ഭോഗാലസ്യത്തിന്റെ പറുദീസയില്‍
പട്ടായ പുലര്‍ന്നു . പട്ടായയില്‍ ഇപ്പോള്‍ മഴക്കാലമാണ് . മഴ പെയ്യുന്നതും തോരുന്നതും ഇവിടെ പെട്ടെന്നാണ് . മഴ നനഞ്ഞ പട്ടായയില്‍ വെളിച്ചം നല്ലവണ്ണം പടര്‍ന്നിരുന്നു . പക്ഷെ തെരുവും തെരുവോരവും ഉറങ്ങിക്കിടന്നു . വഴിയില്‍ വാഹനങ്ങളും മനുഷ്യരും ഉണ്ടായിരുന്നില്ല . അത്യപൂര്‍വ്വമായി അല്പവസ്ത്രധാരികളായ ഒന്നുരണ്ടു പെണ്ണുങ്ങള്‍ ആടിയുലഞ്ഞ് പോകുന്നതുകണ്ടു . പട്ടായ ഇപ്പോള്‍ ഉറങ്ങാന്‍ കിടന്നതേയുള്ളൂ . പട്ടായയില്‍ രാത്രി പകലും ,പകല്‍ രാത്രിയുമാണ് .
ഹോട്ടല്‍ മുറിയിലെ ഇലക്ട്രിക് കെറ്റിലില്‍ ഒരു ഗ്രീന്‍ ചായ ഉണ്ടാക്കി . വര്‍ത്തമാന പത്രമില്ലാതെ, ചായ ഉഷാറില്ലാതെ കുടിച്ചു . ഈയ്യിടെയായി ഒരു കൊച്ചു പീഡനവാര്‍ത്തയെങ്കിലുമില്ലാതെ ചായ കുടിക്കാനാവില്ല . എന്തുചെയ്യാം, കേരളത്തിന്റെ വായനാശീലം അങ്ങനെയായിപ്പോയി . മുറിയിലെ ടെലിവിഷന്‍ തെളിയിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ല .
കുളി കഴിഞ്ഞ് വസ്ത്രം മാറാന്‍ ഒരുങ്ങിയപ്പോഴാണ് തലേന്ന് യാത്രാഗൈഡ് ഭാസ് പറഞ്ഞതോര്‍ത്തത് . ഇന്ന് ബനിയനും ബര്‍മൂഡായുമായിരിക്കണമത്രേ വേഷം . കാരണം , ഇന്നത്തെ യാത്രകള്‍ മുഴുവനും പട്ടായയിലെ ബീച്ചുകളിലേക്കാണ്. ബനിയനും മുക്കാല്‍ ട്രൌസറുമിട്ട് മുറിയടച്ച് പ്രാതല്‍ കഴിക്കാനിറങ്ങി .ഇവിടെ പ്രാതല്‍ ലഘുഭക്ഷണമല്ല . പന്നിയിറച്ചിയും കോഴിയിറച്ചിയും ഫ്രൈഡ് റൈസും നൂഡില്‍സും സോസജും റൊട്ടിയും മുട്ടയും പഴങ്ങളും തുടങ്ങി അനവധിയോളം ഭക്ഷണപദാര്‍ത്ഥങ്ങളുണ്ട് . കൂടുതലും തായ്–ചൈനീസ് രുചിഭേദങ്ങള്‍ .
എല്ലാവരും രാവിലെ 8 മണിക്ക് ബീച്ച് യാത്രക്ക് തയ്യാറാവണമെന്നതായിരുന്നു ഭാസിന്റെ നിര്‍ദേശം . എന്നാല്‍ 10 മണി കഴിഞ്ഞിട്ടും ഭാസും ബസ്സും അന്തേവാസികളെ കാത്ത് അനങ്ങാതെ കിടന്നു . പുലരും വരെ കനത്ത രതിലീല കളില്‍ കഴിഞ്ഞുകൂടിയ അവര്‍ ഉറങ്ങാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ . ഭാസ് വിളിച്ചു കൂവിയതിനെതുടര്‍ന്ന്‍ പലരും സുരതോന്മാദത്തിന്റെ ഉറക്കച്ചടവോടെ ബസ്സിലെത്തിക്കൊണ്ടിരുന്നു . അവരാരും പരസ്പരം ശ്രദ്ധിച്ചിരുന്നില്ല . എല്ലാവരും എന്തൊക്കെയോ കുസൃതികള്‍ ഒളിപ്പിച്ചുവച്ചതുപോലെ ബസ്സില്‍ വന്നിരുന്നു .
