Thursday, August 1, 2013

യശോധര നഗ്നയാണ്‌-1


ഒന്ന്
സ്വാതന്ത്ര്യത്തിന്‍റെ സുവര്‍ണ്ണ ഭുമിയില്‍ 

ശുക്ലാംബരമണിഞ്ഞ മേഘ കന്യകമാരെ തഴുകിത്തലോടി വിമാനം സുവര്‍ണ്ണ ഭൂമിയിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ബുദ്ധദര്‍ശന ങ്ങളുടെ സുവര്‍ണ്ണ ഭുമിയില്‍ വിമാനത്തിന്‍റെ ചക്ര പാദങ്ങള്‍ ഇഴഞ്ഞു നീങ്ങിയപ്പോള്‍ മനസ്സില്‍  ഏതോ ബുദ്ധക്ഷേത്രത്തിനകത്തുനിന്നോണം നേരിയ മന്ത്രധ്വനി ഇരമ്പുകയായിരുന്നു. ഞാന്‍ തായലണ്ട് തൊട്ടു.


തായലണ്ടിലെ ഈ വിമാനത്താവളത്തിന്റെ പേരും സുവര്‍ണ്ണഭുമിയെന്നാണ്. പണ്ട് അശോക ചക്രവര്‍ത്തി സോണ ഉത്തര എന്നീ രണ്ടു ഹീനയാന ബുദ്ധ ഭിക്ഷു ക്കളെ ബുദ്ധമത പ്രേഷിതപ്രവര്‍ത്തനത്തിനായി ഈ സുവര്‍ണ്ണഭുമിയിലേക്ക് അയച്ചെന്ന് ചരിത്ര രേഖകളുണ്ട്.

എന്നാല്‍ തെക്കുകിഴക്കേഷ്യയിലെ ബര്‍മ്മ, തായലണ്ട്, ലാവോസ്, കംബോ ഡിയ എന്നീ ഭുപ്രദേശങ്ങളെയും സുവര്‍ണ്ണ ഭുമിയെന്ന് വിളിച്ചുപോന്നിരുന്നെ ത്രേ. എന്തായാലും സ്വര്‍ണ്ണമഞ്ഞ മന്ദഹാസവുമായി നിലകൊള്ളുന്ന ബുദ്ധന്‍റെ ഈ ഭുമിയെ സുവര്‍ണ്ണഭുമിയെന്നുതന്നെ വിളിക്കേണ്ടിവരും.

പണ്ട് മോണ്കമര്‍ എന്നൊരു മാനവ വംശം ഇവിടെ നിലനിന്നിരുന്നു. പഴയ സുവര്‍ണ്ണ ഭുമിയുടെ തലസ്ഥാനം ദ്വാരാവതി ആയിരുന്നു. സംസ്കൃതത്തില്‍ നഗര പ്രഥമ എന്ന്‍ വിളിക്കുന്ന ഇന്നത്തെ നക്കോന്‍ പാദം. ഇന്നത്തെ ബാങ്ക് കോക്കില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലെയായിരുന്നു സുവര്‍ണ്ണ ഭുമിയെന്ന് ചരിത്രം പറയുന്നു. പാലിയും സംസ്കൃതവും കൂടിച്ചേര്‍ന്ന ഒരുതരം മണിപ്രവാള ഭാഷ യാണ്‌ ഇവിടുത്തെ തായ് ഭാഷ.

പല കാലഘട്ടങ്ങളിലായി പലയിടങ്ങളിലായി നിലനിന്നിരുന്ന തെക്കന്‍ ബുദ്ധ മത വിശ്വാസവും (ഹീനയാന) വടക്കന്‍ ബുദ്ധ മത വിശ്വാസവും (മഹായാന) ബര്‍മ്മ പ്രദേശത്തുനിന്നുവന്ന പാഗന്‍ ബുദ്ധ മത വിശ്വാസവും സിലോണില്‍  നിന്നുവന്ന ലങ്കാവംശ ബുദ്ധ മത വിശ്വാസവും ഇവിടെ വേരുപിടിച്ചിരുന്നു. കാലാന്തരത്തില്‍ മഹായാന ബുദ്ധ മത വിശ്വാസം ഇവിടെ ജനകീയമാവുക യായിരുന്നു.

