവമഞ്ചം പോലെയായിരുന്നു . ഭാസ്സിന്റെ മുറി ഇംഗ്ലീഷും ചില്ലറ തമാശകളും ആരും ആസ്വദിച്ചില്ല . ബസ്സ്‌ പാട്ടായ ലക്‌ഷ്യം വച്ച് ഓടിക്കൊണ്ടിരുന്നു . 

ഡോ .സി .ടി .വില്യം 
തുടരും

No comments:

Post a Comment