പട്ടായ നിറയെ ബീച്ചുകളാണ് . നിഷ്കളങ്കമായ നഗ്നത സമര്‍പ്പിക്കപ്പെടുന്ന ജലാല്‍ത്താരകളാണ് പട്ടായ മുഴുവനും . നഗ്നശരീരങ്ങള്‍ ഒഴുകിനടക്കുന്ന ഒരു മാംസഗംഗയാണ് പട്ടായ . നഗ്നശരീരങ്ങള്‍ കെട്ടുപിണഞ്ഞും ഇണചേര്‍ന്നും തിരമാലകളില്‍ അലിഞ്ഞുചേരുകയാണിവിടെ . അവര്‍ക്ക് ആവശ്യമുള്ളതെല്ലാം കൊടുക്കുന്ന കടലും കടല്‍ തീരങ്ങളുമാണ് പട്ടായ നിറയെ . ലോകത്തി ലെതന്നെ ഏറ്റവും വലിയ ബീച്ച് മാളാണ് (Beach Mall) പട്ടായയിലുള്ളതെന്ന്‍ വിനോദസഞ്ചാര ചരിത്രം സാക്ഷ്യപ്പെടുത്തുന്നു . ഉപ്പ് തൊട്ട് സുഖഭോഗങ്ങളുടെ പരമാനന്ദം വരെ ഇവിടെ ലഭ്യമാണ് .
വിനോദസഞ്ചാരികള്‍ ബോട്ടില്‍നിന്നു ബോട്ടിലേക്ക് പകര്‍ന്നു പകര്‍ന്ന് ബീച്ചുകളുടെ ചാരിത്ര്യം മുഴുവനായി കവര്‍ന്നെടുക്കുകയാണ് . അവര്‍ പാരച്യുട്ടുകളില്‍ ആകാശത്തും ഓക്സിജന്‍ സിലിണ്ടറുമായി കടലിന്റെ ആഴങ്ങളിലും മദോന്മത്തരാവുന്നു . ഇവിടുത്തെ ബീച്ചും പരിശുദ്ധമായ നഗ്നതയും കാണുമ്പോള്‍ നാമറിയാതെ തന്നെ നാം സ്വയം നഗ്നരാവും . ഇവിടുത്തെ കുറുമ്പുള്ള തിരമാലകള്‍ തായ് സുന്ദരികളെപോലെ നമ്മുടെ അല്പവസ്ത്രങ്ങളും അപഹരി ക്കും . നാമതിന് നിര്‍ന്നിമേഷരായി വിനീതവിധേയരാവും . ഇവിടെ ആണെന്നും പെണ്ണെന്നും ഇല്ല . ലിംഗ ഭേദമില്ലാതെ നഗ്നത ആഘോഷിക്കുന്ന മാലാഖമാരുടെ ഉന്മാദ ഭുമിയാണിത് .
ബീച്ചുകളിലെ മദോന്മാദ വേളകള്‍ സഞ്ചാരികളെ മുഴുവന്‍ പട്ടായയുടെ അടിമകളാക്കി . അവരുടെ അടിമത്തം യാത്രാഗൈഡ് ഭാസിന്റെ വിനോദസഞ്ചാര കലണ്ടറിന്റെ കണക്കുതെറ്റിച്ചു . തായ് ലണ്ടിന്റെ സ്ഥല-കാല-ചരിത്രത്തിന്റെ നാഴികക്കല്ലുകള്‍ അവര്‍ക്ക് കാണേണ്ടെന്നായി . അവര്‍ക്ക് പട്ടായയുടെ നഗ്നത മാത്രം മതി . ലക്കും ലഗാനും തെറ്റിയ സഞ്ചാരികളുടെ മുന്നില്‍ ഭാസ് എന്ന യാത്രാഗൈഡ് തോറ്റു കൊടുത്തു . പട്ടായയുടെ വിനോദസഞ്ചാരം മിക്കവാറും പൂര്‍ണ്ണമാവുന്നതിങ്ങനെ .
പ്രലോഭനങ്ങളുടെ കൊച്ചുകൊച്ചു അഗ്നിപര്‍വതങ്ങളുമായി ആ ഇരുനില ബസ്സ് പിന്നെ നിന്നത് പട്ടായയിലെ പ്രസിദ്ധമായ പി പി മസ്സാജ് സെന്ററിനു മുന്നിലാണ് . ഇവിടെ ക്യാമറകള്‍ അനുവദിക്കില്ല . അകത്തുകടക്കണമെങ്കില്‍ അറവുമാടുകളില്‍ ചാര്‍ത്തുംപോലെ നമ്മുടെ കൈപ്പത്തിയുടെ പുറം ഭാഗത്ത് നീലമഷി കൊണ്ട് മുദ്ര ചാര്‍ത്തും . പിന്നെ നഗ്നതയുടെ പറുദീസയിലേക്കുള്ള പാസ്പോര്‍ട്ടായി . പഞ്ചേന്ദ്രിയങ്ങള്‍ക്ക് പുറമേ ആറാം ഇന്ദ്രിയവും വിജ്രംബിതമാവുന്ന നഗ്നതയുടെ സ്ഫോടനക്കാഴ്ചകള്‍ നമുക്കിവിടെ കാണാം .
ഡോ.സി.ടി.വില്യം
തുടരും
No comments:
Post a Comment