ചൈനയിലെ ഹുയാങ്ങ്ഹോ-യാങ്ങ്സി നദി തടങ്ങളിലുണ്ടായിരുന്ന തായ് ഗോത്ര സംഘങ്ങള്‍ ചെറുതും വലുതുമായ സംഘം ചേര്‍ന്ന്‍ സുവര്‍ണ്ണ ഭുമിയില്‍ ആധിപത്യം സ്ഥാപിച്ചാണ് തായലണ്ട് ഉണ്ടായതെന്നും പറയപ്പെടുന്നു .

തെക്കുകിഴക്കേഷ്യയിലെ ഇന്തോ ചൈന ഉപ ദ്വീപിന്‍റെ മധ്യഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തെ വളരെ പണ്ട് സയാം എന്നാണ് വിളിച്ചുപോന്നിരുന്നത്‌ . വടക്ക് ബര്‍മ്മയും ലാവോസും , കിഴക്ക് കംബോഡിയയും ലാവോസിന്റെ ചില പ്രദേശങ്ങളും, തെക്ക് തായലണ്ട് കടലിടുക്കും മലേഷ്യയും ഈ രാജ്യത്തിന്റെ നാല് അതിര്‍ത്തികളാകുന്നു.  കൂടാതെ ഇന്തോനേഷ്യയും വിയറ്റ്നാമും ആന്റ മാന്‍ കടലും സമീപസ്ഥ അയല്‍ മേഘലകളാവുന്നുണ്ട് .

ഏകാധിപത്യ ഭരണ ഘടനയുള്ള ഈ രാജ്യം രാമപരമ്പരയിലെ രാജാക്കന്മാര്‍ ഭരിച്ചുപോരുന്നു . ഇപ്പോള്‍ രാമ ഒമ്പതാമനാണ് ഭരിക്കുന്നത്‌ . രാജാക്കന്മാര്‍ ബുദ്ധ മത വിശ്വാസികളാവണമെന്ന് ഭരണഘടനയുടെ അനുശാസനമുണ്ട് . 513000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇവിടുത്തെ ജനസംഖ്യ 64 ദശലക്ഷമാണ്. ലോക വിനോദ സഞ്ചാര ഭുപടത്തില്‍ നക്ഷത്ര പദവി അലങ്കരിക്കുന്നത് തയലണ്ടിന്റെ തലസ്ഥാനനഗരിയായ ബാങ്ക് കോക്ക്  ആണെന്നതും എടുത്തു പറയത്തക്കതാണ് .ജനസംഖ്യയുടെ 75 ശതമാനവും തായ് വംശജാരാണ്.  95 ശതമാനം ബുദ്ധ മത വിശ്വാസികളും .

തായ് എന്നാല്‍ തായ് ഭാഷയി ല്‍ സ്വാതന്ത്ര്യം എന്നാണര്‍ത്ഥം .അതെ , തായലണ്ട് സ്വാതന്ത്ര്യത്തിന്റെ നാടാണ് . മാത്രമല്ല , മന്ദഹസിക്കുന്ന ബുദ്ധന്റെ നാടുകൂടി യാണ് തായലണ്ട് . അതുകൊണ്ടുതന്നെ തായലണ്ട് സ്വാതന്ത്ര്യത്തിന്റെ പുഞ്ചിരി തൂകുന്ന നാടാണ് . ഈ നാടിന്റെ സ്വാതന്ത്ര്യവും ബുദ്ധന്റെ മന്ദഹാസവും അനു ഭവിക്കാന്‍, ആസ്വദിക്കാന്‍ ഞാനിവിടെ എത്തിയിരിക്കുന്നു .

ഡോ .സി .ടി .വില്യം 

തുടരും 

No comments:

Post a Comment